കവൻട്രി: യുകെ മലയാളികൾക്കും നെടുമ്പാശേരി വിമാനത്താവളത്തിനും ഒരുപോലെ പ്രധാനപ്പെട്ട ഒരു ദിനമായിരുന്നു ആദ്യമായി ഒരു വിമാനം ലണ്ടനിൽ നിന്നും നേരിട്ട് കൊച്ചിയുടെ മണ്ണിൽ പറന്നിറങ്ങിയത്. പല രാജ്യങ്ങൾ മാറിക്കയറിയുള്ള യുകെ മലയാളികളുടെ ദുരിതയാത്രയ്ക്കായിരുന്നു ഈ വിപ്ലവകരമായ ഈ തീരുമാനത്തോടെ അന്ത്യമായത്. യുകെ മലയാളികളുടെ സ്വന്തെമന്നും പറയാവുന്ന കൊച്ചിയിലേക്കുള്ള നേരിട്ടുള്ള എയർ ഇന്ത്യയുടെ വിമാനത്തിന് ഇപ്പോൾ അകാലമൃത്യു സംഭവിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ മാർച്ച് വരെയായിരിക്കും എയർ ഇന്ത്യ കൊച്ചി – ലണ്ടൻ വിമാനത്തിന്റെ അവസാന സർവീസെന്നാണ് വിവരം. മാർച്ച് 28നായിരിക്കും ഈ റൂട്ടിലെ അവസാന സർവീസ് ഗാറ്റ്വികിൽ നിന്നുും കൊച്ചിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാർച്ച് 29ന് കൊച്ചിയിൽ നിന്നും ഗാറ്റ്വിക്കിലേക്കും പറക്കുന്നതോടെ, വിമാനം സർവീസ് അവസാനിപ്പിക്കും. ഈ വേനൽക്കാല അവധി മുതൽ, ബുക്കിംഗ് സ്വീകരിക്കേണ്ടെന്ന് നിർദേശിച്ചുകൊണ്ടുള്ള സെയിൽസ് മാനേജർ ദീപകിന്റെ കത്ത് ബുക്കിംഗ് ഏജൻസിക്ക് ലഭിച്ചുകഴിഞ്ഞു.
29ന് ശേഷം ബുക്കിംഗ് എടുത്തിട്ടുള്ള യാത്രക്കാർക്ക് മറ്റ് വിമാനങ്ങൾ വഴി യുകെയിലേക്ക് എത്തിക്കാനായുള്ള സൗകര്യം എയർ ഇന്ത്യ ഒരുക്കും. യുകെയിൽ നിന്നും തിരികെ ബുക്ക് ചെയ്തവർക്കും സമാന രീതിയിൽ യാത്ര സാധ്യമാക്കുമെന്നാണ് വിവരം.
എന്നാൽ, സർവീസ് നിർത്തലാക്കുന്നതിനെ പറ്റി എയർ ഇന്ത്യ ഇതുവശരയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, എക്‌സിലെ വിവിധ പോസ്റ്റുകളിലായി ഇതുസംബന്ധിച്ചുള്ള വാർത്ത പ്രത്യക്ഷപ്പെടുന്നുണ്ട്.
നാലര വർഷം മാത്രമായിരുന്നു എയർ ഇന്ത്യയുടെ കൊച്ചി – ലണ്ടൻ വിമാനത്തിന് ആയുസുണ്ടായിരുന്നത്. ഏറ്റവും നിരുത്തരവാദിത്വപരമായ രീതിയിൽ കുത്തനെ നിരക്ക് കൂട്ടിക്കൊണ്ടായിരുന്നു ഈ റൂട്ടിൽ എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നതെന്ന ആക്ഷേപം നിരന്തരം ഉയർന്നിരുന്നു. ഓഫ് സീസണിൽ പോലും വിമാനം നിറയേ യാത്രക്കാരുമായി ആയിരുന്നു ഈ വിമാനം പറന്നിരുന്നത്.
ലണ്ടനിൽ നിന്നുും നേരിട്ട് കൊച്ചിയിൽ പറന്നിറങ്ങിയ വിമാനത്തെ 130 ഓളം യാത്രക്കാരാണ് സ്വീകരിച്ചത്. ആരംഭത്തിൽ ഹീത്രുവിൽ നിന്നും പിന്നീട്, ഒരു വർഷത്തിലേറെയായ സ്ലോട്ടുകളുടെ അഭാവത്തിൽ ഗാറ്റ്വിക്കിലേക്കും മാറിയ വിമാനം ആദ്യമേ തന്നെ മുഴുവൻ യാത്രക്കാരുമായാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ, എപ്പോൾ വേണമെങ്കിലും നിലച്ചു പോകാമെന്ന ഭയം സർവീസ് ആരംഭിച്ച കാലം മുതൽ തന്നെ, വിമാനത്തെ കുറിച്ച് ഉണ്ടായിരുന്നു. ഈ ഭയമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
Discussion about this post