ന്യൂഡൽഹി: ഡൽഹിയിലെ ജലവിതരണം തടസപ്പെടുത്താനായി ഹരിയാന സർക്കാർ യമുനാ നദിയിൽ വിഷം കലർത്തിയെന്ന വിവാദ പ്രസ്താവനയിൽ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുമ്പ് കോടതിയിൽ ഹാജരാകണമെന്ന് കൈജ്രിവാളിന് കോടതി നിർദേശം നൽകി. കോടതിയിൽ ഹാജരാകാത്ത പക്ഷം, കെജ്രിവാളിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹത്തിന് നൽകിയ നോട്ടീസിൽ പറയുന്നു. തന്റെ ആരോപണത്തിന് പിന്നിലെ കാരണം കോടതിയെ ബോധ്യപ്പെടുത്താനും യമുനാ നദി വിഷലിപ്തമാക്കുന്നുവെന്ന തന്റെ വാദങ്ങളെ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ സമർപ്പിക്കാനും കെജ്രിവാളിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു കെജ്രിവാളിന്റെ വിവാദ പ്രസ്താവന. 7 പിപിഎം അമോണിയ വിഷത്തിന് തുല്യമാണെന്നും യമുന നദിയെ വിഷലിപ്തമാക്കിക്കൊണ്ട് ബിജെപി സർക്കാർ ഡൽഹിയിലെ ജനങ്ങളുടെ ജീവനെ അപകടത്തിലാക്കുകയായിരുന്നുവെന്നും ആയിരുന്നു കെജ്രിവാളിന്റെ ആരോപണം. പ്രസ്താവന ആവർത്തിച്ച എഎപി നേതാവ്, യമുനയിലെ വെള്ളം കുടിക്കാനായി ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വെല്ലുവിളിച്ചിരുന്നു.
അതേസമയം, വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി യമുനാ ജലം കുടിച്ചുകൊണ്ട് കെജ്രിവാളിന് മറുപടി നൽകിയിരുന്നു. ഡൽഹിയിലെ പല്ല ഗ്രാമത്തിലെത്തി യമുനാ നദിയിലെ ജലം കുടിച്ച് കാണിച്ചുകൊണ്ടാണ് നായബ് സിംഗ് സെയ്‌നി, കെജ്രിവാളിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ചത്. കെജ്രിവാളിന്റെ പരാമർശം രാഷ്ട്രീയ പ്രേരിതവും ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാൻ വേണ്ടിയുള്ളതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യമുനയിൽ നിന്നും ജലം കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ എക്‌സിൽ പങ്കുവച്ചിരുന്നു.
‘അരവിന്ദ് കെജ്രിവാൾ നടത്തിയ ദൗർഭാഗ്യകരമായ പ്രസ്താവന രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ജനങ്ങളിൽ ഭയം നിറയ്ക്കാൻ വേണ്ടിയുള്ളതായിരുന്നു. ഇന്ന് ഞാൻ യമുനാ നദിയുടെ തീരങ്ങളിൽ എത്തിയിരിക്കുകയാണ്. യാതൊരു മടിയും കൂടാതെ തന്നെ ഈ പുണ്യനദിയിലെ ജലം ഞാൻ കുടിച്ചു. അതിഷി ഇവിടെ വന്നില്ല. പുതിയൊരു കള്ളം കണ്ടുപിടിക്കാനുള്ള തിരക്കിലായിരിക്കും അവർ. എഎപി വിളിച്ചുപറയുന്ന കള്ളങ്ങൾ ഫലം കാണാത്തത് ഇതുകൊണ്ടാണ്. ഡൽഹിയിലെ ദൈവതുല്യരായ ജനങ്ങൾ ഈ വഞ്ചരെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഫെബ്രുവരി 5ന് എഎപിയുടെ വഞ്ചനയുടെ യുഗം അവസാനിക്കും’- നായബ് സിംഗ് സെയ്‌നി എക്‌സിൽ കുറിച്ചു.
Discussion about this post