മുംബൈ: നെറ്റ്ഫ്‌ളിക്‌സ് ജനപ്രിയ വെബ് ഷോ ആയ സ്‌ക്വിഡ് ഗെയിമിന്റെ മൂന്നാം സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സ്‌ക്വിഡ് ഗെയിമിന്റെ അവസാന സീസണാണ് ഇത്. ദക്ഷിണ കൊറിയൻ സർവൈവൽ ത്രില്ലർ സീരീസാണ് സ്‌ക്വിഡ് ഗെയിം. ഫസ്റ്റ് ലുക്ക് ടീസറിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഈ വർഷം ജൂൺ 27ന് മൂന്നാം സീസൺ ഇറങ്ങും.
സീസൺ 2ന്റെ ആവേശകരമായ ക്ലൈമാക്‌സിനെ തുടർന്ന് അടുത്ത പാർട്ട് എന്താകുമെന്ന ആകാംഷയിലാണ് സ്‌ക്വിഡ് ഗെയിം ആരാധകർ. ഗെയിമിലെ പ്രധാന കഥാപാത്രമായ ലീ ജംഗ് – ജെ അവതരിപ്പിച്ച ഗി – ഹൺ ആളുകളുടെ ജീവൻ ഇല്ലാതാക്കുന്ന ഈ മത്സരം നിർത്താനുള്ള തന്റെ ദൗത്യം എങ്ങനെ പൂർത്തീകരിക്കുമെന്നാണ് ഓരോരുത്തരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ ഇറങ്ങിയത്. ഏഴ് എപ്പിസോഡുകളായിരുന്നു രണ്ടാം സീസണ് ഉണ്ടായിരുന്നത്. രണ്ടും മൂന്നും സീസണുകളും ഒരുമിച്ച് ചിത്രീഷരിച്ചതിനാൽ തന്നെ മൂന്നാം സീസൺ 2025ൽ തന്നെ പുറത്തിറങ്ങുമെന്ന് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരുന്നു. 2021ലാണ് സീസൺ വൺ ഇറങ്ങിയത്. ഷോയുടേത് അപ്രതീക്ഷിത വിജയമായതിനാല തന്നെ, മൂന്ന് വർഷമെടുത്തായിരുന്നു രണ്ടാം ഭാഗം ഇറക്കിയത്.
സീസൺ 2, 173 ദശലക്ഷത്തിലധികം വ്യൂസും 1.2 ബില്യൺ മണിക്കൂറിലധികം കാഴ്ച്ച സമയവുമാണ് ഇതുവരെ നേടിയത്. നെറ്റ്ഫ്‌ളിക്‌സിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഇതര സീരീസ് ആണ് സ്‌ക്വിഡ് ഗെയിം.
Discussion about this post