ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിക്കരികിലാണ് ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) ഉദ്യോഗസ്ഥനായ ശുഭാംശു ശുക്ല. ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. നാസയുടെ ആക്‌സിയം മിഷൻ 4ൻ്റെ പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ അഭിമാനമായ ഈ വ്യോമസേന ഉദ്യോഗസ്ഥനാണ്.
ബഹിരാകാശത്ത് യോഗ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്നാണ് ശുഭാംശു ശുക്ല വ്യക്തമാക്കുന്നത്. 14 ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് നാസയുടെ ആക്‌സിയം മിഷൻ. സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് ശുഭാംശു ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രിക സംഘം പുറപ്പെടുന്നത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിലും ശുഭാംശു ശുക്ല ഭാഗമാണ്. 1985 ഒക്ടോബർ 10ന് ഉത്തർപ്രദേശിൻ്റെ തലസ്ഥാനമായ ലഖ്‌നൗവിലാണ് ശുഭാംശു ശുക്ല ജനിച്ചത്. 2003ൽ എൻഡിഎയിൽ തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനത്തിന് ശേഷം വ്യോമയാനത്തിൽ പ്രാവീണ്യം നേടുകയും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുകയും ചെയ്തു.
2006 ജൂൺ 17-ന് ശുഭാംശു ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് ആയി വിജയ യാത്ര ആരംഭിച്ചു. 2019 ൽ അദ്ദേഹം വ്യോമസേനയിലെ വിംഗ് കമാൻഡർ പദവി നേടി.
ഗഗൻയാൻ ദൗത്യത്തിനായുള്ള പരിശീലനത്തിനായി ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാർ പ്രകാരം, 2021 ൽ ശുഭാംശു സഹ ഇന്ത്യക്കാരോടൊപ്പം മോസ്കോയിലെ ഗഗാറിൻ കോസ്മോനട്ട് പരിശീലന കേന്ദ്രത്തിലേക്ക് അയച്ചു. പിന്നീട് ശുഭാംശു ശുക്ലയെയും മറ്റൊരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഉള്ള ഇന്ത്യ-യുഎസ് സംയുക്ത ദൗത്യത്തിലേക്ക് തിരഞ്ഞെടുത്തതായി ഐഎസ്ആർഒ പ്രഖ്യാപിച്ചു . നാസയുടെ അംഗീകൃത സേവന ദാതാവായ ആക്‌സിയം സ്‌പേസ് ഇങ്കിൻ്റെ ശുപാർശ പ്രകാരമാണിത്.
എലോൺ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സിന്റെ സഹായത്തോടെ ആക്‌സിയോമും നാസയും ചേർന്നാണ് ആക്‌സിയം ദൗത്യം നിർവഹിക്കുന്നത്. ശുഭാംശു ശുക്ലയെ കൂടാതെ യുഎസ് കമാൻഡർ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള മിഷൻ സ്പെഷ്യലിസ്റ്റ് സ്ലാവോജ് ഉജ്നാൻസ്കി എന്നിവരും സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്.
Discussion about this post