തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ഹരികുമാർ സഹായിയായി പോയിരുന്ന ജ്യോത്സ്യൻ ശംഖുമുഖം ദേവീദാസൻ ആണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയത്. ഹരികുമാറിന്റെ വീട്ടിൽ പൂജ നടത്താൻ ഒരുങ്ങിയിരിക്കുമ്പോൾ ആണ് പോവീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന് ജ്യോത്സ്യൻ പറയുന്നു. സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഇയാൾ കൂട്ടിച്ചേർത്തു.
കോവിഡിന് മുമ്പാണ് പ്രതി ഹരികുമാർ തനിക്കൊപ്പം ജോലി ചെയ്തിരുന്നതെന്ന് ദേവീദാസൻ പറഞ്ഞു. ഹരികുമാറിന്റെ ശമ്പളം വാങ്ങാൻ സഹോദരി ശ്രീതുവും അമ്മയുമാണ് വന്നിരുന്നത്. ഇങ്ങനെയാണ് ഇവരെ പരിചയപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 35 ലക്ഷം രൂപ തനിക്ക് തന്നുവെന്ന ശ്രീതുവിന്റെ ആരോപണം തെറ്റാണ്. കള്ളപ്പരാതിയാണ് നൽകിയിരിക്കുന്നത്. പണം വാങ്ങേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. ജോത്സ്യന്മാരെ തെറ്റായി കാണിക്കാനുള്ള ഗൂഢാലോചനയാണിത്. അവരോട് തല മുണ്ഡനം ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടുവെന്ന് പരാതിയിലുണ്ട്. ദോഷം മാറാൻ അങ്ങനെ ചെയ്യണമെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഹരികുമാറിന്റെ പ്രതിഫലമായി 10,000 രൂപ സഹകരണസംഘത്തിൽ നിക്ഷേപിച്ചിരുന്നു. അതിന്റെ പാസ്ബുക്ക് എന്റെ പക്കലുണ്ട്. അത് കുടുംബത്തിന് കൊടുത്തിരുന്നില്ല. ഹരികുമാറിന് മാത്രമേ കൊടുക്കൂവെന്ന് തീരുമാനിച്ചിരുന്നു.
എനിക്ക് ആൺമക്കളില്ല, രണ്ടു പെൺമക്കളാണ്. അതുകൊണ്ട് ഹരികുമാറിനോടു പ്രത്യേക സ്നേഹം തോന്നിയിരുന്നു. അത് ഹരികുമാറിന്റെ അമ്മ തന്നെ ഇന്നലെ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഹരികുമാർ നന്നായി തിമില വായിക്കും. എഴുതാനോ വായിക്കാനോ അറിയില്ല. പണം എണ്ണാനോ കൈകാര്യം ചെയ്യാനോ അറിയാത്ത ഹരി അതിരാവിലെ എഴുന്നേറ്റ് വിളക്ക് വയ്ക്കുകയും പൂജാ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിൽ അന്ധവിശ്വാസത്തിന് ബന്ധമുണ്ടോ എന്നു പോലീസ് കണ്ടെത്തേണ്ട കാര്യമാണെന്ന് ജ്യോത്സ്യൻ പറയുന്നു.
Discussion about this post