ഹൈന്ദവ വിശ്വാസപ്രകാരം വസന്തത്തിന്റെ വരവറിയിക്കുന്ന പഞ്ചമിയിലെ വസന്തോത്സവ ദിനമാണ് നാളെ. ഈ വർഷത്തെ വസന്ത പഞ്ചമി ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. മഹാ കുംഭമേളയ്ക്കിടെ വരുന്ന വസന്ത പഞ്ചമി ഒരു മനുഷ്യായുസ്സിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. 2025 ലെ മഹാകുംഭമേളയിലെ മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ സ്നാന ഉത്സവമാണ് വസന്ത പഞ്ചമി ദിനത്തിൽ നടക്കുന്ന അമൃത സ്നാനം. പ്രയാഗ്‌രാജിൽ വസന്ത പഞ്ചമി അമൃത സ്നാനത്തിനായി ഭരണപരവും സുരക്ഷാപരവുമായ ഒരുക്കങ്ങൾ പൂർത്തിയായി.
ശകവർഷ മാഘ മാസ പഞ്ചമി ദിവസമാണ് സരസ്വതി ദേവി ഭൂമിയിൽ അവതരിച്ചത് എന്നാണ് ഹൈന്ദവ വിശ്വാസം. മാഘ മാസത്തിലെ വെളുത്ത പക്ഷത്തിന്റെ അഞ്ചാം ദിവസം ആണ് വസന്ത പഞ്ചമി വരുന്നത്. അതിനാൽ ഈ ദിവസം വിദ്യയുടെ ദേവിയായ സരസ്വതി ദേവിയെ പ്രാധാന്യത്തോടെ പൂജിക്കുന്ന ദിവസമാണ്. എല്ലാ ശുഭകാര്യങ്ങളുടെയും തുടക്കത്തിനും വിദ്യാരംഭത്തിനും വസന്ത പഞ്ചമി ദിനം ഉത്തമമായി കരുതപ്പെടുന്നു. കേരളത്തിൽ വിജയദശമി ദിവസമാണ് സരസ്വതി പൂജയും വിദ്യാരംഭവും പ്രാധാന്യത്തോടെ നടക്കുന്നതെങ്കിൽ ഉത്തരേന്ത്യയിൽ വസന്ത പഞ്ചമി ദിനത്തിലാണ് വിദ്യാരംഭം നടക്കുക. സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ജന്മദിവസമായാണ് ഈ ദിവസം അറിയപ്പെടുന്നത്.
എല്ലാ ഋതുക്കളുടെയും രാജാവ് ആയാണ് വസന്ത ഋതു അറിയപ്പെടുന്നത്. മാഘ മാസം ആത്മീയമായി മഹത്ത്വമേറിയതായി അറിയപ്പെടുന്നതാണ്. പൊതുവെ ഈ മാസത്തിൽ പവിത്രമായ തീർത്ഥക്ഷേത്രങ്ങളിൽ സ്നാനം ചെയ്യുന്നതിനും മഹത്ത്വമുണ്ട്. എന്നാൽ ഈ വർഷം എല്ലാത്തിലും ഉപരിയായി വസന്ത
പഞ്ചമി ദിനം മഹാകുംഭത്തിലാണ് എന്നുള്ളതും ഈ വർഷത്തെ വസന്ത പഞ്ചമിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇത് കൂടാതെ ഈ വർഷത്തെ വസന്തപഞ്ചമി ദിനത്തിൽ ജ്യോതിഷപരമായി സവിശേഷമായ ഒരു ഗ്രഹയോഗവും നടക്കുന്നുണ്ട്.
ഈ വർഷത്തെ വസന്ത പഞ്ചമി ദിനത്തിൽ ബുധൻ, വ്യാഴം, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ ചേർന്ന് ത്രിഗ്രഹയോഗം സൃഷ്ടിക്കുന്നുണ്ട്. ഇത് സരസ്വതി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭ്യമാക്കുന്നതാണെന്ന് കരുതപ്പെടുന്നു. അറിവ്, സമ്പത്ത്, വിജയം, ആത്മീയ പുരോഗതി എന്നിവയ്ക്ക് ഈ ദിനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസത്തിൽ പുണ്യതീർത്ഥത്തിൽ സ്നാനം നടത്തുന്നതും ഏറെ പുണ്യകരമായാണ് കരുതപ്പെടുന്നത്.
Discussion about this post