മുംബൈ: പൊതുജന ആരോഗ്യ സംരക്ഷണത്തിനായുള്ള കേന്ദ്രസർക്കാർ പദ്ധതികളെ പ്രശംസിച്ച് ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി. ലോക ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സന്ദേശം പങ്കുവയ്ക്കുന്നതിനിടെ ആയിരുന്നു താരം കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് പരാമർശിച്ചത്. ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നീ പദ്ധതികൾ ക്യാൻസർ ചികിത്സാ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചുവെന്ന് ഹാഷ്മി പറഞ്ഞു.
ഇമ്രാൻ ഹാഷ്മിയുടെ മകന് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. അപ്പോഴുണ്ടായ അനുഭവം പറഞ്ഞുകൊണ്ടായിരുന്നു ഹാഷ്മി ക്യാൻസർ ദിനത്തോട് അനുബന്ധിച്ചുള്ള സന്ദേശം അദ്ദേഹം പങ്കുവച്ചത്. അയാന് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ലോകം മുഴുവൻ കീഴ്‌മേൽ പറഞ്ഞതായാണ് തോന്നിയത് എന്ന് ഹാഷ്മി പറഞ്ഞു. പക്ഷെ അവന്റെ മനോധൈര്യവും മറ്റുള്ളവരിൽ നിന്നും ലഭിച്ച പിന്തുണയും രോഗം കൃത്യമസയത്ത് കണ്ടെത്താൻ കഴിഞ്ഞതും രോഗത്തിനോട് യുദ്ധം ചെയ്യാൻ ഞങ്ങൾക്ക് ഏറെ സഹായകമായി.
രക്ഷിതാക്കൾ എന്ന നിലയിൽ ഈ യാത്ര എത്രത്തോളം കഠിനമാണെന്ന് ഞങ്ങൾക്ക് അറിയാം. കേന്ദ്രസർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരത്, പിഎംജെ എന്നിവ ക്യാൻസർ ചികിത്സാ രംഗത്ത് വലിയ വിപ്ലവം ആയിരുന്നു. ഇന്ത്യയെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ഈ പദ്ധതി വലിയ ആശ്വാസം ആണ്. പദ്ധതികൾ ക്യാൻസർ ചികിത്സ നൽകുന്ന സാമ്പത്തിക ബാദ്ധ്യതയിൽ നിന്നും നിരവധി ആളുകളെയാണ് രക്ഷിച്ചതെന്നും ഹാഷ്മി കൂട്ടിച്ചേർത്തു.
2014 ൽ ആയിരുന്നു അയാന് ക്യാൻസർ സ്ഥിരീകരിച്ചത്. പിന്നീട് 5 വർഷം നീണ്ട ചികിത്സയ്‌ക്കൊടുവിൽ 2019 ലാണ് അയാൻ രോഗവിമുക്തി നേടിയത്.
Discussion about this post