ഒന്നാം പിണറായി മന്ത്രിസഭയിലെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാൻ പോവുകയാണ്. കേസിൽ വിചാരണ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് പ്രസക്തമാണ്.ഇതോടെ എന്തായിരുന്നു മുൻമന്ത്രി ഉൾപ്പെട്ട ആ പ്രമാദമായ കേസ് എന്ന് ആളുകൾ ചർച്ച ചെയ്യുകയാണ്.
1991ൽ പുറത്തിറങ്ങിയ ശ്രീനിവാസൻ-സുരേഷ് ഗോപി ചിത്രത്തിൽ, മയക്കുമരുന്ന് കേസിൽ അകപ്പെട്ട ഒരു വിദേശിയെ അടിവസ്ത്രം മാറ്റി രക്ഷിച്ചെടുക്കുന്ന ഒരു രംഗമുണ്ട്. അത് തന്നെയാണ് മുൻമന്ത്രി ഉൾപ്പെട്ട കേസിലെ പ്ലോട്ടും. ഒരു കേസിൽ അടിവസ്ത്രം നിർണായക തെളിവാകുകയും ഇതിന്റെ പേരിൽ പ്രമുഖ രാഷ്ട്രീയ നേതാവ് പ്രതി ചേർക്കപ്പെടുകയും ചെയ്തുവെന്നതാണ് ഈ കേസിനെ ഓരോ ഘട്ടത്തിലും വാർത്താപ്രാധാന്യം ഉള്ളതാക്കുന്നത്.
1990 ഏപ്രിൽ 4 ന് അടിവസ്ത്രത്തിൽ ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആൻഡ്രൂസാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാവുന്നു. അന്ന് വഞ്ചിയൂർ കോടതിയിലെ ജൂനിയർ അിഭാഷകനായിരുന്നു ആന്റമി രാജു. തന്റെ സീനിയറായ സെലിൻ വിൽഫ്രഡുമായി ചേർന്ന് വക്കാലത്തെടുത്ത് കേസ് നടത്തിയെങ്കിലും പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ചു. എന്നാൽ ഇതിൽ തോൽക്കാൻ തയ്യാറല്ലാതിരുന്ന ആന്റണി രാജു,മുതിർന്ന അഭിഭാഷകനായ കുഞ്ഞിരാമ മേനോനെ ഇറക്കി ഹൈക്കോടതിയിൽ അപ്പീൽ നൽകി വിധി പ്രതിക്ക് അനുകൂലമാക്കി.
ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കം. പ്രതിയായ ആൻഡ്രൂ സാൽവദോർ സർവലിക്ക് അനുകൂല വിധിലഭിക്കാൻ കാരണമായത് കോടതിൽ ഹാജരാക്കിയ അടിവസ്ത്രമായിരുന്നു. പോലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദമാണ് പ്രതിഭാഗമുയർത്തിയത്. പ്രതിക്ക് ഉപയോഗിക്കാൻ കഴിയാത്ത അളവിലുള്ള വസ്ത്രം തൊണ്ടി മുതലായതോടെ കൃത്രിമം നടന്നുവെന്ന് പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജയമോഹൻ വിജിലൻസ് ഹൈക്കോടതിയെ സമീപിച്ചു.
ഇതിനിടെ 1991 മാർച്ച് ആദ്യം ഓസ്‌ട്രേലിയയിലെത്തിയ ആൻഡ്രൂ സാൽവദോർ 1995 അവസാനം അവിടെയൊരു കൊലക്കേസിൽ അറസ്റ്റിലാകുന്നുതോടെയാണ് അയാളുടെ സുഹൃത്ത് ഈ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തുന്നത്. കോടതി ജീവനക്കാരന് കൈക്കൂലി നൽകി വശത്താക്കി തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ. 1996 ജനുവരിയിൽ ഇന്റർപോളിന്റെ ഒരു കത്ത് ഇന്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് എത്തി. ഈ കത്തിലാണ് വെളിപ്പെടുത്തലിനെ സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നത്മൂന്നുവർഷത്തെ പരിശോധനക്ക് ശേഷം വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
തുടർന്ന് 1994-ൽ തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. എന്നാൽ,കേസിൽ തെളിവില്ലെന്ന റിപ്പോർട്ടാണ് പോലീസ് 2002ൽ കോടതിയിൽ സമർപ്പിച്ചത്. 2005ൽ കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐജി ടി പി സെൻകുമാർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവർ കേസിലേക്ക് വരുന്നത്. ഇതിനിടെ ആന്റണി രാജു എംഎൽഎ ആയി. 2006ൽ തിരുവനന്തപുരം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ആന്റണി രാജു, കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്ക് എസ് ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. കോടതിയിൽ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. ഗൂഢാലോചന, രേഖകളിൽ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നിവയാണ് കുറ്റങ്ങൾ.
മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും എട്ട് വർഷം കേസ് എവിടെയും എത്താതെ കിടന്നു. കേസിലെ പ്രതിയായ കെ എസ് ജോസ് ഇതേ കോടതിയിൽ ജീവനക്കാരനാണെന്ന് ചൂണ്ടികാണിച്ച് 2014ൽ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. കേസിൽ തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന കോടതിയിലെ രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുകയാണ് പതിവ്. ഇങ്ങനെ മാറ്റിയ തൊണ്ടി കോടതിയുടെ അനുമതിയില്ലാതെ പുറത്തേക്കെടുക്കാൻ പോലും സാധിക്കില്ല. എന്നാൽ ഈ കർശന വ്യവസ്ഥകൾ അട്ടിമറിച്ച് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ് ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയെന്നാണ് ആരോപണം. വെട്ടിതൈച്ച് അടിവസ്ത്രം കൊച്ചുകുട്ടികളുടെ അളവിലേക്ക് മാറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
അന്നു മുതൽ 22 തവണ കേസ് പരിഗണിച്ചെങ്കിലും പ്രതികൾ ഹാജരാകുകയോ കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയോ ചെയ്തില്ല. തുടർന്ന് ഹൈക്കോടതി രജിസ്ട്രാർ ഇടപെട്ടു.കേസ് പുനരന്വേഷിക്കാൻ 2023-ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Discussion about this post