വ്യക്തമായ ചില കണക്കുകൂട്ടലുകളോടെ രണ്ടാം തവണ അമേരിക്കയുടെ അധികാര കസേരയിൽ ഇരിപ്പുറപ്പിച്ചയാളാണ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് ചില മാറ്റങ്ങൾ അനിവാര്യമാണെന്നും അത് ഏത് വിധേനെയും നടപ്പിലാക്കണമെന്നുമുള്ള അദ്ദേഹത്തിന്‌റെ ദൃഢനിശ്ചയത്തിന്റെ അലയൊലികളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് കാണുന്നത്. അധികാരമേറ്റയുടനെ അദ്ദേഹം തന്റെ ലക്ഷ്യപൂർത്തീകരണത്തിനായുള്ള പാതയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പ്രസിഡന്റായതിന് ശേഷം ട്രംപ് കൊണ്ടുവന്ന ആദ്യ ഉത്തരവ് ട്രാൻസ് ജെൻഡറുകൾക്കെതിരെയായിരുന്നു.
ടാൻസ്‌ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കണമെന്നും രാജ്യത്ത് ഇനി സ്ത്രീ,പുരുഷൻ എന്നീ രണ്ടുതരം ആളുകൾ മാത്രമേ ഉണ്ടാവൂ എന്നായിരുന്നു ആ ഉത്തരവ്. അമിതമായ വർഗീയ സിദ്ധാന്തമോ, ട്രാൻസ്‌ജെൻഡർ ഭ്രമമോ, അനുചിതമായ വർഗ-ലിംഗ- രാഷ്ട്രീയ ചിന്തകളോ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ഏതു സ്ഥാപനത്തിനെതിരെയും കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ട്രംപ് തന്റെ പ്രഥമ സ്ഥാനാരോഹണവേളയിൽ പറഞ്ഞത്
ഇതോടെ ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റിയോട് കൂടി ജീവിക്കുന്ന നിരവധി ആളുകളുടെ പാസ്‌പോർട്ട് രേഖകളടക്കം തിരുത്താനുള്ള നടപടികളും അധികൃതർ ആരംഭിച്ചിരുന്നു.
ഇത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെ,ട്രാൻസ് കമ്യൂണിറ്റിയ്ക്ക് മേൽ, ഇടിത്തീപോലെ മറ്റൊരു ഉത്തരവെത്തി, ട്രാൻസ് വിഭാഗങ്ങളിലുള്ള തടവുകാർക്കെതിരെയായിരുന്നു ട്രംപിന്റെ അടുത്ത നടപടി. ഫെഡറൽ ജയിലുകളിൽ കഴിയുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള തടവുകാരെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റാൻ അദ്ദേഹം നിർദ്ദേശിച്ചു. ലിംഗമാറ്റ ചികിത്സാ സംബന്ധിയായ എല്ലാ സഹായങ്ങളും തടവുകാർക്ക് നിഷേധിക്കാനും ട്രംപിന്റെ ഉത്തരവ് വിശദമാക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. അവിടെയും തീർന്നില്ല ട്രംപിന്റെ ട്രാൻസുകളോടുള്ള വിരക്തി, സൈന്യത്തിൽ നിന്നും ട്രാൻസുകളെ ഒഴിവാക്കാനുള്ള നീക്കവും അദ്ദേഹം നടത്തി. നിലവിലുള്ള ട്രാൻസ്‌ജെൻഡറുകൾക്ക് സർവ്വീസിൽ തുടരാമെന്നും എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു.
ഇപ്പോഴിതാ വനിതകളുടെ കായിക ഇനങ്ങളിൽ നിന്ന് ടാൻസ്‌ജെൻഡർ വിഭാഗത്തിലുൾപ്പെട്ടവരെ ഒഴിവാക്കുന്ന ഉത്തരവിൽ ഒപ്പുവച്ചിരിക്കുകയാണ് ട്രംപ്. വനിതാ അത്ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരിക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും” ട്രംപ് പറഞ്ഞു. ട്രാൻസ്‌ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുൾപ്പെട്ടവരെ പുരുഷൻമാർ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ ടീമുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന സ്‌കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരവും ഈ ഉത്തരവ് നൽകുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ വനിതാ അത്ലറ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തി കള്ളത്തരം കാണിച്ച് യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരുടെ വിസ അപേക്ഷകൾ നിരസിക്കാൻ നിർദേശിച്ചതായും ട്രംപ് വ്യക്തമാക്കി. ഓരോ ദിവസം കഴിയും തോറും, അമേരിക്കയിൽ ആണും പെണ്ണും മതിയെന്ന തന്റെ പ്രഖ്യാപിത നയത്തിൽ നിന്ന് തെല്ലും മാറ്റമില്ലെന്ന് ഉറപ്പിക്കുകയാണ് രണ്ടാം ഊഴത്തിന് ഇറങ്ങിപ്പുറപ്പെട്ട ഡൊണാൾഡ് ട്രംപ്.
Discussion about this post