ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ‘സബ് കാ സാത്ത് സബ് കാ വികാസ്’ (എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം) എന്നത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും സ്വപ്‌നം പോലും കാണാൻ കഴിയില്ലെന്ന് മോദി കൂട്ടിച്ചേർത്തു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി നൽകിക്കൊണ്ട് സംകാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നത് കോൺഗ്രസിൽ നിന്നും സങ്കൽപ്പിക്കാൻ പോലുമാകില്ല. ‘രാഷ്ട്രം ആദ്യം’ എന്നതാണ് ബിജെപിയുടെ വികസന മാതൃക. എന്നാൽ, ‘കുടുംബം ആദ്യം’ എന്നതാണ് കോൺഗ്രസിന്റെ മാതൃക. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നത്
‘കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്നത് വലിയ തെറ്റായിരിക്കും. അത് അവരുടെ ചിന്തയ്ക്ക് അപ്പുറമാണ്. മാത്രമല്ല അവരുടെ രൂപരേഖയ്ക്ക് അനുയോജ്യവുമല്ല. കാരണം, മുഴുവൻ പാർട്ടിയും ഒരു കുടുംബത്തിന് മാത്രമായി സമർപ്പിച്ചിരിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
തന്റെ സർക്കാർ തുഷ്ടികരൺ (പ്രീണനത്തിന്) പകരമായി സന്തുഷ്ടികരൺ (സംതൃപ്തി)ലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2014ന് ശേഷം, ഇന്ത്യയ്ക്ക് ഒരു ബദൽ ഭരണ മാതൃക ലഭിച്ചു. ഈ മാതൃക പ്രീണനത്തില്ല, സംതൃപ്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഇന്ത്യയുടെ ഭരണഘടനയുടെ ശില്പിയായ ബി ആർ അംബേദ്കറിന് ഭാരതരത്‌ന നിഷേധിച്ചത് കോൺഗ്രസാണ്. അംബേദ്കറിനെതിരെ കോൺഗ്രസിന് കടുത്ത വെറുപ്പ് ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അംബേദ്കറിനെതിരെ കോൺഗ്രസ് ഗൂഢാലോചന നടത്തി. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപ്പിക്കാൻ രണ്ട് തവണ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് അവർ ‘ജയ് ഭീം’ പറയാൻ നിർബന്ധിതരാകുന്നു. നിറം മാറുന്നയിലും കോൺഗ്രസ് വളരെ സമർത്ഥരാണ്. വളരെ വേഗത്തിൽ മുഖംമൂടി മാറ്റാൻ അവർക്ക് കഴിയുമെന്നത് ഇതിൽ നിന്നും വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിൽ ജാതി വിഷം പടർത്താനുള്ള ശ്രമങ്ങളും നടക്കുകയാണ്. വർഷങ്ങളായി, എല്ലാ പാർട്ടികളിലെയും ഒബിസി എംപിമാർ ഒബിസി പാനലിന് ഭരണഘടനാ പദവി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തിന് അത് അനുയോജ്യമല്ലാത്തത് കൊണ്ടാകും അവരുടെ ആവശ്യം നിരസിക്കപ്പെട്ടിരുന്നത്. എന്നാൽ തങ്ങൾ ഈ പാനലിന് ഭരണഘടനാ പദവി നൽകിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post