തിരുവനന്തപുരം: എസ്എഫ്‌ഐ വിചാരിച്ചാൽ തിരുവനന്തപുരം നഗരം നിശ്ചമാകുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഇതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതിയെന്നും ആർഷോ വ്യക്തമാക്കി. പുതിയ വിദ്യാർത്ഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വിസി അനുവദിക്കാത്തതിലും, പോലീസ് നടപടിയിലും പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആയിരുന്നു ആർഷോയുടെ പ്രതികരണം.
തിരുവനന്തപുരം നഗരം ചലിക്കരുതെന്ന് എസ്എഫ്‌ഐ തീരുമാനിച്ചാൽ പിന്നെ അതിൽ മാറ്റമില്ല. വിചാരിച്ചത് പോലെ നടക്കും. അതിന് കേരളത്തിൽ നിന്നുള്ള എസ്എഫ്‌ഐക്കാർ മുഴുവനും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതി. മാതൃകാപരമായി അനിശ്ചിത കാല സമരവുമായി മുന്നോട്ട് പോകാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. വി.സി മോഹൻ കുന്നുമ്മലിന് എസ്എഫ്‌ഐക്കാരെ കണ്ടാൽ ഹാലിളകും. അതുകൊണ്ടാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട യൂണിയനെ പ്രവർത്തിക്കാൻ അനുവദിക്കാത്തതെന്നും ആർഷോ പറഞ്ഞു.
കർണാടകയിൽ നിങ്ങൾക്ക് നാലും മൂന്നും ഏഴ് എബിവിപിക്കാരെയാകും കാണാൻ കഴിയുക. അവരല്ല കേരളത്തിലെ എസ്എഫ്‌ഐ. സർവ്വകലാശാലയുടെ പടിവാതിൽക്കൽ എസ്എഫ്‌ഐ സമരം പുന:രാരംഭിക്കുകയാണ്. ജനാധിപത്യപരമായി സമരം മുന്നോട്ട്‌പോകുമെന്നും ആർഷോ കൂട്ടിച്ചേർത്തു.
മോഹൻ കുന്നുമ്മലിന് നേരെ ആർഷോ ഭീഷണിയും മുഴക്കി. തൃശ്ശൂരിലെ വീട് വിട്ട് പുറത്തിറങ്ങാൻ അനുവദിക്കില്ലാ എന്നായിരുന്നു ആർഷോയുടെ ഭീഷണി. ഹാലിളകിയാൽ നിലയ്ക്ക് നിർത്താൻ അറിയാം, ‘ കുന്നമ്മൽ മോഹനാ, നിനക്ക് നിന്റെ വീട് വിട്ട് പുറത്തിറങ്ങാൻ കഴിയില്ല’ എന്നിങ്ങനെ ആയിരുന്നു ആർഷോയുടെ പരാമർശം.
വ്യാഴാഴ്ച രാവിലെ മുതൽ ആയിരുന്നു ആർഷോയുടെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐക്കാർ കേരള സർവ്വകലാശാലയ്ക്ക് മുൻപിൽ പ്രതിഷേധം ആരംഭിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്നും ആരംഭിച്ച മാർച്ച് സർവ്വകലാശാല പരിസരത്തേയ്ക്ക് എത്തുകയായിരുന്നു. പ്രതിഷേധക്കാരെ തടയാൻ ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇത് എസ്എഫ്‌ഐക്കാർ മറികടന്ന് സർവ്വകലാശാലയുടെ മുറ്റത്തേയ്ക്ക് പ്രവേശിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
Discussion about this post