ശ്രീനഗർ: ജമ്മു കശ്മീരിൽ അശാന്തിപടർത്താൻ പുതിയ കുതന്ത്രങ്ങൾ മെനഞ്ഞ് പാകിസ്താൻ. ജമ്മു കശ്മീരിൽ പ്രാദേശിക ഭീകരവാദം വളർത്തി രാജ്യത്തെ തകർക്കുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നാണ് വിവരം. പാക് ചാര സംഘടനയായ ഐഎസ്‌ഐയും ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനും തമ്മിലാണ് ഈ ഒത്തുകളി. ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചുവെന്ന് ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.
സ്‌പെഷ്യൽ സർവ്വീസ് ഗ്രൂപ്പ് കമാൻഡർമാരെയാണ് ലഷ്‌കർ ഇ ത്വയ്ബ ദൗത്യം നിറവേറ്റാൻ നിയോഗിക്കുന്നത്. അടുത്തിടെയായി ഇന്ത്യയോട് ചേർന്നുള്ള പാകിസ്താൻ മേഖലയിൽ ഇവരുടെ സാന്നിദ്ധ്യം വർദ്ധിച്ചിട്ടുണ്ട്. യഥാർത്ഥ നിയന്ത്രണരേഖയിൽ ഭീകര പരിശീലന ക്യാമ്പുകളും വർദ്ധിച്ചിട്ടുണ്ട്. കശ്മീരിൽ ഭീകരവാദം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കങ്ങൾ.
ജമ്മു കശ്മീരിൽ ആഴത്തിൽ വേരിറങ്ങിയ സംഘടനയാണ് ഹിസ്ബുൾ മുജാഹിദ്ദീൻ. പ്രദേശത്തെ ഭീകരവാദം പൂർണമായി അവസാനിക്കണം എങ്കിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ വേരറുക്കുക തന്നെ വേണം. ഇതിനായുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സുരക്ഷാ സേന വിജയിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഭീകരവാദ പ്രവർത്തനങ്ങൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇത് കശ്മീർ സ്വന്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നാണ് പാകിസ്താന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് പ്രാദേശിക ഭീകരവാദം ശക്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
കശ്മീർ താഴ്‌വരയിലെ വിഘടനവാദികളുമായി ഹിസ്ബുൾ മുജാഹിദ്ദീൻ നേതാക്കൾ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് ഏറെ അപകടകരമാണ്. വരും നാളുകളിൽ കശ്മീർ വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾക്കാണ് സാക്ഷിയാകുക എന്ന് മാത്രവുമല്ല, സൈനികർക്ക് നേരെ കല്ലേറുൾപ്പെടെയുണ്ടാകാനും സാദ്ധ്യതയുണ്ട്.
അതേസമയം എന്തെല്ലാം തന്ത്രങ്ങൾ മെനഞ്ഞാലും പാകിസ്താന്റെ പദ്ധതികൾ നടക്കാൻ പോകുന്നില്ലെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. ഇനിയും കശ്മീരിൽ ഭീകരവാദം പടർത്തുക എന്നത് ഐഎസ്‌ഐയെ സംബന്ധിച്ച് ഏറെ ശ്രമകരമായ ഒന്നാകും. അതിർത്തിയിൽ അതിശക്തമായ ജാഗ്രതയാണ് ഇന്ത്യൻ സേന പുലർത്തുന്നത്. അതിനാൽ അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താന് ഇനി സാധിക്കുകയില്ല. അതുകൊണ്ടാണ് പ്രദേശവാസികളിൽ ഭീകരവാദം പടർത്താൻ ശ്രമിക്കുന്നത്.
എന്നാൽ മുൻ തവണകളിലെ പോലെ മാരകമായ പ്രഹരം ഉണ്ടാക്കാൻ പാകിസ്താന് ഇനി സാധിക്കുകയില്ല. മുൻകാലങ്ങളിൽ ഇന്ത്യൻ സേന നൽകിയ മറുപടികൾ ഇവർക്ക് മുൻപിൽ ഉണ്ട്. ഹിസ്ബുൾ മുജാഹിദ്ദീന്റെ മുഴുവൻ നേതാക്കളെയും കശ്മീരിൽ നിന്നും ഇല്ലാതെ ആക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സേന വ്യക്തമാക്കുന്നു.
Discussion about this post