തിരുവനന്തപുരം: കേരളം പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബജറ്റ് ഇന്ന്. രാവിലെ ഒൻപത് മണിയ്ക്ക് ധനമന്ത്രി കെ. എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് കൂടിയാണ് ധനമന്ത്രി ഇന്ന് അവതരിപ്പിക്കുന്നത്.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ഒരാഴ്ച പിന്നിടുന്നതിന് മുന്നോടിയായിട്ടാണ് സംസ്ഥാന ബജറ്റ്. പിണറായി സർക്കാരിന്റെ അവസാന ബജറ്റ് കൂടിയായതിനാൽ നിർണായക പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് നേട്ടമാകുന്ന പ്രഖ്യാപനങ്ങൾ ഇക്കുറി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ തദ്ദേശീയ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. അതുകൊണ്ട് തന്നെ ക്ഷേമ പെൻഷൻ വർദ്ധനവിലൂടെ നേട്ടമുണ്ടാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകും.
പെൻഷനിൽ 100 മുതൽ 200 രൂപവരെയുള്ള വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 150 രൂപ വർദ്ധിപ്പിച്ച് ക്ഷേമ പെൻഷൻ 1750 ആക്കണം എന്ന ശുപാർശ നിലവിൽ സർക്കാർ മുൻപാകെ ഉണ്ട്.
നാലാം ബജറ്റ് ആയതിനാൽ ഇതൊരു ജനപ്രിയ ബജറ്റ് ആയിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അതിശക്തമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കൂടിയാണ് സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ഇത് സാധാരണക്കാർക്ക് അത്രയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തുന്നത്.
നികുതിയിൽ ഉൾപ്പെടെ വർദ്ധനവ് ഉണ്ടാകാനാണ് സാദ്ധ്യത. പുതിയ സെസുകൾക്കും സാദ്ധ്യതയുണ്ട്. സേവനങ്ങൾക്കുള്ള ഫീസുകൾ വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാൻ കഴിയില്ല. പിഴ തുകകളും വർദ്ധിപ്പിക്കും. കഴിഞ്ഞ ബജറ്റിലും വിവിധ ഫീസുകളും പിഴ തുകകളും സർക്കാർ ഉയർത്തിയിരുന്നു. കോടതി ഫീസുകൾ ഉൾപ്പെടെയാണ് വർദ്ധിപ്പിച്ചിരുന്നത്.
വയനാടിന്റെ പുന:രധിവാസത്തിനായുള്ള പ്രഖ്യാപനങ്ങളും ഇക്കുറി ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. വയനാടിന് പ്രത്യേക പാക്കേജ് നൽകിയേക്കും. ദുരിത ബാധിതകർക്കുള്ള ധനസഹായവും തുടരും. വിഴിഞ്ഞം തുറമുഖത്തിന് ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.
തുറമുഖത്തിന്റെ വികസനത്തിന് ഊന്നൽ നൽകികൊണ്ടുള്ള പ്രഖ്യാപനങ്ങൾക്കാണ് സാദ്ധ്യത. കഴിഞ്ഞ ബജറ്റിൽ 1000 കോടി രൂപയായിരുന്നു വിഴിഞ്ഞത്തിനായി സർക്കാർ മാറ്റിവച്ചിരുന്നത്.ഇക്കുറി ഈ തുക ഉയരും.
സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം. സർക്കാർ ആശുപത്രികളിൽ പ്രീമിയം ചികിത്സ ഏർപ്പെടുത്തുന്നതും ബജറ്റിൽ പരിഗണിക്കും. ഇലക്ട്രോണിക് വാഹനങ്ങൾക്ക് നിലവിൽ നൽകിയിരിക്കുന്ന നികുതി ഇളവ് സർക്കാർ പിൻവലിക്കാൻ സാദ്ധ്യതയുണ്ട്. പെൻഷൻ പ്രായം ഉയർത്തുന്നതുമോ എന്നതും ഇത്തവണത്തെ ബജറ്റിൽ കേരളം ഉറ്റുനോക്കുന്നുണ്ട്.
Discussion about this post