കേരളക്കരയാകെ ഞെട്ടിയ കേസായിരുന്നു ഭാസ്‌കര കാരണവർ കൊലക്കേസ്. പ്രണയവും പകയും ഒരുപോലെ ഇഴചേർന്ന ഈ കൊലക്കേസിലെ ഇര അമേരിക്കൻ മലയാളിയായിരുന്ന ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവർ എന്ന 65 കാരനും പ്രതി ഇളയ മകൻ ബിനുപീറ്ററിന്റെ ഭാര്യ ഷെറിനുമായിരുന്നു. 2009 നവംബർ ഏഴിന് നടന്ന കൊലപാതകത്തിൽ ശിക്ഷ ലഭിച്ച ഷെറിൻ ഈ അടുത്താണ് ജയിൽ മോചിതയായത്. ഷെറിന്റെ ജയിൽമോചനവും മന്ത്രിസഭയുടെ ഇടപെടലുകളും വലിയ വിവാദത്തിന് വഴിതെളിച്ചു. ഉന്നതബന്ധങ്ങളാണ് ഷെറിറിന്റെ മോചനത്തിന് വഴിവച്ചതെന്നായി റിപ്പോർട്ടുകളും ഉയർന്നുവന്ന ആരോപണങ്ങളും. അതിനെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഷെറിനെതിരെ സഹതടവുകാരിയായിരുന്ന സുനിതയാണ് രംഗത്തെത്തിയത്. അട്ടക്കുളങ്ങര ജയിലിൽ ഷെറിന് സുഖജീവിതം ആയിരുന്നുവെന്നും വിഐപി പരിഗണന ലഭിച്ചുവെന്നും സുനിത ആരോപിക്കുന്നു. ഷെറിന് ജയിലിൽ മൊബൈൽഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും ലഭിച്ചതായും, വിഐപി പരിഗണന നൽകിയത് അന്നത്തെ ജയിൽ ഡിഐജി പ്രദീപ് ആണെന്നും സുനിത വെളിപ്പെടുത്തി. മന്ത്രി ഗണേഷ് കുമാറുമായും തനിക്ക് ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞതായി സുനിത വ്യക്തമാക്കി.2013ന് ശേഷമാണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലിൽ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിൻ.പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലിൽനിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവർ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു. പ്രദീപ് സർ ആഴ്ചയിലൊരുദിവസമെങ്കിലും ഷെറിനെ കാണാൻവരും. വൈകീട്ടാണ് വരിക. ലോക്കപ്പിൽനിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാൽ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളതെന്ന് സുനിത പറയുന്നു.
ഷെറിന് ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കേണ്ട. മൂന്നുനേരവും അവർ പറയുന്ന ഭക്ഷണം ജയിൽ ജീവനക്കാർ പുറത്തുനിന്ന് വാങ്ങിനൽകും. സ്വന്തം മൊബൈൽഫോണും ഉണ്ടായിരുന്നു. തടവുകാർക്കുള്ള വസ്ത്രമല്ല ഷെറിൻ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു. പായ, തലയണ, മൊന്ത എന്നിവയാണ് തടവുകാർക്ക് ജയിലിൽ നൽകുന്നത്. എന്നാൽ, ഷെറിന് കിടക്ക, പ്രത്യേകം തലയണ, കണ്ണാടി, നിറയെ വസ്ത്രങ്ങൾ, ആയിരക്കണക്കിന് രൂപയുടെ മേക്കപ്പ് സാധനങ്ങൾ തുടങ്ങിയവ കിട്ടിയിരുന്നു. ഒരുമാസത്തിന് ശേഷം ഞാൻ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെൻകുമാറിന് എല്ലാവിവരങ്ങളും ഉൾപ്പടെ പരാതി നൽകി. എന്നാൽ, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്ന രീതിയിൽ ഞാൻ പ്രസ്താവന നടത്തിയെന്നും എനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് എനിക്ക് കിട്ടിയതെന്ന് സുനിത വെളിപ്പെടുത്തുന്നു. വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങൾ തേടി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവർച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവർക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാൽ, ഒരുവർഷത്തിനുള്ളിൽ തന്നെ ഷെറിന് പരോൾ നൽകിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങൾ നൽകിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെൻകുമാർ സ്ഥലംമാറ്റിയെന്നും സുനിത വെളിപ്പെടുത്തുന്നു.
2009 നവംബർ ഏഴിനാണു ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. ശാരീരിക വെല്ലുവിളികളുള്ള ഇയാളുടെ ഇളയ മകൻ ബിനു പീറ്ററിന്റെ ഭാര്യ ഷെറിനായിരുന്നു കേസിലെ ഒന്നാം പ്രതി. ഷെറിന്റെ ഓർക്കൂട്ട് സുഹൃത്തുക്കളായ കോട്ടയം സ്വദേശി ബാസിത് അലി, എറണാകുളം വേളൂർ സ്വദേശി ഷാനു റാഷിദ്, എറണാകുളം കളമശേരി സ്വദേശി നിഥിൻ എന്നിവരാണ് കൊലപാതകത്തിന് ഷെറിന് സഹായം നൽകിയത്.ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമായിരുന്നു 2001ൽ ഇവർ വിവാഹിതരായത്.
വിവാഹശേഷം അമേരിക്കയിലേക്ക് മടങ്ങിയ ഇവർ ഭാസ്‌കരകരണവർക്കും ഭാര്യ അന്നമ്മക്കും ഒപ്പമായിരുന്നു താമസം. അവിടെ ജോലിക്ക് കയറിയ ഷെറിൻ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ടു. തുടർന്ന് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചു. താമസിക്കാതെ കൈക്കുഞ്ഞുമായി ഷെറിനും ബിനുവും നാട്ടിലേക്ക് മടങ്ങി. 2007ൽ ഭാര്യയുടെ മരണത്തോടെ കാരണവർ അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്തി. ഷെറിനും ബിനുവും തമ്മിലുള്ള പൊരുത്തക്കേടുകളും ഷെറിനും മറ്റു പുരുഷന്മാരുമായുണ്ടായിരുന്ന സൗഹൃദങ്ങളും നാട്ടിൽ പരസ്യമായതോടെ ഭാസ്‌കരകാരണവർ വീട്ടിലെ സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ, ഷെറിനെ സ്വത്തിൽനിന്ന് ഒഴുവാക്കുകയും ഷെറിന്റ വഴിവിട്ടബന്ധങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു. ഇതോടെയാണ് കാരണവരെ കൊലപ്പെടുത്താൻ ഷെറിൽ തീരുമാനിച്ചത്.രാത്രി വീട്ടിലെത്തിയ പ്രതികൾക്ക് വാതിൽ തുറന്നുകൊടുത്തതും പട്ടികളെ മയക്കാൻ മരുന്നുനൽകിയതും ഷെറിനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടിയ അളവിൽ ക്ലോറോഫോം മണപ്പിച്ചശേഷം തലയണ മുഖത്ത് അമർത്തിപ്പിടിച്ച് കാരണവരെ കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
മോഷണശ്രമത്തിനു വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. അതിനായി മുറിയിലും ഹാളിലും മുളകുപൊടി വിതറിയും വീട്ടിൽ ഉണ്ടായിരുന്ന ലാപ്‌ടോപ്പ്, കാമറകൾ, മൊബൈൽ ഫോണുകൾ സ്വർണ രുദ്രക്ഷ മാലയും പണവും സംഘം എടുത്തുമാറ്റുകയും ചെയ്തിരുന്നു. എന്നാൽ കാരണവരുടെ മുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന കാശ് എടുക്കാൻ വിട്ടുപോയതാണ് പോലീസിന് സംശയമുണർത്തിയത്.
2010 ജൂൺ 11ന് മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ശിക്ഷിച്ചത്. തുടർന്ന് ഷെറിനെ പൂജപ്പുര സെൻട്രൽ ജയിലേക്ക് മാറ്റി. അവിടെനിന്നു നെയ്യാറ്റിൻകര വനിതാ ജയിലേക്കും പിന്നീട് വിയ്യൂർ സെൻട്രൽ ജയിലേക്കും 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലേക്കും മാറ്റി.
Discussion about this post