കോഴിക്കോട്: മുക്കം മാമ്പറ്റയിൽ പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്നും ചാടിയ സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് കുടുംബം. കേസിലെ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി വാട്‌സ് ആപ്പിൽ നടത്തിയ ചാറ്റുകളാണ് അതിജീവിതയുടെ കുടുംബം പുറത്ത് വിട്ടത്. പ്രതി നിരന്തരം യുവതിയോട് മോശമായി പെരുമാറിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ചാറ്റുകൾ.
യുവതിയുടെ ശരീരത്തെ കുറിച്ച് വർണ്ണിക്കുന്നതാണ് പല വാട്‌സ്ആപ് സന്ദേശങ്ങളും. ലൈംഗിക ചുവയോടെയുള്ള സംസാരവും യുവതിയെ ഭീഷണിപ്പെടുത്തുന്നതുമെല്ലാം ചാറ്റുകളിൽ വ്യക്തമാണ്. കടമായി പ്രതി നൽകിയ തുക തിരിച്ച് നൽകരുതെന്നും ഇയാൾ ചാറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നീ ഈ സ്ഥാപനത്തിലെ മാലാഖയാണെന്നും ഇയാൾ പറയുന്നുണ്ട്. മോശമായി സംസാരിക്കരുതെന്നും അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകരുതെന്നും യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും വാട്‌സ്ആപ് ചാറ്റുകളിൽ കാണാം.
എന്നാൽ, മോശമായി പെരുമാറുന്നത് തുടർന്നതോടെ ജോലി ഉപേക്ഷിക്കുന്നതായി യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് പ്രതി സന്ദേശമയച്ചു. ഇിന ഇത്തരത്തിൽ ഉണ്ടാകില്ലെന്നും ജോലിപരമായി മാത്രമേ സംസാരിക്കൂ എന്നും ഇയാൾ യുവതിക്ക് ഉറപ്പ് നൽകിയിരുന്നു. മോശമായി പെരുമാറിയതിന് പലതവണ പ്രതി യുവതിയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, യുവതി ആശുപത്രിയിലായതിന് ശേഷം, ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാൾ സന്ദേശമയച്ചത്. ‘നിനക്കുള്ള ആദ്യ ഡോസാണ് ഇതെന്നാ’യിരുന്നു ഭീഷണി.
ഫെബ്രുവരി ഒന്നിനാണ് പീഡന ശ്രമത്തിനിടെ ഹോട്ടൽ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. പ്രതി ദേവദാസിന്റെ (68) സങ്കേരം എന്ന ഹോട്ടലിൽ ആയിരുന്നു യുവതി ജോലി ചെയ്തിരുന്നത്. സംഭവദിവസം ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന എത്തിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി യുവതി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ബുധനാഴ്ചയാണ് ദേവദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളത്ത് വച്ചാണ് ഇയാൾ പിടിയിലായത്. ഹോട്ടൽ ജീവനക്കാരായ മറ്റ് രണ്ട് പ്രതികൾ ചൊവ്വാഴ്ച കോടതിയിൽ കീഴടങ്ങിയിരുന്നു. പികെ റിയാസ്, കെടി സുരേഷ് ബാബു എന്നിവരാണ് കീഴടങ്ങിയത്. മൂന്ന് പ്രതികളും നിലവിൽ റിമാൻഡിലാണ്. ഇവരെ മൂന്ന് പേരെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി, തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസിന്റെ നീക്കം.
Discussion about this post