ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ തലസ്ഥാനത്തും കോൺഗ്രസ് പാർട്ടി തകർന്നടിയുന്നതാണ് കാണാൻ സാധിക്കുന്നത്. ഇൻഡി മുന്നണിയുടെ കൂട്ടില്ലാതെ ഒറ്റയ്ക്ക് ഡൽഹി പിടിക്കാൻ എത്തിയ രാഹുലിനും സംഘത്തിനും വട്ടപൂജ്യമാണ് തലസ്ഥാനനഗരി സമ്മാനമായി നൽകിയത്. 70 സീറ്റിൽ ഒരിടത്തും കൈ പിടിക്കാൻ ജനം തയ്യാറായില്ല. പുറത്തുവരുന്ന കണക്കുകൾ പ്രകാരം, 6.44 ശതമാനം മാത്രമാണ് കോൺഗ്രസിന് ഡൽഹിയിൽ വോട്ടുവിഹിതം നേടാനായത്.1998 മുതൽ തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച പാർട്ടി, 2013 മുതൽ തളർച്ചയിലാണ്. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. തുടർച്ചയായി മൂന്നാം തവണയും കോൺഗ്രസ് സംപൂജ്യരായിരിക്കുകയാണ്.
ഇതിനിടെ ഡൽഹി തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തേരോട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറിയിരിക്കുകയാണ് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കഗാന്ധി. ഇതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും താൻ ഇതുവരെ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചിട്ടില്ലെന്നുമായിരുന്നു പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞത്. വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പ്രിയങ്കയുടെ പ്രതികരമത്തിന് പിന്നാലെ വലിയ ട്രോളുകളാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ പെങ്ങളൂട്ടിയുടെ ബോധം പോയെന്നാണ് ഒരു കമന്റ്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ ആംആദ്മിക്ക് മുൻതൂക്കം പ്രവചിച്ചത് മൂന്നെണ്ണം മാത്രമായിരുന്നു. വീ പ്രിസൈഡ്, മൈൻഡ് ബ്രിങ്ക്, ജേണോ മിറർ എന്നിവർ മാത്രമാണ് ആം ആദ്മിക്ക് മുൻതൂക്കം പ്രവചിച്ചത്. ബാക്കി പ്രധാനപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാ ബിജെപിക്ക് അനുകൂലമായിരുന്നു. ചാണക്യയുടെ എക്സിറ്റ് പോളിൽ ബിജെപിക്ക് 39 മുതൽ 44 വരെ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രവചനം. ആംആദ്മിക്ക് 25 മുതൽ 28 വരെയും കോൺഗ്രസിന് 2 മുതൽ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിച്ചിരുന്നു. മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുൻതൂക്കം. ബിജെപി 35 മുതൽ 40 വരെ സീറ്റ് ലഭിക്കുമെന്നായിരുന്നു മാട്രിസെയുടെ പ്രവചനം. ആംആദ്മി 32 മുതൽ 37 സീറ്റുവരെ നേടുമെന്നും മാട്രിസെ പ്രവചിച്ചിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രവചനം. പി മാർക് സർവെ ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റുമാണ് പ്രവചിച്ചത്.
Discussion about this post