ഫോണിൽ തോണ്ടിയിരിക്കാതെ നാല് കാശുണ്ടാക്കാൻ നോക്കെടാ എന്ന ആക്രോശത്തിൽ നിന്നും ഫോണിൽ കൂടെ എങ്കിലും പത്ത് കാശുണ്ടാക്ക് എന്ന ഉപദേശത്തിലേക്ക് കാര്യങ്ങൾ മാറിയത് എത്ര പെട്ടെന്നാണല്ലേ? സോഷ്യൽമീഡിയ ഇന്ന് വിനോദത്തിനും ആശയവിനിമയത്തിനും മാത്രമല്ല പണമുണ്ടാക്കാനുള്ള നല്ലൊരു വഴി കൂടിയാണെന്ന് അറിയാത്തവരില്ല. പലതരം കണ്ടന്റുകൾ പങ്കുവച്ച് ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആളുകൾ പണം വാരുന്നു. ഉത്പന്നങ്ങളുടെ പ്രൊമോഷൻ വർക്കുകൾ ചെയ്തും വരെ കാശുണ്ടാക്കുന്നു.
വീണിടം വിദ്യയാക്കി അതും കാശിനുള്ള വഴിയാക്കിയ ഒരാളുടെ കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. ആളെ തപ്പി കടലുകടക്കണ്ട, മലയാളിയാണ് കക്ഷി. ട്രാവൽ ബ്ലോഗറായ ഷെഫീക്ക് ഹാഷിമാണ് വേറിട്ട വഴിയിലൂടെ പണം കൊയ്യുന്നത്. എന്താണ് ആലപ്പുഴക്കാരനായ ഷെഫീക്കിന്റെ പ്രത്യേകത എന്നല്ലേ? തന്നെ സമീപിച്ചെത്തുന്ന കസ്റ്റമറുടെ പരസ്യം ചെയ്ത് നൽകുന്ന രീതിയാണ് വ്യത്യസ്തനാകുന്നത്. സ്വന്തം കഷണ്ടിയിലാണ് അദ്ദേഹം പ്രമോഷൻ വർക്ക് ചെയ്യുന്നത്. പൊന്നും വില കൊടുത്താണ് പല കമ്പനികളും അദ്ദേഹത്തിന്റെ കഷണ്ടി വാടകയ്ക്ക് എടുക്കുന്നത്.
തലയിൽ കഷണ്ടി കയറിയതോടെ എങ്ങനെയെങ്കിലും ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാമെന്ന ചിന്തയായിരുന്നു ഷെഫീക്കിന്. പിന്നീട് ഏറെനേരം നീണ്ട ആലോചനയ്ക്ക് ശേഷം കഷണ്ടി നിലനിർത്താൻ തീരുമാനിച്ചു. ഇതിനിടെയാണ് വ്യത്യസ്തമായ കഷണ്ടിയിലുദിച്ചത്. കഷണ്ടിത്തല പരസ്യം പതിക്കുന്നതിന് വാടയ്ക്ക് നൽകുക എന്നതായിരുന്നു ആ ആശയം. സോഷ്യൽമീഡിയയിൽ ഇതു സംബന്ധിച്ച് ഒരു കുറിപ്പും ഷെഫീക്ക് പങ്കുവെച്ചു. 12 മണിക്കൂറിനുള്ളിൽ നൂറുകണക്കിന് കമ്പനികളാണ് സമീപിച്ചത്. അങ്ങനെ ആലോചനകൾക്കും ചർച്ചകൾക്കുമൊടുവിൽ ആദ്യത്തെ കരാർ ഏറ്റെടുത്തു. കൊച്ചി ആസ്ഥാനമായ ‘ലാ ഡെൻസിറ്റേ’ എന്ന കമ്പനിയുടെ പരസ്യമാണ് ഷഫീക്കിന്റെ തലയിൽ ആദ്യം ടാറ്റൂചെയ്ത് പതിപ്പിച്ചത്. മൂന്ന് മാസത്തേക്ക് 50,000 രൂപയാണ് കരാർ. ഈ കാലയളവിൽ യുട്യൂബ് വിഡിയോകളിൽ ഷഫീഖ് പ്രത്യക്ഷപ്പെടുക തലയിൽ പരസ്യവുമായാണ്. ’70mm vlogs’ എന്ന ഷെഫീക്കിന്റെ യുട്യൂബ് ചാനലിന് ഏതാണ്ട് 28,000ൽ അധികം സബ്സ്‌ക്രൈബർമാരുണ്ട്. നിലവിൽ ഒട്ടേറെ മുൻനിര ബ്രാൻഡുകളാണ് പരസ്യം ചെയ്യുന്നതിനായി ഷെഫീക്കിന്റെ തലയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്
Discussion about this post