ബ്യൂണസ് ഐറിസ്: ഞെട്ടിക്കുന്ന കാഴ്ച കണ്ടായിരുന്നു അർജന്റീനയിലെ സാരന്ദി കനാൽ പരിസരത്ത് താമസിക്കുന്നവർ കഴിഞ്ഞ ദിവസം ഉറക്കമുണർന്നത്. കനാൽ മുഴുവൻ ചുവന്ന നിറമായി മാറിയിരിക്കുന്നു. കാഴ്ച കണ്ടാ എല്ലാവരും ആകെ അമ്പരന്നു. കണ്ടവർ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെ സംഭവം വലിയ വാർത്തയായി. നല്ല രക്തത്തിന്റെ നിറമായിരുന്നു കനാലിനെ വെള്ളത്തിന്.
പരിസ്ഥിതി സംരക്ഷണ മേഖലയോട് ചേർന്നാണ് സാരന്ദി കനാൽ ഒഴുകുന്നത്. അതുകൊണ്ട് തന്നെ നദിയുടെ നിറം പരിസ്ഥിതി പ്രവർത്തകരെയും ആശങ്കലിയാഴ്ത്തി. വലിയ പാരിസ്ഥിതിക ആഘാതത്തിന്റെ സൂചനയാകാം ഇതെന്നായിരുന്നു ഇവരുടെ നിഗമനം. ഇതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചയും ആരംഭിച്ചു.
മാദ്ധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞതോടെ ഇവിടേയ്ക്ക് അധികൃതർ ഓടിയെത്തി. പരിശോധനയും നടത്തി. കനാലിലെ വെള്ളം എടുത്ത് നടത്തിയ വിശദമായ പരിശോധനയിൽ വെള്ളത്തിന്റെ നിറത്തിന് രക്തവർണം ലഭിച്ചത് എങ്ങനെയെന്ന് വ്യക്തമായി.
കനാലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ടെക്‌സ്റ്റൈൽ ഫാക്ടറികൾ ആയിരുന്നു ഇതിന് കാരണം. തുണികളിൽ ഉപയോഗിക്കുന്നതിനായി ഇവിടേയ്ക്ക് കൊണ്ടുവന്ന ചുവന്ന നിറത്തിലുള്ള കെമിക്കൽ ഡൈ കനാലിലെ വെള്ളവുമായി കലർന്നു. ഇതോടെയാണ് വെള്ളത്തിന് ചുവന്ന നിറം ഉണ്ടായത്. നിരവധി തുണി ഫാക്ടറികളാണ് കനാലിന് സമീപം പ്രവർത്തിക്കുന്നത്. ഇവയ്ക്ക് പുറമേ ബാഗ്, ചെരുപ്പ് എന്നിവ നിർമ്മിക്കുന്ന ഫാക്ടറികളും ധാരാളമായി ഉണ്ട്. എല്ലായ്‌പ്പോഴും ഇവിടെ നിന്നുള്ള ഡൈകൾ വെള്ളത്തിൽ കലരാറുണ്ട്. ഇതിന്റെ അളവ് വർദ്ധിക്കുമ്പോഴാണ് വെള്ളത്തിന് നിറം മാറ്റം ഉണ്ടാകുന്നത്.
നേരത്തെയും കനാലിലെ വെള്ളത്തിന് നിറം മാറ്റം ഉണ്ടായിട്ടുണ്ട്. വെള്ളത്തിന്റെ നിറം പച്ച, പർപ്പിൾ, ബ്ലൂ എന്നിങ്ങനെയായി കാണപ്പെട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന മൊഴി. എന്നാൽ ആദ്യമായിട്ടാണ് ചുവന്ന നിറത്തിൽ കാണപ്പെടുന്നത്. രക്തത്തിന്റെ നിറം കണ്ടതോടെയാണ് പരിഭ്രാന്തർ ആയത് എന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം കനാലിലേക്ക് ഒഴുകുന്ന ഡൈ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് എന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം.
Discussion about this post