ശരീരം എല്ലായ്‌പ്പോഴും നല്ല ആകാര വടിവോടെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ സ്ത്രീകളും പുരുഷന്മാരും. മെലിഞ്ഞ ശരീരം ആണ് സൗന്ദര്യത്തിന്റെ ആധാരം എന്നാണ് എല്ലാവരുടെയും ധാരണ. അതുകൊണ്ട് തന്നെ പലവിധ ഡയറ്റുകളും ഇവർ പരീക്ഷിക്കാറുണ്ട്.
ശരീരത്തിന്റെ ആകാര വടിവിനായി ആദ്യം വേണ്ടത് വ്യായാമം ആണ്. എന്നാൽ ഇതിന് എല്ലാവർക്കും മടിയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കൂടുതൽ പേരും ഭക്ഷണ ക്രമീകരണം ആണ് തടി കുറയ്ക്കാനും മറ്റുമായി സ്വീകരിക്കുന്നത്.
ലോ കാർബ് ഡയറ്റ്, കീറ്റോ ഡയറ്റ്, സോൺ ഡയറ്റ്, പാലിയോ ഡയറ്റ് എന്നിങ്ങനെ പല തരത്തിലുള്ള ഡയറ്റുകൾ ഉണ്ട്. കാർബോ കുറഞ്ഞ ഭക്ഷണം മാത്രം കഴിക്കുക എന്നതാണ് ഡയറ്റിന്റെ ലക്ഷ്യം. ചിലർ ആഹാരം ഉപേക്ഷിച്ച് മെലിയാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ആയിരിക്കും ചെയ്യുക.
മുട്ടയും ഇറച്ചിയുമെല്ലാം അമിതമായി കഴിക്കുന്നതാണ് ശരീര ഭാരം വർദ്ധിക്കുന്നതിന്റെ കാരണം എന്നാണ് പറഞ്ഞ് കേൾക്കുന്നത്. അതുകൊണ്ട് തന്നെ തടി കുറയ്ക്കാൻ പലരും ഇത് പാടെ ഉപേക്ഷിക്കും. എന്നാൽ ഇറച്ചിയും മുട്ടയും മാത്രം കഴിക്കുന്ന വീട്ടമ്മയുടെ അനുഭവം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
റേച്ചൽ ആഷ്ബി എന്ന 41 കാരിയാണ് മുട്ടയും ഇറച്ചിയും മാത്രം കഴിച്ച് ജീവിക്കുന്നത്. വിവാഹിതയും നാല് മക്കളുടെ അമ്മയുമാണ് റേച്ചൽ. നാല് വർഷമായി ഈ കാർണിവോർ ഡയ്റ്റ് പ്ലാനാണ് റേച്ചൽ പിന്തടരുന്നത.
പ്രമുഖ ഡോക്ടറായ ഷാൻ ബേക്കറുടെ വീഡിയോ ആയിരുന്നു ഇതിന് റേച്ചലിന് പ്രചോദനം ആയത്. കാർണിവോർ ഡയറ്റ് പ്ലാൻ ശാരീരിക- മാനസിക ആരോഗ്യത്തിന് ഏറെ മികച്ചതാണെന്നായിരുന്നു വീഡിയോയിൽ അദ്ദേഹം പറഞ്ഞത്. ഇത് കണ്ടയുടൻ റേച്ചൽ ഈ രീതി പരീക്ഷിക്കാൻ ആരംഭിക്കുകയായിരുന്നു.
വിവിധ തരം ഇറച്ചികളും മുട്ടയും ആണ് റേച്ചലിന്റെ ആഹാരം. ഇതിനൊപ്പം വെണ്ണയും കഴിക്കും. അങ്ങനെ ദിവസം 5000 കലോറിയാണ് റേച്ചലിന്റെ ശരീരത്തിൽ എത്തുന്നത്. എന്നാൽ ഇങ്ങനെ കഴിച്ചതുകൊണ്ട് തനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും, ആരോഗ്യം മെച്ചമായിട്ടേ ഉള്ളൂവെന്നുമാണ് യുവതി പറയുന്നത്.
രാവിലെ ബ്രേക്ക് ഫാസ്റ്റായി 10 മുട്ട കഴിച്ചുകൊണ്ടാണ് തന്റെ ഒരു ദിനം ആരംഭിക്കുന്നത് എന്ന് റേച്ചൽ പറയുന്നു. പുഴുങ്ങിയ മുട്ടയിൽ അൽപ്പം ഉപ്പ് വിതറും. ഇതിനൊപ്പം ബട്ടറും ചേർത്ത് കഴിക്കും. ചിക്കൻ വിംഗ്‌സ് ആണ് ഉച്ച ഭക്ഷണം. രാത്രിയും ഇറച്ചി കഴിക്കുമെന്നും റേച്ചൽ വ്യക്തമാക്കുന്നു.
എന്റെ ശീലം കണ്ട് കുട്ടികളും ഇത് പരീക്ഷിക്കാൻ നോക്കാറുണ്ട്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞാൽ അവർ അത് നിർത്തും. പക്ഷെ ഒരുകാര്യമാണ് എനിക്ക് അവരോട് പറയാനുള്ളത്. ഈ ഡയ്റ്റ് രീതി പിന്തുടർന്നാൽ നിങ്ങളുടെ ആരോഗ്യം ഒരിക്കലും നശിക്കുകയില്ല, മറിച്ച് ഒരുപാട് മെച്ചപ്പെടുമെന്നും റേച്ചൽ കൂട്ടിച്ചേർക്കുന്നു.
അതേസമയം റേച്ചലിന്റെ ഡയറ്റിനെക്കുറിച്ച് ലോകം അറിഞ്ഞതോടെ മുന്നറിയിപ്പുമായി ആരോഗ്യ സംഘടനകൾ രംഗത്ത് എത്തി. കാർണിവോർ ഡയറ്റ് ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യില്ലെന്നാണ് ഇവർ പറയുന്നത്. ശരീരത്തിന് ആരോഗ്യത്തോടെ നിലനിൽക്കാൻ എല്ലാ പോഷണങ്ങളും ആവശ്യമാണ്. അതിനാൽ പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. അമിതമായി കൊഴുപ്പ് ശരീരത്തിൽ എത്തുന്നത് അർബുദ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.
Discussion about this post