പത്തനംതിട്ട: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ വാക്കുകൾ വളച്ചൊടിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ച് മാദ്ധ്യമങ്ങൾ. പത്തനംതിട്ടയിൽ നടന്ന ഹിന്ദു ഐക്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ ചിലഭാഗങ്ങൾ അടർത്തി എടുത്താണ് മീഡിയ വൺ ഉൾപ്പെടെയുള്ള മലയാള മാദ്ധ്യമങ്ങൾ വിദ്വേഷം പരത്തുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ഹിന്ദുക്കൾ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കരുതെന്നും പാരമ്പര്യ ഭക്ഷണം കഴിക്കണമെന്നും ഇംഗ്ലീഷ് സംസാരിക്കരുതെന്നും മോഹൻ ഭാഗവത് പറഞ്ഞതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ യഥാർത്ഥത്തിൽ സർസംഘചാലക് പറഞ്ഞതിൽ നിന്നും വിഭിന്നമായാണ് വാക്കുകൾ വളച്ചൊടിച്ചതെന്ന് പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകും. കുടുംബത്തോടൊപ്പം ആഴ്ചയിൽ ഒരിക്കലെങ്കിലും ചേരണമെന്നും നമ്മുടെ ഭാഷ,വേഷം,ഭക്ഷണം,യാത്ര, അതേ പോലെ നമ്മുടെ ഭജന എന്നിവയെ കുറിച്ച് ചർച്ച ചെയ്യണമെന്നും മോഹൻ ഭാഗവത് നിർദ്ദേശിച്ചിരുന്നു. ഇതിനൊപ്പം നമ്മുടെ ഭാഷയാണ്. നമ്മൾ സംസാരിക്കുന്ന ഭാഷയേതാണ്? നമ്മുടെ വീട്ടിൽ ഒരു കാരണവശാലും ഇംഗ്ലീഷ് ഭാഷ, ഒരു വൈദേശിക ഭാഷ, സംസാരിക്കുന്ന അവസ്ഥ ഉണ്ടാവരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. നമ്മൾ മാതൃഭാഷ തന്നെയായിരിക്കണം നമുക്ക് സംസാരിക്കാൻ സാധിക്കേണ്ടത്. നമ്മൾ കഴിക്കുന്ന ഭക്ഷണം, അത് നമ്മുടെ നാടൻ,സ്വദേശി ഭക്ഷണം തന്നെയാകണം. നമ്മൾ ഏതെങ്കിലും വിശിഷ്ട കാര്യങ്ങളിൽ പങ്കെടുക്കുമ്പോൾ,വിശേഷ സന്ദർഭങ്ങളിൽ ഒക്കെ പങ്കെടുക്കുമ്പോൾ, തീർച്ചയായിട്ടും നമ്മുടെ സ്വദേശി വസ്ത്രധാരണം തന്നെയായിരിക്കണം നമ്മൾ പിന്തുടരേണ്ടത്. ഇത്തരം വിഷയങ്ങളെ കുറിച്ച്, നമ്മൾ ചർച്ച ചെയ്യണമെന്നും വ്യക്തമാക്കിയിരുന്നു. ഇതാണ് ഹിന്ദുക്കൾ ഇംഗ്ലീഷ് സംസാരിക്കരുതെന്ന് ആർഎസ്എസ് മേധാവി പറഞ്ഞതായി പ്രചരിപ്പിക്കുന്നത്.
മോഹൻഭാഗവതിന്റെ വാക്കുകൾ
ധർമ്മരക്ഷയ്ക്ക് വേണ്ടിയിട്ടുള്ള അനേകം ധർമ്മോപദേശങ്ങൾ,ധർമ്മ പ്രബോദ്ധനങ്ങൾ, എല്ലാം ആചാര്യൻമാരും സന്യാസിമാരും ഒക്കെ, നടത്താറുണ്ട്, നമ്മൾ അത് കേൾക്കാറുമുണ്ട്. പക്ഷേ നമ്മളെ സംബന്ധിച്ചിടത്തോളം, നമ്മളെ പോലെയുള്ള ആൾക്കാർ ചെയ്യേണ്ടത് എന്താണ്? ധർമ്മത്തെ ജീവിതത്തിൽ ആചരിക്കുക,വ്യക്തിപരമായി ആചരിക്കുക,നമ്മുടെ കുടുംബത്തിൽ ആചരിക്കുക,നമ്മുടെ സമൂഹത്തിൽ ആചരിപ്പിക്കുക. പൂജകളും കർമ്മകാണ്ഡങ്ങളും കൊണ്ട് മാത്രമല്ല,ഈ സമൂഹത്തിന് ഉയരാൻ സാധിക്കുക. നമുക്കൊരു പ്രതിജ്ഞയെടുക്കാൻ സാധിക്കണം, നമ്മൾ ഈ കേൾക്കുന്നതായ ധർമ്മത്തിന്റെ മഹത്വത്തെ നമ്മളുടെ കുടുംബത്തിൽ ചർച്ച ചെയ്യണം. വളരെ ലളിതമായി ചെയ്യാൻ കഴിയുന്നതാണ് ആരുടെയും അനുവാദത്തിന് കാത്ത് നിൽക്കേണ്ട. എല്ലാവരും അവരവരുടെ കുടുംബത്തിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ചേരുക. ഒരുമിച്ച് ചേർന്ന് ഇന്നത്തെ കാലത്ത് നമുക്ക് അറിയാം, അണുകുടുംബങ്ങളുടെ കാലമാണ്. പഴയത് പോലെ കൂട്ടുകുടുംബങ്ങളില്ല. പക്ഷേ നമ്മുടെ കുടുംബത്തിലെ ആളുകളെ എല്ലാം,ആഴ്ചയിൽ ഒരിക്കൽ ഒരുമിച്ച് കൂട്ടാനും, ഒരുമിച്ച് ഈശ്വരഭജന നടത്താനും,ഒരുമിച്ച് വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണം പരസ്പരം പങ്കുവച്ച് കഴിക്കാനും കഴിയണം. അതിന് ശേഷം മൂന്ന് നാല് വിഷയങ്ങളെ സംബന്ധിച്ച്, ഒരുമിച്ച് കൂടിയിരുന്ന് ചർച്ച ചെയ്യണം.അതിൽ ഏറ്റവും പ്രധാനപ്പെട്ടത്,എന്താണ് നമ്മുടെ കുടുംബം,എന്താണ് നമ്മുടെ പാരമ്പര്യം,എന്താണ് നമ്മുടെ സമൂഹം,നമ്മുടെ കുലരീതിയെന്താണ്? നമ്മുടെ ഇന്നത്തെ ജീവിതരീതി ആ കുലരീതിയ്ക്ക്, കുടംബമഹിമയ്ക്ക്, ഒത്തവണ്ണമാണോ,എന്ന് നമ്മൾ ചിന്തിക്കണം. അതേ പോലെ ഏറ്റവും പ്രധാനപ്പെട്ട,അഞ്ചുവിഷയങ്ങൾ നമ്മൾ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ ഭാഷ,വേഷം,ഭക്ഷണം,യാത്ര, അതേ പോലെ നമ്മുടെ ഭജന. ഭാഷ,വേഷം,ഭോജനം,ഭ്രമണം ഭജനം,എന്ന് പറയും. ഇത് നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. നമ്മളുടെ കുടുംബത്തിലെ ആളുകൾ യാത്രയ്ക്ക് പോകാറുണ്ട് അവധിക്കാലത്ത്, ഈ യാത്ര എവിടേക്കാണ് നമ്മൾ പോകാറുള്ളത്?ഭാരതത്തിന് പുറത്തേക്കാണോ അതോ നമ്മുടെ നാട്ടിൽ തന്നെയാണോ? നമ്മുടെ നാട്ടിൽ എത്രയോ സ്ഥലങ്ങളുണ്ട്. ചിത്രപുരുഷന്മാർ ജന്മം കൊണ്ട,കർമ്മം കൊണ്ട,പുണ്യം നേടിയിട്ടുള്ള എത്രയെത്രയോ സ്ഥലങ്ങൾ. അതോരോന്നും നമുക്ക് കാണാനും മനസിലാക്കാനും,ചരിത്രം ഉൾക്കൊള്ളാനും, കഴിയുന്ന വിധത്തിലുള്ള യാത്രയാണോ നമ്മൾ ചെയ്യാറ്. ഇതേ പോലെ തന്നെ നമ്മുടെ തന്നെ സഹോദരങ്ങൾ പലകാരണങ്ങൾ കൊണ്ട് കഷ്ടതയനുഭവിക്കുന്നു,കാടുകളിൽ താമസിക്കുന്ന,നമ്മുടെ തന്നെ സഹോദരങ്ങളുണ്ട്. അവർ താമസിക്കുന്ന ഇടത്തേക്ക് നമ്മൾ പോകാറുണ്ടോ അവരുടെ വിഷമങ്ങൾ നമ്മൾ തിരിച്ചറിയാറുണ്ടോ?അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള, പ്രേരണ ഉൾക്കൊണ്ട് കൊണ്ട് വരാറുണ്ടോ അങ്ങനെ നമ്മുടെ യാത്ര,ഇത്തരത്തിലുള്ള പ്രദേശങ്ങളിലേക്ക് ആക്കാൻ കഴിയുമോ എന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാൻ കഴിയണം. മറ്റൊന്ന് നമ്മുടെ ഭാഷയാണ്. നമ്മൾ സംസാരിക്കുന്ന ഭാഷയേതാണ്? നമ്മുടെ വീട്ടിൽ ഒരു കാരണവശാലും ഇംഗ്ലീഷ് ഭാഷ, ഒരു വൈദേശിക ഭാഷ, സംസാരിക്കുന്ന അവസ്ഥ ഉണ്ടാവരുത്. നമ്മൾ മാതൃഭാഷ തന്നെയായിരിക്കണം നമുക്ക് സംസാരിക്കാൻ സാധിക്കേണ്ടത്. നമ്മൾ കഴിക്കുന്ന ഭക്ഷണം, അത് നമ്മുടെ നാടൻ,സ്വദേശി ഭക്ഷണം തന്നെയാകണം. നമ്മൾ ഏതെങ്കിലും വിശിഷ്ട കാര്യങ്ങളിൽ പങ്കെടുക്കുമ്പോൾ,വിശേഷ സന്ദർഭങ്ങളിൽ ഒക്കെ പങ്കെടുക്കുമ്പോൾ, തീർച്ചയായിട്ടും നമ്മുടെ സ്വദേശി വസ്ത്രധാരണം തന്നെയായിരിക്കണം നമ്മൾ പിന്തുടരേണ്ടത്. ഇത്തരം വിഷയങ്ങളെ കുറിച്ച്, നമ്മൾ ചർച്ച ചെയ്യണം. വരുന്ന തലമുറ, പുതിയ തലമുറയെ കൂടി ആ ചർച്ചയിൽ പങ്കാളികളാക്കണം. അവർക്ക് സംശയങ്ങൾ ഉണ്ടാകും, അവർ ചോദ്യങ്ങൾ ചോദിക്കും. ആ ചോദ്യങ്ങൾക്ക് നമ്മൾ തക്കതായ ഉത്തരം കൊടുത്താൽ അവരുടെ മനസിൽ പരിവർത്തനം വരുത്താൻ വേണ്ടി, നമുക്ക് കഴിയണം. ഇങ്ങനെ സ്വത്വത്തെ നമ്മുടെ ആചരണത്തിൽ, തനിമയെ നമ്മുടെ ആചരണത്തിൽ സ്വഭാവത്തിൽ കൊണ്ടുവരാൻ കഴിയണം ”
Discussion about this post