എറണാകുളം: മലയാള സിനിമയിലെ താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയ മികവിനെ വെല്ലാൻ തക്ക ആരും ഇന്ന് മലയാള സിനിമയിൽ ഇല്ല. വില്ലനായി എത്തി മലയാളികളുടെ ഹീറോ ആയ നടൻ കൂടിയാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല വിവിധ ബിസിനസുകളിലും അദ്ദേഹം ചുവടുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സമ്പന്നരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.
രണ്ടായിരം രൂപയായിരുന്നു അഭിനയത്തിന്റെ തുടക്കത്തിൽ അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് കോടികൾ മൂല്യമേറിയ താരം ആണ് മോഹൻലാൽ. രണ്ടോ മൂന്നോ മിനിറ്റ് ദൈർഘ്യമേറിയ പരസ്യചിത്രങ്ങളിൽ അഭിനയിക്കണം എങ്കിൽ പോലും അദ്ദേഹം കോടിക്കണക്കിന് രൂപയാണ് പ്രതിഫലമായി വാങ്ങുക.
ഒരു സിനിമയ്ക്കായി മോഹൻലാൽ ഇന്ന് ഏകദേശം 8 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ എംപുരാനിലെ അഭിനയത്തിന് 20 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. അതായത് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ഇന്ന് മോഹൻലാൽ ആണ്.
2019ൽ ഫോബ്‌സ് ഇന്ത്യയുടെ പട്ടികയിൽ അദ്ദേഹം ഇടം നേടിയിരുന്നു. അന്നത്തെ റിപ്പോർട്ട് അനുസരിച്ച് 64.5 കോടി രൂപയുടെ വരുമാനം ആയിരുന്നു താരം നേടിയത്. മലയാളത്തിലെ പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അവതാകരനാണ് മോഹൻലാൽ. ഈ റിയാലിറ്റി ഷോയുടെ അവതരണത്തിന് 18 കോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്.
സിനിമയ്ക്ക് പുറമേ നിരവധി ബിസിനസ് സംരംഭങ്ങൾ ആണ് മോഹൻലാലിന് ഉള്ളത്. തിരുവനന്തപുരം ആസ്ഥാനമായ വിസ്മയാസ് മാക്‌സ് എന്ന പ്രീ പ്രൊഡക്ഷൻ സ്റ്റുഡിയോ മോഹൻലാലിന്റേത് ആണ്. ഇതിന് പുറമേ ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്‌സ്, ഫുഡ്‌സ് എന്നീ മേഖലകളിലെ മുൻനിര ബ്രാൻഡുകളുടെ അംബാസിഡർ കൂടിയാണ് മോഹൻലാൽ.
2024 ലെ റിപ്പോർട്ട് പ്രകാരം മോഹൻലാലിന് 50 മില്യൺ ഡോളർ, അഥവാ 416 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. ആഡംബ വാഹനങ്ങളുടെ വൻ ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്. ഇതിൽ 5 കോടി രൂപ വിലമതിയ്ക്കുന്ന റേഞ്ച് റോവർ, 90 ലക്ഷം രൂപ വിലയുള്ള ടൊയോട്ട വെൽഫയർ, 1.36 കോടി രൂപയുടെ ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവ ഉൾപ്പെടുന്നു. ആഡംബര വാച്ചുകളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്. 45 ലക്ഷം രൂപയുടെ റിച്ചാർഡ് മില്ലെ, 24 ലക്ഷം വിലയുള്ള റോളക്‌സ് എന്നിവ ഈ ശേഖരത്തിൽ ഉണ്ട്.
ആഡംബര വസതികളും ഫ്‌ളാറ്റുകളും സ്വന്തമായി ഉള്ള നടൻ കൂടിയാണ് മോഹൻലാൽ. കൊച്ചിയിൽ കോടികൾ വിലമതിയ്ക്കുന്ന വീട് താരത്തിനുണ്ട്. ചെന്നൈയിൽ ആഡംബര ഫ്‌ളാറ്റ് ഉണ്ട്. ദുബായിലെ ബുർജ് ഖലീഫയുടെ 29ാം നിലയിൽ അദ്ദേഹത്തിന് ഫ്‌ളാറ്റ് ഉണ്ട്.
Discussion about this post