ബെയ്ജിംഗ്: തൊഴിലിടങ്ങളിൽ മുതലാളിമാർ പലവിധം ആണ്. ചിലർക്ക് തങ്ങൾക്ക് കീഴിയിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് സ്നേഹവും അനുകമ്പയും ആയിരിക്കും. ഇവരോട് ജീവനക്കാർക്ക് വലിയ സ്‌നേഹം ആയിരിക്കും. ഇതിന് പുറമേ ജോലിയിൽ വലിയ ആത്മാർത്ഥതയും കാണിക്കും.
എന്നാൽ ചില മുതലാളിമാർ തൊട്ടതിനും പിടിച്ചതിനുമെല്ലാം തൊഴിലാളികളെ ശാസിക്കുന്നവർ ആയിരിക്കും. ഇത് പലരും ജോലി ഉപേക്ഷിക്കുന്നതിന് കാരണം ആകും. ജോലി ചെയ്താൽ സാധാരണയായി എല്ലാ മുതലാളിമാരും ജീവനക്കാർക്ക് ശമ്പളവും അനുശാസിക്കുന്ന ആനൂകൂല്യങ്ങളും മാത്രമാണ് നൽകാറുള്ളത്. ഉത്സവ വേളകളിൽ മുതലാളി കനിഞ്ഞാൽ മാത്രം ചിലപ്പോൾ അൽപ്പം അധികം പണം ലഭിച്ചേക്കാം. എന്നാൽ പുതുവത്സര സമ്മാനമായി സ്വന്തം സ്ഥാപനത്തിന്റെ ലാഭം മൊത്തം വീതിച്ചു നൽകി ജീവനക്കാരുടെ കണ്ണിലുണ്ണി ആയിരിക്കുകയാണ് ചൈനയിലെ ഒരു മുതലാളി.
ചൈനയിലെ പ്രമുഖ റസ്‌റ്റോറന്റായ കിലിചുവാൻ ഹോട്ട്‌പോട്ടിന്റെ ഉടമയാണ് ജീവനക്കാർക്ക് ലാഭം മുഴുവൻ വീതിച്ച് നൽകിയത്. ലാഭ വിഹിതം കിട്ടിയതോടെ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരും സമ്പന്നരായി. എന്നാൽ ആരും ജോലി ഉപേക്ഷിച്ച് പോയിട്ടില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ റസ്‌റ്റോറന്റിൽ ജോലി ചെയ്യുന്നുണ്ട്.
പുതുവത്സര സമ്മാനം ആയിട്ടാണ് കിലിചുവാൻ ഹോട്ട്‌പോട്ട് റസ്‌റ്റോറന്റിന്റെ ഉടമ ജീവനക്കാർക്ക് ലാഭം വീതിച്ചുനൽകിയത്. പുതുവത്സര നാളുകളിൽ റസ്റ്റോറന്റിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. പുതുവത്സര ദിനത്തിലും ഇതിന്റെ തലേന്നും പിറ്റേന്നുമായുള്ള ദിവസങ്ങളിലും വലിയ വരുമാനം ആയിരുന്നു റസ്റ്റോറന്റിന് ഉണ്ടായത്. മൂന്ന് ദിവസം കൊണ്ട് 53,2000 യുവാൻ അഥവാ 64 ലക്ഷം രൂപയായിരുന്നു റസ്റ്റോറന്റിന്റെ വരുമാനം. ഈ വരുമാനം മുഴുവൻ റസ്‌റ്റോറന്റിലെ ജീവനക്കാർക്ക് അദ്ദേഹം വീതിച്ചുനൽകുകയായിരുന്നു.
കിലിചുവാൻ ഹോട്ട്‌പോട്ടിന് എട്ട് ബ്രാഞ്ചുകളാണ് ചൈനയുടെ വിവിധ ഭാഗങ്ങളായി ഉള്ളത്. മൂന്ന് ദിവസം കൊണ്ട് എട്ട് ബ്രാഞ്ചുകളിലായി ഒന്നര കോടി രൂപയുടെ വ്യാപാരം നടന്നുവെന്നാണ് ഉടമ അവകാശപ്പെടുന്നത്. 200 ജോലിക്കാരാണ് ഈ റസ്‌റ്റോറന്റുകളിൽ ജോലി ചെയ്യുന്നത്. ഇതിൽ 140 പേർ അവധി ദിനങ്ങളിൽ ജോലിയ്ക്കായി എത്തിയിരുന്നു. ഇവർക്ക് അധിക പണവും നൽകിയിട്ടുണ്ട്.
ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ലാഭം വീതിച്ചിട്ടുള്ളത്. മാനേജർ പോസ്റ്റിലുള്ളവർക്ക് രണ്ടര ലക്ഷം രൂപയായിരുന്നു ലഭിച്ചത്. ഈ പുതുവർഷത്തിൽ എല്ലാവരും സന്തോഷമായി ഇരിക്കുന്നതിന് വേണ്ടിയാണ് ലാഭം വീതിച്ച് നൽകിയത് എന്നാണ് അദ്ദേഹം പറയുന്നത്.
ഹോട്ടലിലെ വെയിറ്ററായി ജീവിതം ആരംഭിച്ച വ്യക്തി ആയിരുന്നു കിലിചുവാൻ ഹോട്ട്‌പോട്ട് ഹോട്ടലിന്റെ ഉടമ. പിന്നീട് ഹോട്ടൽ വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു.
Discussion about this post