മലയാളികളുടെ ഇഷ്ടതാരമാണ് പാർവതി തിരുവോത്ത്. സിനിമാ മേഖലയ്ക്കകത്തും പുറത്തും നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചെല്ലാം ധൈര്യപൂർവം തന്റെ അഭിപ്രായങ്ങൾ പാർവതി തുറന്നുപറയാറുണ്ട്. സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ചു അന്വേഷിക്കുന്ന ഹേമ കമ്മിറ്റി നിയോഗിക്കപ്പെട്ടതിലും പാർവതിയുടെ ഉൾപ്പെടെയുള്ള ഇടപെടലാണ് കാരണം.
ഇപ്പോഴിതാ സിനിമയിൽ തന്റെ അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് പാർവതി. ഒന്നിന് പിറകേ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടുണ്ട്. എങ്കിലും, വളരെ കുറവ് സിനിമൾ മാത്രമേ തനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ചില നടന്മാർക്കൊപ്പം താൻ കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ല. അങ്ങനെ മനപ്പൂർവം തന്നെ ഒഴിവാക്കുന്നവർക്കൊപ്പം ജോലി ചെയ്യാൻ തനിക്കും താത്പര്യമില്ലെന്നും താരം പറഞ്ഞു.
അവസരങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ച് പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുള്ളതുകൊണ്ടു തന്നെ താൻ സ്വയംപര്യാപ്തയായിട്ടുണ്ട്. സ്വമേധയാ സനിമ വേണ്ടെന്ന് വയ്ക്കുന്നത് വരെ അഭിനയം തുടരാൻ തന്നെയാണ് തീരുമാനമെന്നും പാർവതി വ്യക്തമാക്കി.
ടേക്ക് ഓഫ്, എന്നു നിന്റെ മൊയ്തീൻ, ഉയരെ, ചാർളി എന്നീ സിനിമകളെല്ലാം വിജയിച്ച സിനിമകളായിരുന്നു. എന്നാൽ, അതിന് ശേഷം തന്റേതായി പുറത്ത് വന്ന മലയാളം സിനിമകളുടെ എണ്ണം നോക്കിയാൽ തന്നെ മനസിലാകും. തുടരെ തുടരെ ഹിറ്റുകളായിരുന്നിട്ടും പിന്നീട് വളരെ കുറവ് സിനിമകൾ മാത്രാേണ് ചെയ്തിട്ടുള്ളത്. താൻ സെലക്ടീവ് ആയതുകൊണ്ടല്ല, സിനിമകൾ കുറവായത്. പകരം പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായത് കൊണ്ടാണ്.
തനിക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടുന്ന താരങ്ങളെ ഒന്ന് നോക്കിയാൽ മതി. ചില നടന്മാർക്കൊപ്പം താൻ കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ല. നടന്മാർ മാത്രമല്ല, അക്കൂട്ടത്തിൽ ചില സങ്കേതികപ്രവർത്തകരും ഉണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കാറില്ല. ഒരാളെ മനപ്പൂർവം വിശപ്പിലേക്ക് തള്ളിവിടാൻ ശ്രമിച്ചാൽ, അയാൾ സ്വയം ഭക്ഷണത്തിനുള്ള വഴി തേടും. തന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. തുടർച്ചയായി അവസരങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ, സ്വന്തമായി ജോലി കണ്ടെത്താൻ സ്വയംപര്യാപ്തയാകുകയാണ് ഉണ്ടായത്. അവസരങ്ങൾ നിഷേധിച്ചാൽ താൻ നിശബ്ദയാകുമെന്നു കരുതിയെങ്കിൽ തെറ്റി. തന്നെയത് കരുത്തയാക്കുകയാണ് ഉണ്ടായതെന്നും പാർവതി കൂട്ടിച്ചേർത്തു.
തന്റെ കൂടെ കാണപ്പെടുക എന്നത് ഇപ്പോൾ ഒരു സ്റ്റേറ്റ്‌മെന്റ് ആയി മാറിയതോടെ, പലരും അതൊഴിവാക്കാനാണ് ശ്രമിക്കുന്നത്. കലക്ടീവ് രൂപീകരിക്കുന്നതു വരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു. തനിക്കൊപ്പം നിറയെ പേരുണ്ടായിരുന്നു. സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകളുണ്ടായി. കലക്ടീവ് രൂപീകരിക്കപ്പെട്ടതിന് പിന്നാലെ നിരവധി വിവാദങ്ങൾ ഉണ്ടായി. ആരും തനിക്കിപ്പോൾ മുഖം തരുന്നില്ലെന്നും പാർവതി വ്യക്തമാക്കി.
Discussion about this post