ലക്നൗ: കുംഭമേള നഗരിയിൽ മാഘ പൂർണിമ ദിനത്തിൽ, ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്തത് ലക്ഷക്കണക്കിന് ഭക്തർ. മാഘ പൂർണിമ ദനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് കുംഭമേളയിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ ദിവസം മാത്രം, 73.60 ലക്ഷം പേരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയത്.
അർദ്ധരാത്രി മുതലാണ് മാഘ പൂർണിമയോട് അനുബന്ധിച്ചുള്ള സ്നാനം ആരംഭിച്ചത്. ഒരേ സമയം പതിനായിരക്കണക്കിന് പേർ നദിയിൽ സ്നാനം ചെയ്തു. മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേരാണ് ത്രിവേണിയിൽ മുങ്ങി നിവർന്നത്. കുംഭമേളയ്ക്കിടെ നടക്കുന്ന നാലാമത്തെ ഭക്തജന സ്നാനം കൂടിയാണ് ഇത്.
സ്‌നാനത്തിനിടെയുള്ള തിരക്കിൽ പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കാനായി, കർശന സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ നിന്നും പരിപാടികൾ നിരീക്ഷിച്ചിരുന്നു. പുലർച്ചെ 4 മണി മുതൽ തന്നെ യോഗി ലഖ്‌നൗവിലെ ഔദ്യോഗിക വസതിയിലെ വാർ റൂമിൽ നിന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നതായി സംസ്ഥാന സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.
ഭക്തർക്ക് സ്നാനം നടത്തിയ ശേഷം കുംഭമേളയുടെ ഭാഗത്തേയ്ക്ക് പോകാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഭക്തജന സഞ്ചാരം എളുപ്പമാക്കാൻ ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. എല്ലാ കൽപ്പവാസികളോടും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകിയിരുന്നു. ഇവർ ഇത് കൃത്യമായി പാലിച്ചത് മാഘ പൂർണിമാ സ്നാനം എളുപ്പമാക്കി.
തിരക്ക് വർദ്ധിക്കുന്ന പോയിന്റുകളിൽ നിരവധി പോലീസുകാരെ നിയന്ത്രണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ ഇന്നലെ രാവിലെ മുതൽ തന്നെ കുംഭമേള നഗരിയിൽ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുലർച്ചെ നാല് മണി മുതൽ കുംഭമേള നഗരിയിൽ വാഹനം പ്രവേശിക്കുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രയാഗ്രാജിലേക്കുള്ള വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ സർവ്വീസുകൾ മാത്രമാമ് അനുവദിച്ചിരുന്നത്.
ട്രാഫിക് ഒഴിവാക്കാനും പാർക്കിംഗിനും ആയി പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി പ്രത്യേക ബസ് സർവ്വീസുകളും ഏർപ്പെടുത്തിയിരുന്നു. 10 മിനിറ്റ് ഇടവേള വിട്ട് സർവ്വീസ് നടത്തുന്ന 1200 ബസുകൾ ആയിരുന്നു ഭക്തർക്കായി ഒരുക്കിയിരുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അടിയ്ക്കടി നിരീക്ഷിക്കുകയാണ്.
ഹിന്ദുക്കളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ദിനമാണ് മാഘ പൂർണിമ. ഹിന്ദു കലണ്ടർ പ്രകാരമുള്ള മാഘ മാസത്തിലെ മകര മാസത്തിലെ) പൗർണമി ദിനത്തിലാണ് മാഘ പൂർണിമ ആഘോഷിക്കുന്നത്. മഹാ മാഘി എന്നും മാഘ പൂർണിമ അറിയപ്പെടുന്നു. ഹിന്ദുക്കളെ സംബന്ധിച്ച് ഏറ്റവും ശുഭകരമായ ദിനം കൂടിയാണ് ഇന്ന്. സൂര്യനുദിക്കുന്നതിന് മുൻപ് ഗംഗാ നദിയിൽ സ്നാനം ചെയ്താണ് മാഘ പൂർണിമ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുക.
ഈ ദിനത്തിലെ ഉപവാസ വ്രതം ഏറ്റവും പുണ്യകരമായ പ്രവർത്തിയാണ്. രാവിലെ ആരംഭിക്കുന്ന ഉപവാസം രാത്രി ചന്ദ്രനെ കണ്ടുകൊണ്ടാണ് അവസാനിപ്പിക്കേണ്ടത്. ചന്ദ്രന് ആരതി അർപ്പിച്ച ശേഷം ഭക്ഷണം കഴിക്കാം. ഇന്ന് ഭക്ഷണം, ധാന്യം, ശർക്കര, പഴങ്ങൾ തുടങ്ങിയ ദാനം ചെയ്യുന്നത് ഏറെ മഹത്തരമാണ്
Discussion about this post