നാട്ടിൻപുറങ്ങളിൽ ഏറെ സുലഭമായി കണ്ടുവരുന്ന ഒന്നാണ് നാരകം. കൈകളിൽ നല്ല സുഗന്ധം പടരാനായി ഒരുകാലത്ത് നാരകത്തിന്റെ ഇല അയ്യിലെടുത്ത് പിടിച്ചിരുന്നു. നല്ല സ്വദോടെ മോര് കുടിക്കാനൊരു ആഗ്രഹം തോന്നുമ്പോൾ, ഈ ഇല മുറിച്ച് മോരിലിടാറുണ്ട്.
ഇനി ഓറഞ്ചിന്റെ കാര്യവും മറിച്ചല്ല. വീട്ടിൽ കുറച്ച് ഓറഞ്ച് വാങ്ങിയാൽ, അയറി വരുന്നവർക്കെല്ലാം ആ വീട്ടിൽ ഓറഞ്ച് വാങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാൻ കഴിയുന്നത്ര സുഗന്ധം പരത്തുന്ന ഒരു പഴവർഗം. വീട്ടിലൊരൽപ്പം മീനൊക്കെ വാങ്ങിയാൽ, കയ്യിലെ മണം പോവാനായി ഓറഞ്ച് തൊലിയെയും നാരകയിലയെയുമൊക്കെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു…
ഇപ്പോഴിതാ നാരങ്ങയുടെ മണമുള്ള സ്‌പ്രേകളും സോപ്പുകളും ഡിറ്റർജെനറുകളുമെല്ലാം മാർക്കറ്റിൽ സുലഭമായിക്കഴിഞ്ഞു. നാരങ്ങയുടെ അണുനാശനത്തിനുള്ള കഴിവും സുഗന്ധവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തരം വസ്തുക്കളെല്ലാം നമ്മുടെ വിപണിയിലെത്തുന്നത്.
എന്താണ് നാരകത്തിലും ഓറഞ്ചിലുമെല്ലാം കാണുന്ന ഈ മണത്തിന് കാരണം എന്താണെന്ന് അറിയാം.. മിക്ക നാരക ജനുസ്സ് ചെടികളിലും കാണുന്ന പ്രത്യേകതരം സുഗന്ധതൈലങ്ങളാണ് ഇവയിലെ മണത്തിനും സ്വാദിനും ആധാരം.
നമുക്ക് ഏറെ ഇഷ്ടമാണെങ്കിലും നാരങ്ങയുടെ മണം ജീവികൾക്കും ചെറുപ്രാണികൾക്കും അത്ര താത്പര്യമുള്ളതല്ല. അതുകൊണ്ടു തന്നെ, ഈ പ്രാണികളെ ചെടിയിൽ നിന്നും അകറ്റാനായി അവ തന്നെ നിർമിക്കുന്നതാണ് ഈ എണ്ണകൾ. ശത്രുക്കളിൽ നിന്നും രക്ഷനേടാൻ സ്വയം തന്ത്രങ്ങൾ അറിയുന്ന ഇവ പ്രാണികളെ അടുപ്പിക്കാതിരിക്കാൻ എണ്ണകൾ നിർമിക്കുന്നതുപോലെ തന്നെ മൃഗങ്ങൾ കടിക്കാതിരിക്കാൻ മുള്ളുകളും സൃഷ്ടിച്ചിട്ടുണ്ട്.
ശത്രുക്കളെ അകറ്റാനായി ഓരോ ചെടികൾക്കും വ്യത്യസ്തമായ പ്രതിരോധ സംവിധാനങ്ങളുണ്ട്. ചില ചെടികളിൽ കാണുന്ന പശയും ചിലതിൽ കാണുന്ന ചുണയുമെല്ലാം അത്തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങളാണ്. ഓരോ ചെടിയുടെ ഇലകളിലോ തണ്ടിലോ മറ്റു ഭാഗത്തോ ഈ പ്രതിരോധസംവിധാനം വിന്യസിക്കപ്പെടുന്നത് പലതരത്തിലാണ്. ചില ചെടികളിൽ ഇലകളിൽ കാണുന്ന രോമം പോലെയോ പൂട പോലെയോ ഉള്ളവയിൽ ഈ എണ്ണ കണ്ടേക്കും. മറ്റ് ചിലതിൽ ഇലയുടെയോ തണ്ടിന്റെയോ ഉപരിതലത്തിന് തൊട്ടുതാഴെയും മറ്റ് ചിലതിൽ തണ്ടിനുള്ളിലും ആയിരിക്കും ഈ എണ്ണ കാണപ്പെടുക. നാരക ജനുസ്സ് ചെടികളിൽ ഇലയുടെയോ തണ്ടിന്റെയോ പഴങ്ങളുടെയോ ഉപരിതലത്തിലെ ഒരു അടരിൽ തുറന്ന കുമിളകളായി ഇവ പ്രത്യക്ഷപ്പെടുന്നു.
ഈ കുമിളകൾക്കുള്ളിലാണ് എണ്ണയുടെ സ്ഥാനം. ഓയിൽ ഗ്ളാൻഡ്‌സ് എന്നറിയപ്പെടുന്നു ഇവ. പലതരത്തിലുള്ള ഇത്തരം സുഗന്ധ എണ്ണകൾ വിപണിയിലുണ്ട്, അവയിൽ 30 ശതമാനം നാരങ്ങയിൽനിന്നോ ഓറഞ്ചിന്റെ തൊണ്ടിൽനിന്നോ ആണ് ഊറ്റിയെടുക്കാറ്. ഇതുസംബന്ധിച്ചുള്ള നിരവധി ഗവേഷണങ്ങൾ ഇപ്പോൾ നടന്നുവരുന്നുണ്ട്.
ഈയിടെ നടത്തിയ ചില ഗവേഷണങ്ങൾ പുതിയ ചില അറിവുകളുമായാണ് എത്തിയിരിക്കുന്നത്. നാരങ്ങയിലെയും ഓറഞ്ചിലെയും എണ്ണഗ്രന്ഥികളുടെ വളർച്ചയുടെ വിശദാംശങ്ങൾ ചൈനയിലെ വിവിധ ശാസ്ത്രശാലകളിൽ നടത്തിയ പരീക്ഷണൾ വ്യക്തമാക്കുന്നു. നാരകത്തിന്റെ മുള്ളുകളാണ് പരീക്ഷണവസ്തുവായി തിരഞ്ഞെടുത്തത്. പരീക്ഷണം നടത്തിയതിൽ മുള്ളുകളുടെ അടിഭാഗത്ത് എണ്ണഗ്രന്ഥികൾ ധാരാളമായി കണ്ടെത്തിയിരുന്നു.
എണ്ണഗ്രന്ഥികൾ നിർമിച്ചെടുക്കാനുള്ള ഓറഞ്ച് വർഗത്തിന്റെ ഈ കളിവിന് പിന്നിൽ എൽഎം11 എന്ന ജീന ആണെന്ന് പരീക്ഷണത്തിൽ കണ്ടെത്തി. നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാനാവുന്ന ‘നാരങ്ങാമണം’ ഉള്ള എല്ലാ നാരകച്ചെടികളിലും ഈ ജീൻ ഉണ്ടെന്ന് ഗവേഷകർ പറയുന്നു.
Discussion about this post