വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ രാജ്യത്തലവനാണ് മോദി. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അമേരിക്ക വ്യക്തമാക്കിയതായി സംയുക്തവാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് മോദിയെന്നും ഇന്ത്യയ്ക്ക് കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് കൂടിക്കാഴ്ചക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പ്രഖ്യാപിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ലോസ് ഏഞ്ചൽസ് ജയിലിൽ കഴിയുന്ന റാണയെ കൈമാറാനുള്ള നിർദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചിരുന്നു. ഇതിനാണ് ധാരണയായത്.
ലോകമെമ്പാടുമുള്ള തീവ്ര ഇസ്ലാമിക ഭീകരതയുടെ ഭീഷണിയെ നേരിടാൻ ഇന്ത്യയും യുഎസും മുമ്പൊരിക്കലുമില്ലാത്തവിധം ഒരുമിച്ച് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചു.
കൈമാറൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി ട്രംപിന് നന്ദി പറയുകയും ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇന്ത്യയുടെ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇന്ത്യയുമായുള്ള സൈനികവ്യാപാരം വർധിപ്പിക്കുമെന്നും കൂടിക്കാഴ്ചയില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു. എഫ് – 35 സ്റ്റെൽത്ത് വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകും. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഇടനാഴിയായിരിക്കും ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും യുഎസും പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു. യു.എസിന്റെ ദേശീയ താത്പര്യങ്ങൾക്കാണ് ട്രംപ് എപ്പോഴും മുൻഗണന നൽകുന്നത്. അദ്ദേഹത്തെപ്പോലെ താനും ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ചും പ്രധാനമന്ത്രി നിലപാട് ശക്തമാക്കി.
ഇന്ത്യ ഒരു നിഷ്പക്ഷ രാജ്യമല്ല . രാജ്യം സമാധാനത്തിന്റെ പക്ഷത്താണ്. ഇത് യുദ്ധത്തിന്റെ യുഗമല്ല. യുദ്ധക്കളത്തിൽ ഒരിക്കലും ഒരു പരിഹാരം കണ്ടെത്താൻ കഴിയില്ല. എല്ലാ സമാധാന സംരംഭങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു, യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ സംരംഭത്തെയും പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post