ലോകത്ത് നടക്കുന്നതിൽവച്ച് ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് കുംഭമേള. 12 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ ഹൈന്ദവ ഉത്സവത്തിൽ പങ്കുചേരാൻ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും നിരവധി പേർ എത്തുന്നു. കുംഭമേളയ്ക്കായുള്ള യാത്ര ചിലർക്ക് തീർത്ഥാടനം ആണെങ്കിൽ മറ്റ് ചിലർക്ക് അത് വിനോദ സഞ്ചാരം ആണ്. എന്തുതന്നെയാണെങ്കിലും കുംഭമേളയ്ക്കായി എത്തുന്ന ഓരോരുത്തരും നമ്മുടെ രാജ്യത്തെ സംബന്ധിച്ച് മൂല്യമുള്ളവരാണ്.
45 ദിവസം നീണ്ട കുംഭമേളയിൽ പങ്കെടുക്കാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളാണ് പ്രയാഗ്‌രാജിൽ എത്തുക. ദിവസങ്ങളോളം ഇവിടെ തങ്ങുന്ന ഇവർ നമ്മുടെ ഖജാനാവിലേക്ക് എത്തിക്കുന്ന കോടിക്കണക്കിന് രൂപയാണ്. അതുകൊണ്ട് തന്നെ കുംഭമേളയെ സാമ്പത്തിക സുനാമി എന്നാണ് സാമ്പത്തിക വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
2013 ൽ കുംഭമേളയിൽ നിന്നും 12,000 കോടി രൂപയുടെ വരുമാനം ആയിരുന്നു നമ്മുടെ രാജ്യത്തിന് ലഭിച്ചത്. പിന്നീട് 2019 ൽ നടന്ന അർദ്ധ കുംഭമേളയിൽ വരുമാനം 1.2 ലക്ഷം കോടി രൂപയായി ഉയർന്നു. ഇക്കുറി 2 ലക്ഷം മുതൽ 3 ലക്ഷം കോടി രൂപവരെ വരുമാനം ആയിരിക്കും രാജ്യത്തിന് ലഭിക്കുക. 400 മുതൽ 450 മില്യൺ ആളുകൾ ഇവിടെ എത്തുന്നുവെന്നാണ് ഏകദേശ കണക്ക്. ഇവർ ഓരോരുത്തരും ഓരോ ദിവസവും 600 മുതൽ 750 രൂപവരെ വിവിധ ആവശ്യങ്ങൾക്കായി ഇവിടെ ചിലവഴിക്കും. ഇതെല്ലാം നേരെ എത്തുന്നത് സർക്കാരിന്റെ പണപ്പെട്ടിയിലേക്ക് ആണ്.
കുംഭമേള ഉത്തർപ്രദേശിന്റെ ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് നൽകുന്നത് ചില്ലറ സംഭാവനയൊന്നും അല്ല. കുംഭമേള ആരംഭിക്കുമ്പോൾ തന്നെ ഇവിടുത്തെ ഹോട്ടലുകൾ നിറയും. ആളുകൾ താമസത്തിന് വേണ്ടി നൽകുന്ന പണം മാത്രം 15,000 കോടി കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമേ സർക്കാർ സജ്ജീകരിച്ചിട്ടുള്ള താമസ സ്ഥലങ്ങളിലും ആളുകളെ കൊണ്ട് നിറയും. ഇവിടെ നിന്നുമുള്ള വരുമാനം ആകട്ടെ 10,000 കോടി കടക്കും. തീർത്ഥാടകർ ഭക്ഷണം കഴിക്കുന്നതുവഴി മാത്രം 5000 കോടി രൂപയുടെ നേട്ടമാണ് ഉണ്ടാകുന്നത്.
കുംഭമേളയോട് അനുബന്ധിച്ച് നിരവധി സ്‌പെഷ്യൽ ട്രെയിൻ, ബസ്, വിമാന സർവ്വീസുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇതുവഴിയും സർക്കാരിന് വന്ന് ചേരുന്നുണ്ട് കോടികളുടെ വരുമാനം. ഇക്കുറി 1500 സ്‌പെഷ്യൽ ട്രെയിൻസർവ്വീസ് ആണ് ഉള്ളത്. ഇതുവഴി മാത്രം 20,000 കോടി രൂപയുടെ വരുമാനം ഉണ്ടാകും. ബസ് സർവ്വീസുകൾ വഴി മാത്രം 12,000 കോടിയുടെ നേട്ടം ഉണ്ടാകും. ലോക്കൽ ടാക്‌സി, റിക്ഷാ സർവ്വീസിൽ നിന്നും 4000 കോടി രൂപയാണ് ലഭിക്കുക.
മാർക്കറ്റിംഗിനായുള്ള വലിയൊരു വേദി കൂടിയാണ് കുംഭമേള. 2019 ലെ അർദ്ധകുംഭമേളയിൽ പരസ്യത്തിലൂടെയും സ്‌പോൺസർഷിപ്പിലൂടെയും 2000 കോടി രൂപയുടെ നേട്ടം ആയിരുന്നു ഉണ്ടായത്. ഇത് ഇക്കുറി മൂവായിരം കടക്കും. കേവലം ഒന്നരമാസം കൊണ്ട് ഇത്രയേറെ നേട്ടം ഉണ്ടാകുന്നതുകൊണ്ടാണ് സാമ്പത്തിക സുനാമി എന്ന് കുംഭമേളയെ വിശേഷിപ്പിക്കുന്നത്.
സാമ്പത്തിക ഗുണം മാത്രമല്ല കുംഭമേള രാജ്യത്തിനും സംസ്ഥാനത്തിനും നൽകുന്ന വേറെയും ഗുണങ്ങൾ ഉണ്ട്. അടിസ്ഥാന സൗകര്യവികസനം ഇതിൽ പ്രധാനപ്പെട്ടതാണ്. കുംഭമേളയോട് അനുബന്ധിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി യുപി സർക്കാർ 5500 കോടി രൂപയാണ് അനുവദിച്ചത്. ഇത് പൂർണമായി ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ദീർഘകാലത്തേയ്ക്ക് ഗുണം ചെയ്യുന്നതാണ് ഈ നവീകരണം.
ഉത്തർപ്രദേശിനെയും രാജ്യത്തെയും സംബന്ധിച്ച് ദീർഘകാല സാമ്പത്തിക സുരക്ഷ പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണ് കുംഭമേള. മികച്ച സൗകര്യങ്ങൾ കുംഭമേളയ്ക്ക് ശേഷവും വിനോദസഞ്ചാരികളെ സംസ്ഥാനത്തേയ്ക്ക് ആകർഷിക്കും. ഇതുവഴിയും മികച്ച വരുമാനം നേടാൻ സർക്കാരിന് കഴിയും.
Discussion about this post