ന്യൂഡൽഹി : ഇന്ത്യയുടെ അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഫെബ്രുവരി 17 ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അടുത്ത ആഴ്ച യോഗം ചേരും. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിരമിക്കുന്നതിന് മുന്നോടിയായിട്ടാണ് പുതിയ കമ്മീഷണറെ തിരഞ്ഞെടുക്കുന്നത്. സെർച്ച് കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളിൽ നിന്ന് ഒരു പേര് പാനൽ ശുപാർശ ചെയ്യും. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയും ഉൾപ്പെടുന്നതാണ് സെലക്ഷൻ കമ്മിറ്റി.
ഫെബ്രുവരി 18 നാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ വിരമിക്കുന്നത്. ഇതിനു മുന്നോടിയായി തന്നെ പുതിയ കമ്മീഷണറുടെ പേര് അന്തിമമാക്കും. സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ആണ് അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുക . കഴിഞ്ഞ വർഷം ഒരു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പരമ്പരാഗത രീതികളനുസരിച്ച് നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വിരമിക്കലിനുശേഷം ഏറ്റവും മുതിർന്ന തിരഞ്ഞെടുപ്പ് കമ്മീഷണറെ (ഇസി) സിഇസി ആയി പാലക്കാട് നൽകുകയായിരുന്നു ചെയ്തിരുന്നത്.
സിഇസി, ഇസി നിയമനങ്ങൾ സംബന്ധിച്ച പുതിയ നിയമം അനുസരിച്ച് ആയിരിക്കും ഇനിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നത്. ഇതിനായി സെർച്ച് കമ്മിറ്റി അഞ്ച് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത്
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു പാനലിന്റെ പരിഗണനയ്ക്കായി അയയ്ക്കും. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാറിന് ശേഷം ഏറ്റവും മുതിർന്ന തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ ആണ്. 2029 ജനുവരി 26 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. സുഖ്ബീർ സിംഗ് സന്ധുവാണ് രണ്ടാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ. രാജീവ് കുമാറിന്റെ വിരമിക്കൽ മൂലമുണ്ടായ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനു പുറമേ പുതിയ ഒരു ഇസിയെയും നിയമിച്ചേക്കാൻ സാധ്യതയുണ്ട്.
Discussion about this post