വാഷിംഗ്ടൺ :അമേരിക്കൻ സൈന്യത്തിൽ നിന്ന് ട്രാൻസ്‌ജെൻഡറുകളെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു . ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഇനി സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്ന് യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു . സൈനികർക്ക് ലിംഗഭേദം സ്ഥീരികരിക്കുന്ന പരിചരണം നൽകുന്നത് നിർത്തുമെന്ന് യുഎസ് സൈന്യം അറിയിച്ചു. ട്രാൻസ്‌ജെൻഡർ സൗഹൃദം അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡർ മാത്രമാണ് യുഎസിൽ ഉണ്ടാവുകയെന്നും ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സൈന്യത്തിന്റെ പ്രഖ്യാപനം.
‘യുഎസ് സൈന്യം ഇനിമുതൽ ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തുമെന്ന് സൈന്യം എക്‌സിൽ കുറിച്ചു.
ഒരു വ്യക്തിയുടെ ജൈവിക ലിംഗഭേദവും ലിംഗ സ്വത്വവും തമ്മിലുള്ള പൊരുത്തക്കേട് മൂലമുണ്ടാകുന്ന ഒരു മാനസിക ക്ലേശമാണ് ജെൻഡർ ഡിസ്‌ഫോറിയ . ലിംഗപരമായ ഡിസ്‌ഫോറിയ ഉള്ള വ്യക്തികൾ നമ്മുടെ രാജ്യത്തെ സേവിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അവരെ മാന്യമായും ബഹുമാനത്തോടെയും പരിഗണിക്കുമെന്നും യുഎസ് സൈന്യം അറിയിച്ചു.
2016 ൽ ഒബാമയുടെ ഭരണ കാലത്താണ് സൈന്യത്തിൽ ട്രാൻസ്‌ജെൻഡറുകൾക്ക് പ്രവേശനം നൽകിയത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള സൈനികർ തങ്ങളുടെ വ്യക്തി ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈനീക വൃത്തിയോട് താത്പര്യം കാണിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ സാന്നിധ്യം സൈന്യത്തിന് ദോഷകരമാണെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സൈന്യത്തിലെ ചില സുപ്രധാന സ്ഥാനങ്ങളിൽ ട്രാൻസ്‌ജെൻഡറുകൾ ജോലിചെയ്യുന്നുണ്ട്. ഇവരുടെ ഭാവി സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ട്രംപ് നടത്തിയിട്ടില്ല. ഇത് ചില മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ട്രാൻസ്‌ജെൻഡർ വിരുദ്ധ സമീപനങ്ങൾക്കെതിരേ നിയമപോരാട്ടം നടത്തുമെന്ന് ചില സംഘടനകൾ അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ ജെൻഡർ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ട്രംപിന്റെ പ്രഖ്യാപനങ്ങൾ ആശങ്കയുണ്ടാക്കുന്നതായിരുന്നു. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി മെക്സിക്കൻ അതിർത്തിയിൽ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനോടകം ആയിരത്തിലധികം അനധികൃത കുടിയേറ്റക്കാരെ നടുകടത്തിയിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ് തന്റെ പ്രചാരണ സമയത്ത് വാഗ്ദാനം ചെയ്തിരുന്നു.
Discussion about this post