ചെന്നൈ: ഏറ നാളത്തെ കാത്തിരിപ്പിന് ശേഷം പാമ്പൻ പാലമെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുകയാണ്. പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഈ മാസം 28ന് തമിഴ്‌നാട്ടിലെ രാമേശ്വരം സന്ദർശിക്കും. മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന ഉദ്ഘാടന പരിപാടിയാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
പഴയ പാലത്തിന് പകരമായി 2.1 കിലോമീറ്റർ നീളത്തിലാണ് പുതിയ പാലം പണി കഴിപ്പിച്ചിരിക്കുന്നത്. 550 കോടി രൂപ ചിലവിൽ നിർമിച്ച പുതിയ പാലം ആറ് വർഷം കൊണ്ടാണ് പൂർത്തിയായിരിക്കുന്നത്. പഴയ പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയ പാലം. കപ്പലുകൾക്ക് കടന്നുപോകാൻ ഉയർത്താൻ കഴിയുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്ടിങ് കടൽപ്പാലമാണിതെന്ന പ്രത്യേകതയും പുതിയ പാമ്പൻ പാലത്തിനുണ്ട്.
കഴിഞ്ഞ ഒക്‌ടോബറിൽ പാലത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും ചില സുരക്ഷാ വീഴ്ച്ചകൾ ഉള്ളതായി റെയിൽവേ സുരക്ഷാ കമ്മീഷണർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു. 1914ൽ കമ്മീഷൻ ചെയ്ത ബ്രിട്ടീഷ് കാലഘട്ടത്തിലെ പാമ്പൻ റെയിൽവേ പാലത്തിന് പകരമായാണ് പുതിയ പാലം വരുന്നത്. കപ്പലുകൾക്ക് കടന്നുപോകാൻ അനുവദിക്കുന്നതിനായി കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന തിരശ്ചീന തുറക്കൽ സംവിധാനം ഈ പാലത്തിലുണ്ടായിരുന്നു.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പാലം ഇന്ത്യൻ വൻകരയെ ചാർ ധാം തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ രാമേശ്വരം ദ്വീപുമായി ബന്ധിപ്പിക്കുന്നു. മീറ്റർ ഗേജ് ട്രെയിനുകൾക്കായി ആദ്യം നിർമ്മിച്ച പഴയ പാലം ബ്രോഡ് ഗേജ് ഗതാഗതത്തിനായി ബലപ്പെടുത്തുകയും 2007 ൽ വീണ്ടും തുറക്കുകയും ചെയ്തിരുന്നു. 2019 ഫെബ്രുവരിയിലാണ് തുരുമ്പെടുത്ത് നശിച്ച് തുടങ്ങിയ പഴയ പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്.
72.5 മീറ്റർ നീളമുള്ള പാലത്തിന്റെ മധ്യഭാഗം സമുദ്ര ഗതാഗതം സുഗമമാക്കുന്നതിനായി 17 മീറ്റർ ഉയരത്തിലേക്ക് ഉയർത്താൻ കഴിയുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.
പാലത്തിൽ നിലവിൽ ഒരു വൈദ്യുതീകരിച്ച റെയിൽവേ ട്രാക്ക് സജ്ജീകരിച്ചിരിക്കുന്നു, ഭാവിയിൽ വർദ്ധിച്ച റെയിൽ ഗതാഗതത്തെ പിന്തുണയ്ക്കുന്നതിനായി ഒരു അധിക ലൈൻ കൂടി ഉൾപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.
Discussion about this post