ഈ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കൊയിലാണ്ടിയിൽ മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടത്. തുടർന്ന് വനംവകുപ്പും റവന്യൂ വകുപ്പും നടത്തിയ പരിശോധനയിൽ ആന എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ ആന എഴുന്നള്ളിപ്പുകൾ നിർത്തിവെയ്ക്കാൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും നിർത്തിവെയ്ക്കാനാണ് തീരുമാനമായിരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ഹൈക്കോടതിയും ഇടപെട്ടിരുന്നു. ആന ഇടഞ്ഞ വിഷയത്തിൽ ഗുരുവായൂർ ദേവസ്വം ലൈവ് സ്റ്റോക് ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ തിങ്കളാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാൻ അനുമതി നൽകുന്നത് എന്തുകൊണ്ടാണെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ആർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്യുന്നതെന്നും ചോദിച്ചിരുന്നു.
ഇപ്പോഴിതാ ആന ഇടയൽ വിഷയത്തിൽ ദുരന്തനിവാരണവിദഗ്ധൻ മുരളീ തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ചർച്ചയാവുകയാണ്. ആന ആപ്പിന് സമയമായി എന്നാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ പറഞ്ഞുവയ്ക്കുന്നത്. കേരളത്തിൽ എവിടെയെങ്കിലും ഒരു കാട്ടാനയെ കണ്ടാൽ അത് ആപ്പിൽ സിറ്റിസൺ സയൻസ് വഴി മാപ്പ് ചെയ്യാം. കോളർ ഉളള ആനയാണെങ്കിൽ അത് ലൈവ് ആയി കൊടുക്കാം. നമ്മുടെ ചുറ്റും ഒരു കിലോമീറ്ററിനകം ആന ഉണ്ടെങ്കിൽ നമുക്ക് ഒരു ‘ആന അലേർട്ട്’ കിട്ടുന്ന തരത്തിൽ ആപ്പ് സെറ്റ് ചെയ്യാം.കേരളത്തിലെ സുരക്ഷാബോധം അനുസരിച്ച് അടുത്ത ഒരു കിലോമീറ്ററിൽ ആനയിറങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞാൽ ബൈക്ക് എടുത്തോ ഓട്ടോ വിളിച്ചോ അങ്ങോട്ട് ഓടിച്ചെല്ലുന്ന ആളുകൾ ആണ് കൂടുതൽ. ഡാർവിൻ അവാർഡിന് വേണ്ടി മത്സരിക്കുന്നവരാണ്, അവരെ നമുക്ക് രക്ഷിച്ചെടുക്കാൻ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
ഒരു ആന ആപ്പിന് സമയം ആയി.
ഏതാനും വർഷങ്ങൾക്ക് മുൻപ് വയനാട്ടിലെ മുൻ എം എൽ എ ശ്രീ ശശീന്ദ്രൻ എന്നെ വിളിച്ചു. വയനാട്ടിൽ വർധിച്ചു വരുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെ പറ്റി സംസാരിക്കാനാണ് വിളിച്ചത്. ഈ വിഷയത്തിൽസാങ്കേതികമായി എന്ത് ചെയ്യാൻ കഴിയും, മറ്റു രാജ്യങ്ങൾ എന്ത് ചെയ്യുന്നു എന്നതൊക്കെയാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.
ആഫ്രിക്കയിലെ പല രാജ്യങ്ങളിലും കേരളത്തിലെപ്പോലെ തന്നെ ഇതൊരു വിഷയമാണ്. ഈ വിഷയത്തിൽ അവർ എന്ത് ചെയ്യുന്നു എന്നതിനെപ്പറ്റി എനിക്ക് ഏതാണ്ട് ഒരു രൂപമുണ്ട്. പക്ഷെ ഇന്ത്യയിൽ നില നിൽക്കുന്ന നിയമങ്ങൾക്കുള്ളിൽ അത് പലതും നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ട്.
ഇന്ത്യ ജി 20 പ്രസിഡൻസിയിൽ ഇരിക്കുന്ന സമയമാണ്. കേന്ദ്രഗവൺമെന്റിൽ വൈൽഡ് ലൈഫ് വകുപ്പിന്റെ തലവൻ ജി 20 ആയി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ വിഷയത്തെ പറ്റി ഞാൻ അദ്ദേഹത്തോട് സംസാരിച്ചു.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലും സുഹൃത്തുക്കൾ ഉണ്ട്. അവരോടും സംസാരിച്ചു.
വിഷയത്തെ പറ്റി എല്ലാവർക്കും അറിവും അഭിപ്രായങ്ങളും ഉണ്ട്. പക്ഷെ ഇത് കുറക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാൻ നിയമപരവും അല്ലാത്തതുമായ പല പരിമിതികളും ഉണ്ട്.
അക്കാലത്ത് ഒരിക്കൽ ഞാൻ വൈൽഡ് ലൈഫ് ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞമാരോട് ചോദിച്ചു നിങ്ങൾ ഇന്ത്യയിൽ ഓരോ അനിമൽ അറ്റാക്ക് ഉണ്ടാകുമ്പോഴും അതിന്റെ എണ്ണം എടുക്കുന്നതല്ലാതെ അതിന്റെ കോർഡിനേറ്റ് മാപ്പ് ചെയ്യാറുണ്ടോ?
ഇല്ല എന്നതായിരുന്നു ഉത്തരം.
കാടിന് അകത്തും പുറത്തും അനിമൽ അറ്റാക്ക് ഉണ്ടാകുന്ന സ്ഥലങ്ങൾ മാപ്പിൽ കൃത്യമായി മാപ്പ് ചെയ്ത് തുടങ്ങിയാൽ സ്ഥിരമായി ആക്രമണങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ അറിയാം എന്ന് മാത്രമല്ല എവിടെയൊക്കെയാണ് കാടിന് പുറത്തേക്ക് ആക്രമണ സംഭവങ്ങൾ ഉണ്ടാകുന്നത്, അത് എത്ര വേഗത്തിലാണ് പരക്കുന്നത് എന്നൊക്കെ മനസ്സിലാക്കാൻ പറ്റും.
നല്ല ആശയം ആണ്, ചെയ്ത് നോക്കാം എന്നൊക്കെ അവർ പറഞ്ഞിരുന്നു. ചെയ്യുന്നുണ്ടോ എന്നറിയില്ല.
ഞാൻ എന്താണെങ്കിലും കേരളത്തിൽ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങൾ കഴിഞ്ഞ പത്തു വർഷത്തെ പത്ര വാർത്തകളിൽ നിന്നും ഒന്ന് മാപ്പ് ചെയ്ത് നോക്കി.
അങ്ങനെയാണ് ഈ കണക്കിന് പോയാൽ ഇപ്പോൾ മലയാറ്റൂരിൽ നിന്നും പുഴകടന്ന് വേങ്ങൂരിൽ എത്തിയ ആനക്കൂട്ടം പത്തുവർഷത്തിനകം പെരുമ്പാവൂരിൽ എത്തും എന്നുള്ള പ്രവചനം നടത്തിയത്. പ്രവചനം അല്ല പ്രൊജക്ഷൻ ആണ്.
ഇതൊക്കെ ശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ പറഞ്ഞാൽ സിഗരറ്റ് കൂടിന് മുകളിൽ ഉള്ള കണക്കുകൂട്ടലാണ്. കൂടുതൽ കൃത്യമായി ശാസ്ത്രീയമായി കേരളം ഒട്ടാകെ ഇത്തരത്തിൽ ഉള്ള മാപ്പിങ്ങും പ്രൊജക്ഷനും നടത്തേണ്ട സമയം കഴിഞ്ഞു.
പക്ഷെ അതുകൊണ്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ല. ആനയിൽ നിന്നും ആളെ രക്ഷിക്കണമെങ്കിൽ ഇപ്പോൾ തന്നെ എന്തെങ്കിലും ഒക്കെ ചെയ്യണമല്ലോ.
കേരളത്തിൽ ഇപ്പോൾ നാട്ടാനയും കാട്ടാനയും ആയി ആളുകളെ കുത്തിക്കൊല്ലുന്നത് ആഴ്ചയിൽ ഒന്ന് വച്ചായി.
അതുകൊണ്ട് തന്നെ കേരളത്തിൽ ഒരു ആന ആപ്പ് വേണം എന്നാണ് എന്റെ നിർദ്ദേശം.
കേരളത്തിൽ എവിടെയെങ്കിലും ഒരു കാട്ടാനയെ കണ്ടാൽ അത് ആപ്പിൽ സിറ്റിസൺ സയൻസ് വഴി മാപ്പ് ചെയ്യാം. കോളർ ഉളള ആനയാണെങ്കിൽ അത് ലൈവ് ആയി കൊടുക്കാം. നമ്മുടെ ചുറ്റും ഒരു കിലോമീറ്ററിനകം ആന ഉണ്ടെങ്കിൽ നമുക്ക് ഒരു ‘ആന അലേർട്ട്’ കിട്ടുന്ന തരത്തിൽ ആപ്പ് സെറ്റ് ചെയ്യാം.
കേരളത്തിലെ സുരക്ഷാബോധം അനുസരിച്ച് അടുത്ത ഒരു കിലോമീറ്ററിൽ ആനയിറങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞാൽ ബൈക്ക് എടുത്തോ ഓട്ടോ വിളിച്ചോ അങ്ങോട്ട് ഓടിച്ചെല്ലുന്ന ആളുകൾ ആണ് കൂടുതൽ. ഡാർവിൻ അവാർഡിന് വേണ്ടി മത്സരിക്കുന്നവരാണ്, അവരെ നമുക്ക് രക്ഷിച്ചെടുക്കാൻ ആവില്ല.
പക്ഷെ സുരക്ഷാബോധം ഉള്ളവരും ജീവനിൽ കൊതിയുള്ളവരും ആയവർക്കെങ്കിലും ഈ അലേർട്ട് കൊണ്ട് മുൻകരുതലുകൾ എടുക്കാം. ആ വഴിക്ക് പോകാതിരിക്കാം, കുട്ടികളെ സുരക്ഷിതരാക്കാം, എന്നിങ്ങനെ.
ആനയെ മാത്രമല്ല കടുവയും പുലിയും പന്നിയും ഒക്കെ ആപ്പിന്റെ ഭാഗം ആക്കാം.
അല്പം അതി സുരക്ഷാബോധം ഉള്ളവർക്ക് വേണ്ടി നാട്ടാനകളുടെ ലൊക്കേഷൻ കൂടി കൊടുക്കാം. ആനയെ എഴുന്നള്ളിക്കുന്ന ആഘോഷങ്ങൾക്ക് പോകാതിരിക്കാമല്ലോ.
ഈ വിഷയത്തെ പറ്റി കൂടുതൽ സീരിയസ് ആയി പലതും പറയാനുണ്ട്. പിന്നീട് ഒരിക്കൽ ആകാം.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
Discussion about this post