ന്യൂഡൽഹി: മുംബൈ ഭീകരാക്രമണകേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത് വൈകാൻ സാധ്യത. പുനഃപരിശോധനാ ഹർജി തള്ളിയതിനെത്തുടർന്ന് ഇയാൾ അന്തിമ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ ഇന്ത്യയിലെത്തിക്കുന്നത് ഏതാനും ആഴ്ചകൾ വൈകിപ്പിച്ചേക്കാമെന്നും വൃത്തങ്ങൾ പറഞ്ഞു.
റാണയെ ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി എൻഐഎ സംഘം ഉടൻ അമേരിക്കയിലേക്ക് തിരിക്കും. അമേരിക്കയിലെ വിവിധ ഏജൻസികളായി ഇന്ത്യ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട വിചാരണകൾക്കായി ഇന്ത്യയ്ക്ക് കൈമാറരുത് എന്ന് ആവശ്യപ്പെട്ട് റാണ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇത് സുപ്രീംകോടതി തള്ളിയതോടെയാണ് റാണയുടെ കൈമാറ്റത്തിനുള്ള വഴി ഒരുങ്ങിയത്. കേസിലെ റാണയുടെ പങ്ക് വ്യക്തമാക്കുന്ന മുഴുവൻ തെളിവുകളും അമേരിക്കയ്ക്ക് ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കോടതിയുടെ അനുകൂല ഉത്തരവ്.
ലഷ്‌കർ ഇ ത്വയ്ബ ഭീകരനായ തഹാവൂർ റാണക്ക് പാകിസ്താൻ ഐഎസ്‌ഐയുമായും ബന്ധമുണ്ട്. പാകിസ്താനിൽ വേരുകളുള്ള കനേഡിയൻ പൗരനാണ് തഹാവൂർ റാണ. മുംബെെയിൽ ഇയാളുടെ നേതൃത്വത്തിൽ നടത്തിയ ഭീകരാക്രമണത്തിൽ 166 പേർക്കാണ് ജീവൻ നഷ്ടമായത്.
2008 ൽ നിരവധി പേരുടെ ജീവനെടുത്ത ഭീകരാക്രമണ കേസിലെ പ്രതിയാണ് തഹാവൂർ റാണ. നിലവിൽ ലോസ് ഏഞ്ചൽസ് മെട്രോപോളിറ്റൻ ഡിറ്റൻഷൻ സെന്ററിലുള്ള ഇയാളെ വിചാരണയ്ക്കായി എത്തിക്കാൻ വർഷങ്ങളായി ഇന്ത്യ ശ്രമം തുടരുകയാണ്. ഇതിനെതിരെ നിരവധി ഹർജികളാണ് റാണ അമേരിക്കൻ ഫെഡറൽ കോടതികളിൽ നൽകിയത്. എന്നാൽ ഇതെല്ലാം കോടതികൾ തള്ളുകയായിരുന്നു. യുഎസ് കോർട്ട് ഓഫ് അപ്പീലിലും റാണ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇവിടെ നിന്നെല്ലാം തിരിച്ചടി നേരിട്ടതോടെ അമേരിക്കൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീംകോടതിയും ഇന്ത്യയ്‌ക്കൊപ്പം നിന്നു. ഇതോടെയാണ് റാണയുടെ കൈമാറ്റം സാദ്ധ്യമായത്.
Discussion about this post