ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു.കേരള കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ്കുമാർ ആഗ്ര സ്വദേശിയാണ്. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ കാലാവധി ഫെബ്രുവരി 18 ന് അവസാനിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് ഗ്യാനേഷ്കുമാറിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമനം നൽകിയത്.തിങ്കളാഴ്ച രാത്രി വൈകിയാണ് നിയമ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
1988 കേരള കേഡറിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ഇതിനുമുമ്പ്, അദ്ദേഹം പാർലമെന്ററി കാര്യ മന്ത്രാലയത്തിലും സഹകരണ മന്ത്രാലയത്തിലും സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ, ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിലെ ജമ്മു കശ്മീർ ഡെസ്കിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു.
എറണാകുളം ജില്ലാ കളക്ടർ, കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ എംഡി തുടങ്ങി കേരളത്തിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ഐഐടി കാൺപൂരിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം നേടിയ ഗ്യാനേഷ്കുമാർ ഐസിഎഫ്എഐയിൽ നിന്ന് ബിസിനസ് ഫിനാൻസും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പരിസ്ഥിതി സാമ്പത്തിക ശാസ്ത്രവും പഠിച്ചു. ഈ വര്‍ഷം ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.
Discussion about this post