റായ്പൂർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് ഛത്തീസ്ഗഡിൽ ആരംഭിച്ചു. തിരഞ്ഞെടുപ്പിൽ 76 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനെ നേരിടാൻ മാവോയിസ്റ്റ് ഭീകരർ ധൈര്യപ്പെടാത്ത ആദ്യ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി വ്യക്തമാക്കി.
ഇത്രയും സമാധാനപൂർവ്വം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ 40 വർഷത്തിനിടെ ആദ്യമായി മാവോയിസ്റ്റ് ബാധിത ജില്ലകളായ സുക്മ, ബിജാപൂർ ജില്ലകളിലെ 130-ലധികം പോളിംഗ് സ്റ്റേഷനുകളിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ പങ്കാളികളായി, മുഖ്യമന്ത്രി പറഞ്ഞു.
മാവോയിസ്റ്റ് കമാൻഡർ ഹിദ്മയുടെ ജന്മഗ്രാമമായ പുവാർത്തിയിലെ നാട്ടുകാരും വോട്ട് ചെയ്യാൻ എത്തിയിരുന്നു. “നക്‌സലിസത്തിൻറെ അന്ത്യവും ജനാധിപത്യത്തിൻറെ വിജയവും സംബന്ധിച്ച റിപ്പോർട്ടുകൾ വളരെയേറെ സംതൃപ്തി നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. “ബസ്തർ ഡിവിഷനിൽ, ബാലറ്റിൻറെ സ്വാധീനം ഇപ്പോൾ ബുള്ളറ്റിനെ മറികടക്കുന്നു. ബസ്തറിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നക്‌സലുകൾ എതിർക്കാത്തത് ഇതാദ്യമാണ്.”
അതീവ ജാഗ്രതാ പ്രദേശങ്ങളിൽ 40-ലധികം പുതിയ സുരക്ഷാ ക്യാമ്പുകൾ സർക്കാർ സ്ഥാപിച്ചതിനാലാണ് ഇത് സാധ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസ്തറിന് അർബുദമായി മാറിയ നക്സലിസത്തിൻറെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും സർക്കാർ അടിച്ചുകഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ സുരക്ഷാ ക്യാമ്പ് – ഒരു CRPF ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് – ഫെബ്രുവരി 13 ന് ബീജാപൂർ ജില്ലയിലെ പൂജരിക്കങ്കറിൽ തുറന്നു. ബീജാപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളായ ഉസുർ, പാമെഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന നിർണായക പാതയുടെ നിർമ്മാണത്തെ സഹായിക്കുന്നതിനായാണ് ക്യാമ്പ് സ്ഥിതിചെയ്യുന്നത്.
“പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ദൃഢനിശ്ചയപ്രകാരം, ബസ്തറിലെ നക്‌സലിസം ഉന്മൂലനം 2026 മാർച്ചോടെ കൈവരിക്കും. ഇത് തീവ്രവാദ ശക്തികൾക്കെതിരെയുള്ള ജനാധിപത്യത്തിൻറെ വിജയമാണ്, ജയ് ബസ്തർ, ജയ് ഛത്തീസ്ഗഡ്” സായി പറഞ്ഞു.












Discussion about this post