ലക്‌നൗ: 27കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഝാൻസിയിലെ കോട്വാലി മേഖലയിലെ ശിവ് പരിവാർ കോളനി പ്രദേശത്താണ് സംഭവം നടന്നത്. ഝാൻസി സ്വദേശിയായ സന്ദീപ് ബുഹോലിയ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ ഭർത്താവിന് നേരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ദമ്പതികളുടെ നാല് വയസുകാരിയായ കുഞ്ഞിന്റെ ഇടപെടലാണ് പോലീസിന് പ്രതിയിലേക്കുള്ള തുമ്പ് ലഭിച്ചത്.
യുവതി മരിച്ചതിന് പിന്നാലെ ഇരുവരുടെയും മകൾ പോലീസിൽ മൊഴി നൽകുകയായിരുന്നു. അമ്മയെ അച്ഛൻ എങ്ങനെയാണ് കൊന്നതെന്ന് മകൾ പോലീസിന് വരച്ച് നൽകി. ‘അച്ഛൻ അമ്മയെ അടിച്ചു, പിന്നെ തൂക്കി. അമ്മയുടെ തലയിൽ ഒരു കല്ലുകൊണ്ട് അടിച്ചു. പിന്നെ ഒരു ചാക്കിൽ ഇട്ട് ദൂരെയെറിഞ്ഞു’- കുഞ്ഞ് പോലീസിനോട് പറഞ്ഞു.
തലേന്നും പ്രതി അമ്മയെ ഭീഷണിപ്പെടുത്തിയതായി കുട്ടി പോലീസിന് മൊഴി നൽകി. അമ്മയെ അടിച്ചാൽ താൻ അച്ഛന്റെ കയ്യൊടിക്കുമെന്ന് അയാളോട് പറഞ്ഞിരുന്നതായും കുട്ടി പറഞ്ഞു. അമ്മ മരിക്കാൻ വേണ്ടി അച്ഛൻ എപ്പോഴും അവരെ അടിക്കുമായിരുന്നുവെന്നും തന്നോടും അങ്ങനെ തന്നെയാണ് ചെയ്തിരുന്നതെന്നും കുഞ്ഞ് പറഞ്ഞു. കുഞ്ഞിന്റെ ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2019ലാണ് സന്ദീപുമായുള്ള യുവതിയുടെ വിവാഹം കഴിഞ്ഞത്. മകൾക്ക് 20 ലക്ഷം രൂപയും മറ്റ് സമ്മാനങ്ങളും സ്ത്രീധനമായി നൽകിയിരുന്നതായി യുവതിയുടെ പിതാവ് സഞ്ജയ് ത്രിപാഠി പറയുന്നു. എന്നാൽ, വിവാഹത്തിന് ശേഷം, അധിക സ്ത്രീധനമായി കാർ ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. അവർ ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാതെ വന്നതോടെ, യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു തുടങ്ങി. ഇതേ തുടർന്ന് യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഒത്തുതീർപ്പിന് ശേഷം പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്നു.
ഇതിന് പിന്നാലെയാണ് ഇരുവർക്കും ഒരു മകൾ ജനിച്ചത്. എന്നാൽ, ഇതും വലിയ പ്രശ്‌നങ്ങൾക്ക് തുടക്കമട്ടു. ആൺകുഞ്ഞിന് ജന്മം നൽകാത്തതിന്റെ പേരിൽ ഭർതൃവീട്ടുകാർ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. പ്രസവശേഷം ജനിച്ചത് പെൺകുട്ടിയാണെന്ന് അറിഞ്ഞതോടെ, ആശുപത്രിയിൽ ഉപേക്ഷിച്ച യുവതിയെയും കുഞ്ഞിനെയും തങ്ങളായിരുന്നു ബില്ലുകൾ അടച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോന്നതെന്നും പിതാവ് വ്യക്തമാക്കുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post