ഇസ്ലാമാബാദ്: പാകിസ്താനിൽ അടുത്തിടെയാണ് വൻതോതിൽ സ്വർണ ശേഖരം കണ്ടെത്തിയത്. ഇത് മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന പാകിസ്താന് വീണ് കിട്ടിയ ‘ ഗോൾഡൻ ചാൻസ് ‘ ആയിരുന്നു ഇത്. സിന്ധുനദിയിലും ബലൂചിസ്ഥാനിലുമാണ് സ്വർണ ശേഖരം കണ്ടെത്തിയത് എന്നാണ് വിവരം.
653 ടൺ സ്വർണം ആണ് സിന്ധുനദിയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇവ പാകിസ്താൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 800 ബില്യൺ ഡോളർ വരും. പാകിസ്താനെ സംബന്ധിച്ച് ഇത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. എന്നാൽ അതേ സമയം ഇത് വലിയൊരു തലവേദന കൂടി ആയിരിക്കുകയാണ്.
സിന്ധുനദിയിൽ സ്വർണമുണ്ടെന്ന വാർത്ത ആളുകളെ ആകെ ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ ആളുകൾ കൂട്ടമായി സ്വർണം ശേഖരിക്കാൻ സിന്ധൂനദിയുടെ തീരത്ത് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നദിയിൽ നിന്നും സ്വർണം ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ബക്കറ്റും ചാക്കുമായിട്ടാണ് ഇവർ നദിയിലേക്ക് എത്തുന്നത്. മണൽ അരിക്കുന്നതിനായി പ്രത്യേകം അരിപ്പയും ഇവർ കൊണ്ടുവരുന്നുണ്ട്. ഈ അരിപ്പയിൽ പുഴയിൽ നിന്നുമുള്ള മണൽ അരിച്ചാണ് ഇവർ സ്വർണം ശേഖരിക്കാൻ ശ്രമിക്കുന്നത്. ചിലർ നദിയിൽ കുഴിയെടുത്ത് സ്വർണം തിരയുന്നുണ്ട്. നിരവധി പേരാണ് ദിനം പ്രതി സ്വർണം അരിക്കാൻ നദിയിലേക്ക് എത്തുന്നത്.
ഇതെല്ലാം നദിയുടെ ഒഴുക്കിനെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ആളുകൾ നദിയിൽ കുഴിയെടുക്കുന്നതിനെ തുടർന്ന് ഏതാനും നാളുകളായി നദി കലങ്ങിയാണ് ഒഴുകുന്നത്. ഇത് തുടർന്നാൽ വലിയ പ്രത്യാഘാതം ആയിരിക്കും ഉണ്ടാകുക എന്നാണ് പരിസ്ഥിതി പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.
തുടർച്ചയായുള്ള മണ്ണെടുപ്പ് നദിയുടെ തീരങ്ങളിലെ മണ്ണ് ഇടിച്ചിലിന് കാരണം ആയിട്ടുണ്ട്. ഇത് നദിയിലെ ആവാസവ്യവസ്ഥയെ ബാധിക്കും. ചിലർ ഇവിടേയ്ക്ക് മെർക്കുറി എത്തിച്ച് സാങ്കേതികമായി സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് നദിയിൽ ജീവിക്കുന്ന ജീവജാലങ്ങളെ പൂർണമായും നശിപ്പിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പഞ്ചാബ് പ്രവിശ്യയിലെ ധാതുഖനി മന്ത്രി ഇബ്രാഹിം ഹസൻ മുറാദ് ആണ് സിന്ധു നദിയിൽ സ്വർണശേഖരം കണ്ടെത്തിയ വിവരം വെളിപ്പെടുത്തിയത്.
Discussion about this post