ബെയ്ജിംഗ്: വ്യാജ ഉത്പന്നങ്ങൾ ധാരാളമായി വിപണിയിൽ വിറ്റഴിക്കുന്നതിൽ ഒന്നാം സ്ഥാനമാണ് ചൈനയ്ക്ക് ഉള്ളത്. ഇതിന്റെ പേരിൽ വലിയ വിമർശനവും പഴിയും ചൈന കേൾക്കാറുണ്ട്. ഇത് മാത്രമല്ല കൃത്രിമമായി പലതും സൃഷ്ടിച്ച് ലോകത്തെ ചൈന കബളിപ്പിക്കാറുമുണ്ട്. യുൻതായ് വെള്ളച്ചാട്ടം ഇതിന് ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം എന്ന പേരിലായിരുന്നു യുൻതായ് വെള്ളച്ചാട്ടത്തെ ചൈന ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്. എന്നാൽ ഉടനെ തന്നെ ചൈനയുടെ പൂച്ച് പുറത്തുചാടി. പൈപ്പുകൾവച്ച് ചൈന കൃത്രിമമായി നിർമ്മിച്ചതാണ് യുൻതായ് വെള്ളച്ചാട്ടം എന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.
എന്നാൽ ഇത് ആളുകൾ ക്ഷമിച്ചു. ഇപ്പോഴിതാ സർവ്വ പരിധിയും ലംഘിച്ചിരിക്കുകയാണ് ചൈന. വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ സഞ്ചാരികളെ ആയിരുന്നു ചൈന ഇക്കുറി കബളിപ്പിച്ചത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
സ്‌നോ വില്ലേജ് എന്ന പേരിൽ ചെങ്ക്ടുവിൽ ചൈനയിലെ ഒരു സ്വകാര്യ കമ്പനി ടൂറിസ്റ്റ് കേന്ദ്രം നിർമ്മിച്ചിരുന്നു. എന്നാൽ ഇവിടെ പഞ്ഞിയും സോപ്പിന്റെ പതയും കൊണ്ട് മഞ്ഞിന് സമാനമായ ദൃശ്യഭംഗി ഉണ്ടാക്കുകയായിരുന്നു. പിന്നീട് ഇതിന്റെ ചിത്രങ്ങൾ സഹിതം ഇവർ പ്രചാരണം നടത്തി. ഇത് കണ്ട് നിരവധി വിനോദ സഞ്ചാരികൾ ആണ് സ്‌നോ വില്ലേജിലെ മഞ്ഞ് ആസ്വദിക്കാൻ എത്തിയത്. എന്നാൽ ഇവിടെയെത്തിയ ഇവർ ഞെട്ടി.
മഞ്ഞിന് പകരം സോപ്പും, പഞ്ഞിയും ആണ് ഇവർ കണ്ടത്. ഇതോടെ തിരികെ പോകുകയും സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർത്തുകയും ആയിരുന്നു. പിന്നാലെ കമ്പനി മാപ്പ് പറഞ്ഞ് എത്തി.
കാലാവസ്ഥ മാറിയതുകൊണ്ടാണ് സ്‌നോ വില്ലേജിൽ മഞ്ഞ് ഇല്ലാതിരുന്നത് എന്നാണ് കമ്പനി നൽകുന്ന വിശദീകരണം. ഇതേ തുടർന്നാണ് ഈ വിദ്യ പ്രയോഗിക്കാൻ കമ്പനി നിർബന്ധിതമായത്. സംഭവത്തിൽ മാപ്പ് പറയുന്നു. ടൂറിസ്റ്റുകളുടെ പ്രതിഷേധത്തെ തുടർന്ന് സ്‌നോ വില്ലേജ് അടച്ച് പൂട്ടിയെന്നും കമ്പനി വ്യക്തമാക്കി.
Discussion about this post