കോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ 95 പേരാണ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. വൃത്തിയില്ലാത്ത ഭക്ഷണം, വെള്ളം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസാണ് ആളുകളിൽ വ്യാപിക്കുന്നത് എന്നാണ് വിവരം.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ മാത്രം എണ്ണമാണ് ഇത്. ഇതിന് പുറമേ സ്വകാര്യ ആശുപത്രിയിലും ക്ലിനിക്കുകളിലും ചികിത്സ തേടി എത്തിയവരും ധാരാളമാണ്. ഈ എണ്ണം കൂടി പരിഗണിച്ചാൽ ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഇതിലും വർദ്ധിക്കും.
ദിനം പ്രതി 10 ലധികം പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നുണ്ടെന്നാണ് വിവരം. ക്ലിനിക്കുകളിലും നിരവധി പേർ പ്രതിദിനം എത്തി ചികിത്സ തേടുന്നുണ്ട്. വേനൽകാലം ആയതോടെയാണ് രോഗവ്യാപനം ആരംഭിച്ചത്.
കനത്ത ചൂടിനെ തുടർന്ന് ജില്ലയിലെ പലഭാഗങ്ങളിലും വെള്ളത്തിന് ക്ഷാമം നേരിടുന്നുണ്ട്. ശുദ്ധജല ലഭ്യതയും കുറവാണ്. കടകളിലും മറ്റും ജ്യൂസുകളുടെ നിർമ്മാണത്തിനായി ശുദ്ധമല്ലാത്ത വെള്ളമാണ് ഉപയോഗിക്കുന്നത്. ഹോട്ടലുകളിലും സ്ഥിതി സമാനമാണ്. ഹോട്ടലുകളിൽ ഭക്ഷണം ഉണ്ടാക്കുന്നതും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ചാണ്. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതും രോഗവ്യാപനത്തിന് കാരണം ആകുന്നു. വെള്ളത്തിന് ക്ഷാമം നേരിട്ടതോടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ള ടാങ്കറുകളെ ആണ് ആശ്രയിക്കുന്നത്. ടാങ്കറുകൾ ശേഖരിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും കുറവാണ്.
അതേസമയം രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും കാര്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് വിവരം. കുടിവെള്ള സ്രോതസ്സുകൾ ശുചിയാക്കാൻ ആവശ്യമായ ഇടപടെലുകൾ ഉണ്ടാകുന്നില്ല. ഇതിൽ ജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പും ഉയരുന്നുണ്ട്.
Discussion about this post