കീവ് ; സൗദി സന്ദർശനം നീട്ടി വച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി . യുഎസ് റഷ്യൻ അധികൃതർ സൗദി അറേബ്യയിൽ നടത്തുന്ന ചർച്ചകൾക്ക് നിയമസാധുത നൽകുന്നത് ഒഴിവാക്കാനാണ് സന്ദർശനം മാറ്റിവച്ചത് എന്നാണ് യുക്രെയൻ അധികൃതർ പറയുന്നത്.
സെലൻസ്‌കി ഇന്ന് സൗദി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുണ്ടായത്. എന്നാൽ അത് മാർച്ച് 10 വരെ മാറ്റിവച്ചുവെന്ന് യുക്രെയൻ അധികൃതർ അറിയിച്ചു. അതേസമയം യുഎസിന്റെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാർ അടക്കമുള്ള ഉന്നതതല സംഘം സൗദിയിൽ നടത്തുന്ന ചർച്ചകളിലേക്ക് യുക്രെയ്‌നെ ക്ഷണിച്ചില്ലെന്ന് സെലൻസ്‌കി പറഞ്ഞു. തങ്ങളെ അറിയിക്കാതെ ആരും ഒന്നും തീരുമാനിക്കേണ്ടതില്ലെന്നും , യുക്രെയനിലെ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് യുക്രെയ്‌നെ കൂട്ടാതെ തീരുമാനിക്കാനാകില്ലെന്നും സെലെൻസ്‌കി പറഞ്ഞു.
സമാധാനം കൈവരിക്കുന്നതിന്, സുരക്ഷാ ഗ്യാരണ്ടി ചർച്ചകളിൽ അമേരിക്ക, യുക്രെയ്ൻ, യൂറോപ്പ് എന്നിവയുടെ പങ്കാളിത്തം ആവശ്യമാണെന്ന് സെലെൻസ്‌കി കൂട്ടിച്ചേർത്തു. യുഎസ് ഇപ്പോൾ പുടിന് അനുകൂലമായ കാര്യങ്ങൾ പറയുന്നു … കാരണം അവർ അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നു. അവർ വേഗത്തിൽ കൂടിക്കാഴ്ച നടത്താനും വേഗത്തിൽ വിജയം നേടാനും ആഗ്രഹിക്കുന്നു എന്നും സെലൻസ്‌കി ചൂണ്ടിക്കാട്ടി.
ജനുവരി 20 ന് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപ് യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയത്.
Discussion about this post