വയനാട്: സംസ്ഥാന സർക്കാരിനെതിരെ ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമരസമിതി സമരത്തിലേക്ക്. ചൂരൽമല – മുണ്ടക്കെ ഉരുൾപൊട്ടലിൽ ഗുണഭോക്താക്കളുടെ പൂർണലിസ്റ്റ് പുറത്തുവിടാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സമരം. ദുരന്തം നടന്ന് ഏഴ് മാസമായിട്ടും ഇപ്പോഴും പൂർണലിസ്റ്റ് പുറത്ത് വിട്ടിട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കുന്നു.
ജനകീയ സമിതിയും പഞ്ചായത്തും ചേർന്ന് സർക്കാരിന് ലിസ്റ്റ് സമർപ്പിച്ചിരുന്നതാണെന്നും ഇത് പരിശോധിച്ച് ശേഷം അംഗീകരിച്ചാൽ മാത്രം മതിയാകുമെന്നാണ് വ്യക്തമാക്കിയിരുന്നെന്നും സമതി ചെയർമാൻ മനോജ് ജെ എം ജെ വ്യക്തമാക്കി. ദുരന്തം നടന്നിട്ട് ഏഴ് മാസത്തോളമായി. പൂർണമായുള്ള ഗുണഭോക്താക്കളുടെ പട്ടിക ഇതുവരെയും സർക്കാരിന് പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ നിരവധി പേർക്ക് ഇതിൽ ആശങ്കയുണ്ട്. തങ്ങൾക്ക് വീട് കിട്ടുമോ എന്ന ആശങ്കയിലാണ് പല ദുരന്തബാധിതരുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടമായി ഏകദിന ഉപവാസമാണ് ഉദ്ദേശിക്കുന്നത്. അതിനപ്പുറത്തേക്കുള്ള സമരപരിപാടികൾ വേണ്ടി വന്നാൽ ആസൂത്രണം ചെയ്യുമെന്നും മനോജ് ജെഎംജെ കൂട്ടിച്ചേർത്തു. കളക്ടറേറ്റിനു മുന്നിൽ തിങ്കളാഴ്ചയായിരിക്കും ദുരന്തബാധിതരുടെ ഉപവാസം നടത്തുക.
നെടുമ്പാല എസ്റ്റേറ്റിലേതുപോലെ എൽസ്റ്റൺ എസ്റ്റേറ്റിലും 10 സെന്റ് ഭൂമിയിൽ വീട് നിർമ്മിക്കണമെന്ന ജനകീയ സമിതിയുടെ ഈ ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും ജനകീയ സമരസമിതി ആരോപിക്കുന്നു. രണ്ട് എസ്റ്റേറ്റുകളും ഒന്നിച്ച് ഏറ്റെടുത്ത് പുനരധിവാസം വേഗത്തിൽ ആക്കണം. രണ്ട് ഘട്ടമായി ഏറ്റെടുക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ജനകീയ സമര സമിതി പറയുന്നു.
Discussion about this post