കോടനാട്: മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ശ്വസ്‌ക്കുന്നത് മുറിവിലൂടെയാണെന്ന് ഡോക്ടർമാരുടെ സംഘം. ഇപ്പോഴും ക്ഷീണിതനാണ്. തുമ്പികൈയിലേക്കും മുറിവ് വ്യാപിച്ചിട്ടുണ്ട്. അണുബാധാ സാധ്യതയും തള്ളികളയാനായിട്ടില്ല. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അഭയാരണ്യത്തിൽ രണ്ട് മാസത്തെ ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മയക്കം വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല. രാവിലെ ഭക്ഷണം എടുത്തുതുടങ്ങിയിട്ടുണ്ട്. തുമ്പികൈ ഉപയോഗിച്ച് വെള്ളം എടുക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. വായിലേക്ക് ഹോസിട്ട് വെള്ളം കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മുറിവിലേക്ക് ആനയിപ്പോഴും മണ്ണെടുത്ത് പൊത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മുറിവ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടത് പരിഗണിച്ച് മുഴുവൻ സമയവും നിരീക്ഷണത്തിന് ബന്ധപ്പെട്ടവർ പ്രദേശത്തുതന്നെയുണ്ട്. കൃത്യമായ പരിചരണത്തലൂടെ ആന സാധരണനിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
അതിരപ്പളളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ഇന്നലെയാണ് മയക്കുവെടിവച്ചത്. മയക്കുവെടി വച്ചതിന് ശേഷം, കോടനാട് ആനപരിചരണ കേന്ദ്രത്തിലേക്കാണ് ആനയെ കൊണ്ടുപോയത്. കൊണ്ടുപോവുമ്പോൾ ആന അവശനായിരുന്നു. ശരീരം മെലിഞ്ഞു കാലുകൾക്കു നീർക്കെട്ടുണ്ടായിരുന്നു. ആനയുടെ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാമെന്നായിരുന്നു പ്രഥമികനിഗമനം. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് കാട്ടാനയെ വിധേയമാക്കുകയും മയക്കുവെടിവെച്ച് ചികിത്സിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷം മസ്തകത്തിൽ പുഴുവരിക്കുന്ന നിലയിൽ വീണ്ടും കാട്ടാനയെ അതിരപ്പിള്ളി വനമേഖലയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post