കോട്ടയം : മൂന്നരലക്ഷത്തിലധികം വിലയുള്ള കെ ടി എം ബൈക്കുമായി കടന്ന് കളഞ്ഞ് കള്ളൻ. ഹാൻഡിൽ ലോക്ക് ചവിട്ടി പൊട്ടിച്ചാണ് കള്ളൻ ബൈക്കുമായി മുങ്ങിയത്. കോട്ടയത്താണ് സംഭവം.
ചൊവാഴ്ച പുലർച്ചെ 12 മണിക്കാണ് കള്ളൻ കോട്ടയം മെഡിക്കൽസെന്റർ ഹോസ്പിറ്റൽ പരിസരത്ത് നിന്ന് ബൈക്കുമായി കടന്നുകളഞ്ഞത്. കണ്ണൂർ സ്വദേശിയായ അനുസ്യൂത് സത്യന്റെ KL13 AD 1960 നമ്പർ കെ.ടി.എം ആർ.സി 390 ബൈക്കാണ് മോഷണം പോയത്.
ഹെൽമെറ്റ് വെച്ച് ബൈക്കിനടുത്ത് എത്തിയ കള്ളൻ ചുറ്റുപാടും നിരീക്ഷിക്കുന്നു. ബൈക്കിന്റെ ഹാൻഡിൽ ലോക്കാണ് എന്ന് മനസ്സിലാക്കിയ കള്ളൻ ഹാൻഡിലിൽ ആഞ്ഞ് ചവിട്ടി. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെ ചവിട്ടിൽ ഹാൻഡിൽ ലോക്ക് പൊട്ടി. ശേഷം ബൈക്കിൽ കയറിയിരുന്ന് ഉരുട്ടികൊണ്ട് പോവുകയായിരുന്നു,
ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവിൻറെ മോഷണ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷണത്തിനു മുൻപ് കള്ളൻ പരിസരം നിരീക്ഷിക്കുന്നതും ബൈക്കുമായി കടന്നുകളയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. വാഹന ഉടമയുടെ പരാതിയിൽ കേസെടുത്ത ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post