പാലക്കാട് ചിറ്റൂർ റേഞ്ചിലെ രണ്ട് കള്ള് ഷാപ്പുകളിൽ നിന്നുള്ള കള്ളിന്റെ സാമ്പിളുകളിൽ കഫ് സിറപ്പിന്റെ സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. എക്സൈസ് വകുപ്പ് ശേഖരിച്ച സാംപിളിന്റെ രാസപരിശോധന ഫലത്തിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട്. ഈ കഴിഞ്ഞ ഒക്ടോബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ ഒമ്പതിലെ വണ്ണാമട (നമ്പർ 36), കുറ്റിപ്പള്ളം(59) ഷാപ്പുകളിൽ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ഫലം ലഭിച്ചത്.
ഇത് ആദ്യമായാണ് കള്ളിൽ ചുമയ്ക്കുള്ള മരുന്നിന്റെ അംശം കണ്ടെത്തുന്നത്. സാധാരണ കള്ളിൽ സ്പരിരിറ്റ്, സ്റ്റാർച്ച് സാക്രിൻ,സോപ്പ് ലായനി ഷാംപൂ എന്നിവയൊക്കെയായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാലീ കഫ് സിറപ്പ് എന്തിന് കള്ളിൽ ചേർത്തുവെന്നത് ദുരൂഹമാണ്. സാധാരണ കഫ് സിറപ്പ് കഴിച്ചാൽ തന്നെ ഉറക്കവും മയക്കവും പതിവാണ്. കൂടുതൽ അകത്തുചെന്നാൽ ഫലം രൂക്ഷമാവുകയും ചെയ്തു. എന്നാൽ കള്ളിൽ ചേർക്കുമ്പോൾ എന്തു സംഭവിക്കുമെന്നതിനെ കുറിച്ച് അധികൃതർക്ക് പോലും പറയാൻ കഴിയുന്നില്ല.
ആരോഗ്യത്തിന് ഹാനികരമാവുന്ന വസ്തുവെന്നാണ് എക്സൈസ് വകുപ്പും വിലയിരുന്നത്. ഇതിന്റെ മുഴുവൻ റിപ്പോർട്ടും എക്സൈസ് കമ്മീഷണർക്ക് നൽകിയതായാണ് വിവരം. അബ്കാരി നിയമം അനുസരിച്ച് റിപ്പോർട്ട് പ്രതികൂലമായാൽ ലൈസൻസ് റദ്ദ് ചെയ്ത് ഷാപ്പുകൾ അടച്ചുപൂട്ടണമെന്നാണ് വ്യവസ്ഥ. എന്നാൽ പരിശോധനാ ഫലം പുറത്ത് വന്ന് ഒരാഴ്ചയായിട്ടും ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രാസപരിശോധനാഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണങ്ങളുണ്ട്.
Discussion about this post