നന്ദികേടേ നിന്റെ പര്യായമോ ബംഗ്ലാദേശ് ; ഇന്ത്യയെ തള്ളി പാഠപുസ്തകങ്ങളിലും പച്ചനുണ കലർത്തുമ്പോൾ

Published by
Brave India Desk

നന്ദികേടേ നിന്റെ പര്യായമോ ബംഗ്ലാദേശ്. ചരിത്രത്തിന് നേരെ കണ്ണടച്ച്, അതിനെ വളച്ചൊടിച്ച് ആരെയൊക്കയോ തൃപ്തിപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ബംഗ്ലാദേശ് ഇന്ന്. തന്റെ സൃഷ്ടിക്ക് തന്നെ എക്കാലവും ഊണിലും ഉറക്കത്തിലും കടപ്പെടേണ്ട ഇന്ത്യാമഹാരാജ്യത്തോടാണ് ഈ ശീതസമരം. ഒരു കാലത്ത് തങ്ങളെ രണ്ടാംകിടപൗരന്മാരായി കണ്ട് ദ്രോഹിച്ച്, ഊറ്റി, പാവപ്പെട്ട ജനങ്ങളെ കൊന്നുതള്ളിയ പാകിസ്താന്റെയും, ഇഞ്ചിഞ്ചായി നീരാളിപ്പിടുത്തത്തിലമർത്തുന്ന ചൈനയുടെയും കുത്തിത്തിരിപ്പിലാണ് ,സ്വന്തം പൗരന്മാരെ രക്തസാക്ഷികളാക്കി സ്വാതന്ത്ര്യം നേടിക്കൊടുത്ത ഭാരതത്തെ മറക്കുന്നത്.

അതിന്റെ ഭാഗമായാണ് പതിയെ,പതിയ ബംഗ്ലാദേശ് പെട്ടെന്നൊരുദിവസം പൊട്ടിമുളച്ച, മഹാരാജ്യമാണ് തങ്ങളെന്ന രീതിയിൽ കാര്യങ്ങൾ നീക്കുന്നത്. ഭാരതാംബയ്ക്ക്, തന്റെ 3843 മക്കളുടെ ജീവൻ നൽകി നേടിക്കൊടുത്ത, ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിൽ പങ്കില്ലെന്ന തരത്തിലേക്ക് ചരിത്രത്തെ മാറ്റിയെഴുതുന്നത്. രാജ്യത്തെ നാഷണൽ കരിക്കുലം ആൻഡ് ടെക്സ്റ്റ്ബുക്ക് ബോർഡ് ഇപ്പോഴിതാ അടുത്ത അദ്ധ്യയനവർഷത്തിലേക്കുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ബംഗ്ലാദേശിന്റെ പിറവിയുടെ ചരിത്രം പുതിയൊരു രീതിയിൽ കുട്ടികളുടെ മനസിൽ കുത്തിവയ്ക്കാനാണ് ശ്രമം. ബംഗ്ലാദേശിന്റെ വിമോചന സമരത്തിൽ രാഷ്ട്രപിതാവായിരുന്ന ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ പങ്കിനെ പുതിയ സിലബസിൽ വെട്ടിക്കുറിച്ചിരിക്കുന്നു. ഇതിനുപുറമെ, ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യയുടെ പങ്കിൻ്റെ പ്രധാന്യം കുറയ്ക്കുകയും ചെയ്തു.  ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മുജീബുർ റഹ്‌മാന്റെയും രണ്ട് ചരിത്ര ഫോട്ടോകൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തു. രണ്ട് ചിത്രങ്ങളും 1972 ലേതാണ്. അതേ വർഷം ഫെബ്രുവരി 6 ന് കൽക്കട്ടയിൽ നടന്ന ഒരു റാലിയിൽ ഇന്ദിരയും മുജിബും സംയുക്ത പ്രസംഗം നടത്തി. ആ ചിത്രം പുതിയ പാഠപുസ്തകത്തിലില്ല. ഇതിനുപുറമെ, 1972 മാർച്ച് 17 ന് ധാക്കയിൽ ഇന്ദിരയെ സ്വാഗതം ചെയ്യുന്ന മുജീബിന്റെ ഫോട്ടോയും നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല ”ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യം ഇന്ത്യയാണ്” എന്ന വരിയും നീക്കം ചെയ്തു.

മുജീബിന്റെ പൈതൃകമായും ഇന്ത്യയുടെ അടിച്ചേൽപ്പിക്കലായും അവാമി ലീഗിന്റെ വിമർശകർ കാണുന്ന ദേശീയ പതാകയും ദേശീയ ഗാനവും പാഠപുസ്തകങ്ങളുടെ മുൻ പേജുകളിൽ നിന്ന് പിന്നിലേക്ക് മാറ്റി. പാഠപുസ്തകങ്ങളിൽ ദേശീയ പതാകയും ഗാനവും ആവശ്യമില്ലെന്ന് പുസ്തകങ്ങൾ പരിഷ്‌കരിച്ചവർക്ക് തോന്നി. കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുന്ന ചിത്രങ്ങൾ മുൻ കവറുകളിൽ ഉണ്ടായിരിക്കണമെന്ന് അവർ കരുതി, അതുകൊണ്ടാണ് രണ്ടും പിന്നിലേക്ക് മാറ്റിയത്. അവ പൂർണ്ണമായും നീക്കം ചെയ്യണമോ എന്ന് ഞങ്ങൾ പിന്നീട് തീരുമാനിക്കുമെന്നാണ് പാഠപുസ്തക പരിഷ്‌ക്കർത്താക്കൾ പറയുന്നത്. നേരത്തെ മുജീബുർ റഹ്‌മാൻ രാഷ്ട്രപിതാവാണെന്ന വിശേഷണം പാഠപുസ്തകങ്ങളിൽ നിന്ന് എടുത്തുമാറ്റി, ബംഗ്ലാദേശ് 1971 ൽ സിയാവുർ റഹ്‌മാനാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്ന് തിരുത്തിയിരുന്നു.അന്ന്,അതിശയോക്തി നിറഞ്ഞ,അടിച്ചേൽപ്പിക്കപ്പെട്ട ചരിത്രത്തിൽ നിന്ന് പാഠപുസ്തകങ്ങളെ സ്വതന്ത്രമാക്കാനാണ് ശ്രമിച്ചതെന്ന് പാഠപുസ്തക പരിഷ്‌കരണത്തിൽ സഹകരിച്ച ഗവേഷകൻ റാഖൽ റാഹ വ്യക്തമാക്കിയത്. പാകിസ്താൻ പട്ടാളം അറസ്റ്റു ചെയ്ത ഷെയ്ഖ് മുജീബുർ റഹ്‌മാൻ കമ്പിയില്ലാക്കമ്പി വഴി സ്വാതന്ത്ര്യ പ്രഖ്യാപന സന്ദേശമയച്ചു എന്നത് വസ്തുതാധിഷ്ഠിത വിവരമല്ലെന്ന് കണ്ടെത്തിയതിനാലാണ് നീക്കിയതെന്നും ഇയാൾ ന്യായീകരിച്ചിരുന്നു. മാർച്ച് 26 ന് സിയാവുർ റഹ്‌മാനാണ് ആദ്യം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതെന്നും മാർച്ച് 27 ന് മുജീബുർ റഹ്‌മാന് വേണ്ടി സിയാവുർ റഹ്‌മാൻ മറ്റൊരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി നടത്തിയെന്നും പാഠപുസ്തകങ്ങളിൽ പറയുന്നു.

ഈ കഴിഞ്ഞ ബംഗ്ലാദേശ് സ്വാതന്ത്ര്യ ദിനത്തിൽ, ‘ ഈ വിജയത്തിൽ ഇന്ത്യ ഒരു സഖ്യകക്ഷിയായിരുന്നു, അതിൽ കൂടുതലൊന്നുമില്ലെന്ന് ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസിന്റെ ഉപദേശകൻ പരസ്യമായി പറഞ്ഞിരുന്നു. ഇത് ബംഗ്ലാദേശിന്റെ വിമോചന യുദ്ധമാണ്. പാകിസ്താനിൽ നിന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് യുദ്ധം നടന്നത്. എന്നാൽ ഇത് ഇന്ത്യയുടെ യുദ്ധവും നേട്ടവുമാണെന്ന് മോദി അവകാശപ്പെട്ടു. അങ്ങനെ ചെയ്യുന്നതിലൂടെ അവർ ബംഗ്ലാദേശിന്റെ അസ്തിത്വത്തെ പൂർണ്ണമായും അവഗണിച്ചു, ഈ സ്വാതന്ത്ര്യം തങ്ങളുടെ വിജയമാണെന്ന് ഇന്ത്യ അവകാശപ്പെടുമ്പോൾ, ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയായാണ് ഞാൻ അതിനെ കാണുന്നതെന്നായിരുന്നു വിജയ് ദിവസിൽ ധീരരക്തസാക്ഷികളെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവന. സംഭവം ചർച്ചയായെങ്കിലും ഉപദേശകനെ തിരുത്താനോ ക്ഷമാപണം നടത്താനോ തയ്യാറാകാതെ ഇതാണ് ഞങ്ങളുടേയും അഭിപ്രായം എന്ന കണക്കെ ബംഗ്ലാദേശ് മൗനം പാലിക്കുകയായിരുന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷമാണ്, ബംഗ്ലാദേശിന് ഇന്ത്യ ആരുമല്ലാതായി തുടങ്ങിയത്, കെെ അയച്ച് നൽകിയ സഹായങ്ങൾ വെള്ളത്തിൽ വരച്ച വരപോലെ ആയതും. ബീഗം ഖാലിദാസിയയുടെ ബിഎൻപിയും ജമാ അത്തെ ഇസ്ലാമിയുമൊക്കെ ഇതിന് വളംവയ്ക്കുന്നുണ്ട്.  അരക്ഷിതാവസ്ഥയെന്ന മറയിൽ ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾക്ക്  നേരെയും കണ്ണടയ്ക്കുകയാണ് ഭരണകൂടം. സമ്പത്തിലും അധികാരത്തിലും മാത്രം കണ്ണുവച്ച് രണ്ടാംകിടപൗരന്മാരായി മാത്രം തങ്ങളെ കണ്ട് ദുരിതം വിതച്ചിരുന്ന  ചരിത്രമാണ് പാകിസ്താൻ്റേത്. എന്നാലീ  പാക് ഭരണകൂടത്തോട് കൂട്ടുകൂടാനും ബംഗ്ലാദേശിന് ഇപ്പോൾ മടിയില്ല. 15 ലക്ഷത്തോളം സാധാരണക്കാരെ പാകിസ്താൻ കൊന്നൊടുക്കിയ ചോരപുരണ്ട ചരിത്രം മറന്നാണ് ഇന്ത്യയ്ക്കിട്ട് പാരവയ്ക്കാനും വിലകുറച്ചുകാണാനുമുള്ള ഈ ശ്രമം. ഇന്ത്യക്കെതിരെ ബംഗ്ലാദേശിൻ്റെ പുതിയ ഭരണകൂടം നടത്തുന്ന ഗൂഢാലോചനകൾ നമ്മുടെ രാജ്യവും ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. ഏത് തരത്തിലുള്ള ബന്ധമാണ് വേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കൂയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ശക്തമായ ഭാഷയിൽ വ്യക്തമാക്കിയിരുന്നു. ദീർഘനാളായുള്ള സൗഹൃദം, സംഘർഷഭരിതമാകുമ്പോൾ അത്ര നല്ല നാളെകളല്ല ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്.

Share
Leave a Comment

Recent News