ഏഷ്യാനെറ്റ് ന്യൂസിൻ്റെ കുംഭമേള അവലോകന പരിപാടിയ്ക്കെതിരെ പ്രതിഷേധമറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയുമായി കെയുഡബ്ല്യുജെ രംഗത്തെത്തുകയും ചെയ്തു.രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാദ്ധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീമെന്നാണ് കേരള പത്രപ്രവർത്തക യൂണിയൻ പ്രതികരിച്ചത് . കേരളത്തിലെ മാദ്ധ്യമപ്രവർത്തകരെല്ലാം അമേരിക്കൻ ഫണ്ട് കൈപ്പറ്റുന്നവർ ആണെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻറെ പ്രസ്താവന അപവാദ രാഷ്ട്രീയത്തിൻറെ പുതിയ ഉദാഹരണമാണ്. മാദ്ധ്യമപ്രവർത്തകരെ താറടിച്ചുകാണിക്കാനുള്ള ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നാണ് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
എന്നാൽ അഛൻ പത്തായത്തിൽ ഒളിച്ചിരിപ്പില്ലെന്ന് പറയാൻ പറഞ്ഞു എന്ന പരിഹാസമാണ് ഇതിനെതിരെ കെ. സുരേന്ദ്രൻറെ പ്രതികരണം. ഏഷ്യാനെറ്റിൽ വാർത്താ അവലോകന പരിപാടിയിൽ വളരെ പരിഹാസ്യമായാണ് കുംഭമേളയിൽ പങ്കെടുത്ത മലയാളികെക്കുറിച്ച് അവതാരക സിന്ധുസൂര്യകുമാർ പരാമർശിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്.
സമൂഹമാദ്ധ്യമങ്ങളിലെ പ്രതിഷേധം ശക്തമാകുന്നതിനിടെ കെ.സുരേന്ദ്രനും വിഷയത്തിൽ പ്രതികരണം അറിയിച്ചിരുന്നു. ഡോണൾഡ് ട്രംപ് പറഞ്ഞ ഫണ്ടിംഗും സോറോസ് ഫണ്ടിംഗും ഈ മല്ലു മലയാള മാധ്യമങ്ങൾക്കെല്ലാം കിട്ടുന്നുണ്ട്. ഹജ്ജിന് മെക്കയിൽ പോകുന്ന ഹാജിമാരുടെ എണ്ണത്തിൽ ഒരു കണക്കടുപ്പുമില്ല. കുംഭമേളയ്ക്ക് സ്നാനത്തിനുപോയവരുടെ എണ്ണത്തിലാ വേവലാതി. ഒന്നാംതരം അർബൻ നക്സലുകൾ. കൂട്ടിന് ജിഹാദി വെള്ളിക്കാശും എന്നായിരുന്നു കഴിഞ്ഞ ദിവസം കെ. സുരേന്ദ്രൻ പ്രതികരിച്ചത്.
തൊട്ടുപിന്നാലെ ചാനൽ മേധാവി രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ മറുപടിയുമായി എത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഏഷ്യാനെറ്റ് മലയാളം ചാനലിൻറെ ചുമതലപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.
എന്നാൽ വിഷയം അവിടെയൊന്നും അവസാനിച്ചില്ല. കെ.സുരേന്ദ്രൻറെ പ്രതികരണത്തിന് മറുപടിയുമായി കെയുഡബ്ല്യുജെ കൂടി രംഗത്തെത്തിയത് ഏഷ്യാനെറ്റിൻറെ കുംഭമേള അവഹേളനത്തെ വേറൊരു ദിശയിലേക്ക് കൊണ്ടുപോകാനാണെന്ന് സമൂഹമാദ്ധ്യമങ്ങളിലും പ്രതികരണം വരുന്നുണ്ട്.
കെയുഡബ്ല്യുജെ
രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാദ്ധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. കേരളത്തിലെ മാദ്ധ്യമപ്രവർത്തകരെല്ലാം അമേരിക്കൻ ഫണ്ട് കൈപ്പറ്റുന്നവർ ആണെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻറെ പ്രസ്താവന അപവാദ രാഷ്ട്രീയത്തിൻറെ പുതിയ ഉദാഹരണമാണ്. മാദ്ധ്യമപ്രവർത്തകരെ താറടിച്ചുകാണിക്കാനുള്ള ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞ ഫണ്ട് ആരാണ് കൈപറ്റിയതെന്ന് ട്രംപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് മാദ്ധ്യമങ്ങളെ പഴി ചാരാൻ ശ്രമിക്കേണ്ട.
പഠനയാത്രകൾക്കും പരിപാടികൾക്കുമായി ഫണ്ടുകൾ കൈപ്പറ്റുന്നവർ എല്ലാ വിഭാഗങ്ങളിലുമുണ്ട്. അതിനെയെല്ലാം രാജ്യത്തെ അട്ടിമറിക്കാനുള്ള ഫണ്ടായി ചിത്രീകരിച്ചാൽ സ്വന്തം പക്ഷത്തും ക്ഷതമേറ്റേക്കാം എന്ന് സുരേന്ദ്രൻ ഓർക്കുന്നത് നന്നായിരിക്കും. ആർജവം ഉണ്ടെങ്കിൽ, കുഴപ്പം പിടിച്ച ഫണ്ട് ആരെങ്കിലും കൈപ്പറ്റുന്നതായി അറിയുമെങ്കിൽ ആ പേരുകൾ സുരേന്ദ്രൻ വെളിപ്പെടുത്തട്ടെ. അല്ലാതെ കഥകൾ കെട്ടിച്ചമച്ചു മാദ്ധ്യമപ്രവർത്തകരെ സൈബർ ലേകത്ത് കൊലയ്ക്ക് കൊടുക്കാനുളള ശ്രമം ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
Discussion about this post