“ഇന്നത്തെ പ്രധാന മയക്കുമരുന്ന് വാർത്തകൾ ”
എന്ന ഒരു പേജ് തന്നെ മലയാള പത്രങ്ങൾക്കും, ഒരു മണിക്കൂർ പ്രോഗ്രാം ചാനലുകൾക്കും, ഒരു മണിക്കൂർ പത്രസമ്മേളനം ആഭ്യന്തരമന്ത്രിക്കും നടത്താൻ തക്ക രീതിയിലുള്ള കേസുകളാണ് കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തുടർച്ചയായി ഉണ്ടായ മനസാക്ഷി മരവിപ്പിക്കുന്ന കൊലപാതകങ്ങളും അത് ജനങ്ങളിൽ സൃഷ്ടിച്ച അരക്ഷിതത്വബോധവും മുഖം രക്ഷിക്കുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിൽ കേസുകൾ പിടിക്കണമെന്നുള്ളത് സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷണത്തിന്റെ കാര്യമാണ്. എന്നാൽ ഒന്ന് ആറി തണുത്ത് അടുത്ത വാർത്ത വരെ ഈ ശുഷ്കാന്തി നീണ്ടുനിൽക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
താൽക്കാലികമായ ഒരു ആശ്വാസം ജനങ്ങൾക്ക് തോന്നിപ്പിക്കാൻ അല്ലാതെ ഈ സാമൂഹിക സാമ്പത്തിക വിപത്തിൽ നിന്ന് കേരള സമൂഹത്തെ രക്ഷിക്കാൻ പര്യാപ്തമായ ഒരു പ്രവർത്തനവും നടക്കാനേ പോവുന്നില്ല എന്നതാണ് എൻറെ അനുമാനം.
മയക്കുമരുന്ന് കാർട്ടലുകളുടെ പ്രവർത്തന രീതികളും ഉദ്ദേശലക്ഷ്യങ്ങളും നമുക്ക് ചുറ്റുമുള്ള സമീപകാല ചരിത്രത്തിലേക്ക് നോക്കി നമുക്ക് പഠിക്കാനുണ്ട്.
മയക്കുമരുന്ന് കർട്ടലുകൾ ആസൂത്രിതമായി യുവാക്കളെയും വിദ്യാർത്ഥികളെയും ടാർഗറ്റ് ചെയ്തു അവരുടെ ഭാവി തകർത്തു വരും തലമുറയെ അടിമപ്പെടുത്തി തദ്ദേശീയ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ഈ കർട്ടലുകൾക്ക് നിയന്ത്രണമുള്ള പാരലൽ എക്കണോമി സൃഷ്ടിക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്.
കർട്ടലുകൾ നമ്മുടെ സമൂഹത്തെ പിടികൂടുന്നതിന്റെ ചില ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്
1 .സമൂഹത്തിൽ കുറ്റകൃത്യങ്ങളും അക്രമവും അപ്രത്രീക്ഷിതമായി വർദ്ധിക്കുന്നു.
2.കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കവർച്ച, പീഡനം എന്നിവ വൻതോതിൽ അരങ്ങേറുന്നു.
3. യുവാക്കളിലെയും കുട്ടികളിലെയും അക്രമവാസന ഗണ്യമായി ഉയരുന്നു
മെക്സിക്കോ, കൊളംബിയ പോലുള്ള രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ ഇക്കൂട്ടരുടെ അക്രമത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
യുവത്വം ഇരകളാകുന്നതിനാൽ തൊഴിൽരംഗം തകർന്നടയുന്നു – പ്രോഡക്ടീവായ ക്രിയേറ്റീവ് യുവത്വമാണ് കർട്ടലുകളുടെ ഇരയായി അലസരായും അനാരോഗ്യമുള്ളവരുമായിമാറുന്നത്.
ആധുനിക കാലത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസിസ്റ്റങ്ങൾ കെട്ടിപ്പടുക്കാൻ നമ്മൾ ഒരു വശത്തു ശ്രമിക്കുമ്പോൾ മറുവശത്ത് അതിൽ പങ്കാളികളാവേണ്ട യുവാക്കളെ നിഷ്ക്കരുണം ആക്രമിക്കുകയാണ് ഈ കാർട്ടലുകൾ ചെയ്യുന്നത്.
കാർട്ടലുകൾ എങ്ങനെയാണ് നമ്മുടെ സിസ്റ്റത്തിനുള്ളിൽ എത്ര സ്വൈര്യമായി നുഴഞ്ഞുകയറുന്നത് എന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്.
ആദ്യപടിയായി ഉന്നത നിലയിലുള്ള പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും ആണ് കർട്ടലുകൾ തങ്ങളുടെ വരുതിയിലാക്കുന്നത്. തുടർന്ന് യുവാക്കളെ സ്വാധീനിക്കാൻ ശേഷിയുള്ള സെലിബ്രിറ്റികളയും. മയക്കു മരുന്നിന് സമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്ന രീതിയിലുള്ള നറേറ്റീവുകളുള്ള ലിബറൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് അടുത്തതായി ഇവർ ചെയ്യുന്നത്.
ചേർത്തു വായിക്കുമ്പോൾ ഒരുപക്ഷേ കിസ്സ് ഓഫ് ലവ് എന്ന ഇവന്റിനുശേഷം കേരളത്തിൻറെ അന്തരീക്ഷത്തിൽ രാഷ്ട്രീയ സിനിമ സാംസ്കാരിക വാർത്ത മേഖലകളിൽ നടന്ന വ്യതിയാനത്തിന് പിന്നിൽ ഈ കാർട്ടലുകൾക്ക് വലിയ പങ്കുണ്ട് എന്നാണ് എൻറെ സംശയം. അതിന് നേതൃത്വം നൽകിയവർ പിൽക്കാലത്ത് എവിടെയെത്തി എന്ത് ചെയ്യുന്നു എന്ന് നോക്കിയാൽ നമുക്ക് സംശയം തോന്നാതിരിക്കില്ല. രാഷ്ട്രീയക്കാരുടെ മക്കളും സിനിമാതാരങ്ങളും മയക്കുമരുന്ന് കേസുകളിൽ പിടിയിലായതും ഇതേ കേരളത്തിൽ തന്നെയാണ് .
കോളേജുകളിലും സ്‌കൂളുകളിലും മയക്കുമരുന്ന് കർട്ടലുകൾ തങ്ങളുടെ നെറ്റ്വർക്കുകൾ വ്യാപിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ സൗജന്യമായി മയക്കുമരുന്ന് നൽകി ലഹരിയിൽ അടിമപെടുത്തുന്നു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ലളിതമായി ഉപയോഗിക്കുന്നു.
പണത്തിനായി യുവാക്കളെ കൊലപാതകങ്ങളിലും നമ്പർ ടു ജോലികളിൽ പ്രയോജനപ്പെടുത്തുന്നു.
കാർട്ടലുകളുടെ ശക്തി കേന്ദ്രമായ മെക്സിക്കോ പോലുള്ള രാജ്യങ്ങളിൽ പോലീസുകാർ തന്നെ കർട്ടലുകളുടെ നിയന്ത്രണത്തിലാണ്.
കർട്ടലുകൾ പിടിമുക്കി കഴിഞ്ഞാൽ ക്രമസമാധാനം തകർന്ന് സമൂഹത്തെ പറ്റി നെഗറ്റീവ് വാർത്തകൾ ലോകമെങ്ങും പടരും. അത് സമ്പദ് വ്യവസ്ഥയെ വളരെ ഗുരുതരമായി ബാധിക്കും. സമ്പദ് വ്യവസ്ഥ തകർന്നു കഴിഞ്ഞാൽ കൂടുതൽ ചെറുപ്പക്കാർ വരുമാനത്തിനായി കാർട്ടലുകളുടെ കെണിയിലേക്ക് വീണ്ടും വീണ്ടും വീണുകൊണ്ടിരിക്കും. സേഫ്റ്റി ഇൻഡക്സിൽ പ്രദേശം താഴെ പോകുന്നതോടുകൂടി അവിടെക്കുള്ള വിനോദസഞ്ചാരം വിദേശനിക്ഷേപം തുടങ്ങിയവ വളരെ പെട്ടെന്ന് ഇല്ലാതാവും.
ഇത്തരം ആവർത്തനങ്ങൾ വെനസ്വേല, മെക്സിക്കോ, കൊളംബിയ പോലുള്ള രാജ്യങ്ങളെ ഇപ്പോഴും പ്രതിസന്ധിയിൽ തുടരാൻ നിർബന്ധിക്കുകകയാണ്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവസാനത്തെ വാർത്ത സമ്മേളനത്തിലും മെക്സിക്കൻ അതിർത്തി മതിൽ കെട്ടിത്തിരിക്കുന്നതിന്റെ അടിയന്തര ആവശ്യമായി അദ്ദേഹം പറയുന്നത് അവിടെനിന്നുള്ള ഡ്രഗ് കാർട്ടലുകളുടെയും ക്രിമിനലുകളുടെയും ആൻറി സോഷ്യലുകളുടെയും നുഴഞ്ഞുകയറ്റം തടയുന്നതിനും അമേരിക്കൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് എന്നാണ് .
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം വാർത്തകളിൽ വരുന്നത് മെത്തഫിറ്റമിൻ എന്ന രാസലഹരിയാണ് . ഇന്നും ബാംഗ്ലൂരിൽ നിന്നും അതിൻറെ ഒരു ഡിസ്ട്രിബ്യൂട്ടറിയോ മറ്റോ പോലീസ് പിടിച്ചിട്ടുണ്ട്. എന്നാൽ മെത്തഫിറ്റ്മെൻ ഉറവിടം എവിടാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മ്യാൻമാർ:
ഒളിഞ്ഞുനില്ക്കുന്ന മയക്കുമരുന്ന് സാമ്രാജ്യം
മ്യാൻമർ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് ഉൽപ്പാദന കേന്ദ്രമാണ്, പ്രത്യേകിച്ച് MDMA ഉൽപ്പാദനം ഏറെയാണ്. സൈനിക അഴിമതിയും തീവ്രവാദ ഗ്രൂപ്പുകളുടെ നിയന്ത്രണവും മൂലം മയക്കുമരുന്ന് കച്ചവടം രാജ്യത്തിന്റെ പ്രധാന വരുമാനമാരുന്നു. കമ്പോഡിയ, തായ്‌ലൻഡ്, ചൈന, ഇന്ത്യ എന്നിവിടങ്ങളിലേക്ക് വൻതോതിൽ ഹെറോയിൻ, മെത്ത് എന്നിവ കടത്തുന്നു.
എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയും വലിയ കുത്തൊഴുക്ക് എന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?
റിമിറ്റൻസ് ളകോണമിയിലൂടെ നിലനിൽക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥ നാട്ടിലെ യുവജനങ്ങളുടെ കൈയിൽ വട്ടച്ചിലവിനായി ധാരാളം പണം നൽകുന്നതുകൊണ്ടാണ് ആ പണത്തിനെ തേടി കാർട്ടലുകൾ ഇവിടേക്ക് പിടിമുറുക്കിയിരിക്കുന്നത്. മാത്രമല്ല കാർട്ടലുകൾക്ക് പിന്തുണ നൽകുന്ന ഒരു ലിബറിൽ രാഷ്ട്രീയ സിനിമ അന്തരീക്ഷം കൂടി കേരളത്തിൽ ഉണ്ടാക്കിയെടുക്കാൻ വളരെ വേഗം അവർക്ക് സാധിച്ചു.
ഈ കാർട്ടലുകൾ നമ്മുടെയൊക്കെ കണക്ക് കൂട്ടലിനേക്കാളും സങ്കല്പങ്ങളെക്കാളും ശക്തരാണ്.
ഒരു കരമടച്ച രസീത് കൊണ്ട് ജാമ്യം കിട്ടുന്ന നാട്ടിൽ നിങ്ങൾ എത്ര ബോധവൽക്കരണം നടത്തിയിട്ടും അവരെ ഒന്നും ചെയ്യാനാവില്ല.
ആധുനിക കാലത്ത് വികസിത രാജ്യം എന്ന സ്വപ്നത്തിലേക്ക് കുതിച്ച സിംഗപ്പൂർ എന്ന കൊച്ചു രാജ്യം നേരിട്ടത് രണ്ട് പ്രധാന പ്രതിസന്ധികളെയാണ് . അതിലൊന്ന് കമ്മ്യൂണിസം എന്ന ഐഡിയോളജിക്കൽ വൈറസും രണ്ട് അതിന്റെ ഉപോൽന്നമായ മയക്കുമരുന്ന് മാഫിയയും. എന്നാൽ ധീരനായ LKY ഉരുക്കു മുഷ്ടി ഉപയോഗിച്ച് ഇവ രണ്ടിനെയും അടിച്ചമർത്തിയാണ് സിംഗപ്പൂരിനെ വികസിത രാജ്യമാക്കി മാറ്റിയത്.
കേരളത്തിന് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ ആവുമെങ്കിൽ അത് പിണറായി വിജയനെ കൊണ്ടും മാത്രം സാധിക്കുന്ന ഒന്നായാണ് ഞാൻ വിലയിരുത്തുന്നത്. കമ്മ്യൂണിസം രക്ത പതാകയിലും അണികളുടെ ആവേശത്തിലും മാത്രം നിലനിർത്തി പുരോഗമനപരമായ ക്യാപിറ്റലിസം പിന്തുടരാൻ അദ്ദേഹം തയ്യാറായി എന്നതാണ് ഏറ്റവും ആവേശം നൽകുന്ന കാര്യം.
ക്യാപിറ്റലിസ്റ്റ്
കേരളത്തിന് ഏതെങ്കിലും ഒരു രാജ്യത്തെ അക്കാര്യത്തിൽ മാതൃകയാക്കണമെങ്കിൽ അത് സിംഗപ്പൂർ മാത്രമാണ് എന്നാണ് എൻറെ അഭിപ്രായം. ലോകത്ത് മയക്കുമരുന്നിനെതിരെ ഒരു ജനാധിപത്യ സംവിധാനത്തിനുള്ളിൽ നിന്ന് ഇത്രയേറെ വിജയിച്ച മറ്റൊരു രാജ്യവുമില്ല.
മയക്കുമരുന്ന് കാർട്ടലുകൾക്ക് റിസ്ക് റിവാർഡ് വളരെ കൂടുതലായതിനാൽ സിംഗപ്പൂർ 1971ൽ പ്രത്യേകം നിയമനിർമ്മാണം നടത്തുകയും മയക്കുമരുന്നിനെ അതീവ ഗൗരവമുള്ള കുറ്റകൃത്യമായി നിർണയിക്കുകയും ചെയ്തു.
വെറും 500ഗ്രാം കഞ്ചാവ് കൈവശം വച്ചു പിടിക്കപ്പെട്ടാൽ അതിഭീകരമായ ചാട്ടവാർ അടികളും തുടർന്ന് വധശിക്ഷയുമാണ് സിംഗപ്പൂർ നിയമം അനുശാസിക്കുന്നത്. കേരളത്തിൽ 900 ഗ്രാം കഞ്ചാവിന് കോടതി ജാമ്യം കിട്ടുന്ന നിയമമാണുള്ളത് എന്നോർക്കണം.
മനുഷ്യാവകാശ സംഘടനകൾ സിംഗപ്പൂരിൽ വർഷാവർഷങ്ങളിൽ പ്രതിഷേധങ്ങൾ നടത്തിയിട്ടും ഇന്നും സിംഗപ്പൂർ അവർക്ക് വഴങ്ങിയിട്ടില്ല. മയക്കുമരുന്ന് വിൽക്കുന്ന ഒരുവന്റെ ജീവനെത്തെക്കാൾ തങ്ങൾ മാനിക്കുന്നത് മയക്കുമരുന്ന് ഇഞ്ചിഞ്ചായി കൊല്ലുന്ന നൂറുകണക്കിന് നിസ്സഹായരെയാണ് എന്നായിരുന്നു സിംഗപൂർ സർക്കാരിൻറെ നിലപാട്. അന്നും ഇന്നും അണുവിട മാറ്റമില്ലാതെ അവരതുകൊണ്ടു നടക്കുന്നു. 1971 മുതൽ 2024 വരെയുള്ള കാലഘട്ടങ്ങളിൽ നൂറുകണക്കിന് കുറ്റവാളികളെ അവർ തൂക്കിലേറ്റി. 2020ൽ കോവിഡ് കാലഘട്ടത്തിൽ മാത്രമാണ് അവിടെ വധശിക്ഷ താൽക്കാലികമായി നിർത്തിവച്ചത്’. പ്രതിവർഷം ശരാശരി 13 പേരെയാണ് അവർ വധശിക്ഷയ്ക്ക് വിധേയരാക്കുന്നത്. അതിൽ 11 മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവരാണ്. അവരിൽ കൂടുതലും നൈജീരിയ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും .അവിടുത്തെ സർവ്വേകൾ സൂചിപ്പിക്കുന്നത് ഇപ്പോഴും 65% പേരും മയക്കുമരുന്ന് കേസുകൾക്ക് ഇത്ര കഠിന ശിക്ഷ വേണമെന്ന് തന്നെ അഭിപ്രായ സമന്വയം ഉള്ളവരാണ് എന്നാണ് .
സിംഗപ്പൂർ പൗരന് അന്യരാജ്യത്തു പോലും മയക്കുമരുന്ന് ഉപയോഗം ശിക്ഷാർഹമാണ്. ഉദാഹരണത്തിന് ഒരു സിംഗപ്പൂർ പൗരൻ തായ്‌ലന്റിലോ ആംസ്റ്റർ ഡാമിലോ പോയി മയക്കുമരുന്ന് ഉപയോഗിച്ച ശേഷം തിരിച്ചുവരികയാണെങ്കിൽ എയർപോർട്ട് എമിഗ്രേഷൻ കൗണ്ടറിലെ റാൻഡം സാമ്പിൾ യൂറിൻ ടെസ്റ്റിൽ പിടിക്കപ്പെട്ടാൽ ചാട്ടവാറടിയും ആറുമാസം ജയിലും ഇരുപതിനായിരം ഡോളർ പിഴയും അടക്കേണ്ടി വരും. അത്ര കർശനമാണ് അവിടുത്തെ നിയമങ്ങൾ.
അതുകൊണ്ടുള്ള പ്രയോജനം എന്തെന്നാൽ
സമാധാനപരമായ ഏറ്റവും സുരക്ഷിതമായ ആദ്യത്തെ അഞ്ചു രാജ്യങ്ങളിൽ ഒന്നായി സിംഗപ്പൂർ ഇപ്പോഴും തുടരുന്നു. തൊഴിൽക്ഷമതയും സാമ്പത്തിക വളർച്ചയും വർഷാവർഷം വളർന്ന സിംഗപ്പൂർ അഭിവൃദ്ധിയിൽ നിന്നും അഭിവൃദ്ധിയിലേക്ക് കുതിച്ചു കൊണ്ടേയിരിക്കുന്നു.
നമ്മുടെ നാട്ടിലെ ഒരു മന്ത്രി ആഹ്വാനം ചെയ്തപോലെ നമ്മൾ വീട്ടിൽ പാത്രം കൊട്ടിയിട്ടോ വൈകിട്ട് വിളക്ക് കൊളുത്തിയോ നമുക്ക് ഈ കാർട്ടലുകളെ ഒന്നും ചെയ്യാനാവില്ല. അഴിമതിരഹിതമായ ഒരു പോലീസ് സംവിധാനവും വളരെ കർശനമായ നിയമനിർമാണവും – കണിശമായ അതിർത്തി സംരക്ഷണവും വഴി മാത്രമേ നമുക്ക് ഈ വലിയ വിപത്തിൽ നിന്ന് രക്ഷപ്പെടാനാവൂ.
തൊട്ടതിനും പിടിച്ചതിനും റിവർ ഫോർ റൂം പദ്ധതികളൊക്കെ പഠിക്കുന്നതിനായി ലോകമെമ്പാടും ദേശാടനം നടത്തുന്ന മന്ത്രിമാരും കുടുംബാംഗങ്ങളും ഈ വിഷയത്തിൽ ഒരുവട്ടം സിംഗപ്പൂർ സന്ദർശനം നടത്തി അവിടുത്തെ ജയിലുകളും പോലീസ് സംവിധാനവും, കോടതി രീതികളും നിയമങ്ങളും ഒന്ന് പഠിച്ചു മനസ്സിലാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയും കൂടി ഈ അവസരത്തിൽ ഞാൻ ചെയ്യുകയാണ്.
മെക്സിക്കോ, കൊളംബിയ, വെനസ്വേല, അഫ്ഗാനിസ്ഥാൻ, മ്യാൻമാർ പോലുള്ള രാജ്യങ്ങൾ കാർട്ടലുകളുടെ പിടിയിൽ തകർന്നടിഞ്ഞത് നമ്മളുടെ കൺമുന്നിൽ ഉണ്ട്.
സിംഗപ്പൂർ ഈ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടതും നമ്മുടെ മുന്നിലുണ്ട്.
ഒരു വികസിത രാജ്യമെന്ന സ്വപ്നത്തിലേക്ക് പ്രയത്നിക്കുന്ന നമ്മൾ ഈ നിർണ്ണായക ഘട്ടത്തിൽ കണിശമായ തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ മേൽപ്പറഞ്ഞ രാജ്യങ്ങളുടെ ഗതിയിലേക്ക് നമ്മൾ വഴുതിവീഴും.
നമ്മുടെ യുവത്വത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്!
മയക്കുമരുന്ന് ഒരു വ്യത്യസ്തമായ യുദ്ധമാണ് – അതിനെ നേരിടാൻ ശക്തമായ തീരുമാനം ആവശ്യമുണ്ട്!
തീരുമാനം നമ്മുടെയാണ്
Discussion about this post