കാസർകോട് : കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചത് എന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. കാണാതായ ദിവസം തന്നെ പെൺകുട്ടി മരിച്ചുവെന്ന് പോലീസ് കോടതിയിൽ മറുപടി പറഞ്ഞു.
സ്ത്രീകളെയോ കുട്ടികളെയോ കാണാതായാൽ പോലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കണം. പിന്നെ എന്തുകൊണ്ടാണ് ഇത്ര വൈകി അന്വേഷണം ആരംഭിച്ചത്? . പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്ത് ബുദ്ധിമുട്ടാണ് ഉള്ളത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തിയത് എന്നാണ്. പെൺകുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞട്ടായിരുന്നില്ലേ. എന്തുകൊണ്ടാണ് പോലീസ് ഡോഗിന്റെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചോദിച്ചു.
പെൺകുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയെന്നാണ് പോലീസ് ഇതിനെല്ലാം മറുപടി നൽകിയത്. ഇതോടെ 15 വയസ്സുള്ള പെൺകുട്ടിയെ അല്ലേ കാണാതായതെന്ന് ചോദിച്ച കോടതി, പോക്‌സോ കേസ് ആയി വേഗത്തിലുള്ള അന്വേഷണം അല്ലേ വേണ്ടിയിരുന്നത്. പ്രായപൂർത്തിയായ സ്ത്രീ എന്ന നിലയിലാണ് പോലീസിന്റെ അന്വേഷണം നടന്നതെന്നും കോടതി വിമർശിച്ചു. പെൺകുട്ടി എന്ന നിലയിലായിരുന്നു അന്വേഷണം നടത്തേണ്ടിയിരുന്നത്. മൊഴികളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി പരിശോധിക്കട്ടെ എന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് 1:45 ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തയത്. പെൺകുട്ടിയെയും യുവാവിനെയും കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരെയും കാണാതായി 26 ദിവസത്തിന് ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പൈവളിഗ മണ്ടെക്കാപ്പ് ഗ്രൗണ്ടിന് സമീപത്തെ തോട്ടത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്ത് തന്നെയാണ് തോട്ടം. ഇവരുടെ ഫോണുകളും മൃതദേഹത്തിനടുത്ത് നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഒരു കത്തിയും ചോക്ലേറ്റ് കണ്ടെടുത്തു. കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തിലുമുള്ളത്. 52 അംഗ പോലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
Discussion about this post