കണ്ണൂർ; സ്‌കാനിങ് റിപ്പോർട്ടിലെ പിഴവും ഗൈനക്കോളജിസ്റ്റിന്റെ അശ്രദ്ധയും കാരണം കുഞ്ഞ് ഗർഭാവസ്ഥയിൽ തന്നെ മരണപ്പെട്ടതായി യുവതിയുടെ പരാതി. കണ്ണൂരിലാണ് സംഭവം. യുവതി,ഡിഎംഒയ്ക്ക് പരാതി നൽകി. കുട്ടിയുടെ കരൾ, ആമാശയം, കുടൽ എന്നിവ നെഞ്ചിലാണെന്നും ഹൃദയം വലതുഭാഗത്താണെന്നും എട്ടാം മാസം മാത്രമാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അറിയിച്ചതെന്നാണ് പരാതി. സ്‌കാൻ റിപ്പോർട്ടുകൾ പൂർണമല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നെന്നാണ് യുവതി പറയുന്നത്
ആദ്യത്തെ സ്‌കാൻ റിപ്പോർട്ടുകൾ പൂർണമല്ലെന്നും കുട്ടിയെ വേണ്ടെന്നുവയ്ക്കുകയോ മറ്റെവിടെയെങ്കിലും ചികിത്സിക്കുകയോ ചെയ്യാമെന്നും ഡോക്ടർ പറഞ്ഞതായും പരാതിയിൽ ആരോപിക്കുന്നു. സ്‌കാൻ റിപ്പോർട്ട് കൃത്യമായിരുന്നെങ്കിൽ അഞ്ചാം മാസത്തിൽതന്നെ കുട്ടിയുടെ ആരോഗ്യസ്ഥിതി അറിയാമായിരുന്നെന്നും ചിലപ്പോൾ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും പിന്നീട് ചികിത്സതേടിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതായി യുവതി പറയുന്നു.
എട്ടുമാസമായതിനാൽ നിയമപ്രകാരം അബോർഷൻ സാധ്യമല്ലെന്നും കുഞ്ഞ് പുറത്തെത്തിയാൽ എട്ടോളം ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. അതിനു 10 ലക്ഷം രൂപയോളം ചെലവാകുമെന്നും പറഞ്ഞു.ശസ്ത്രക്രിയകൾക്കുള്ള സൗകര്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇല്ലാത്തതിനാൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു പോയി. ജനുവരി 5ന് ഗർഭസ്ഥ ശിശു മരിച്ചു. നോർമൽ ഡെലിവറിക്കായി നാലുദിവസം പിന്നെയും കാക്കേണ്ടിവന്നു. അത് അണുബാധയുൾപ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് യുവതി പറയുന്നു.
Discussion about this post