എറണാകുളം: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിൽ ക്യാമ്പസിലെ മൂന്നാംവർഷ വിദ്യാർത്ഥിയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. നേരത്തെ പിടിയിലായവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം.
കൊല്ലം സ്വദേശിയാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി. കേസിലെ പ്രധാന പ്രതി മൂന്നാം വർഷ വിദ്യാർത്ഥി ആണെന്നാണ് പോലീസിന്റെ നിഗമനം. അറസ്റ്റിലായ ആഷിഖും ഷാലിക്കും കഞ്ചാവ് എത്തിച്ചത് മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയ്ക്ക് വേണ്ടിയാണെന്ന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഈ വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ നിന്നും കഞ്ചാവിനായി പണം നൽകിയതിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ക്യാമ്പസിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ വിദ്യാർത്ഥി ഒളിവിലാണ്. വിദ്യാർത്ഥിയ്ക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്.
അതേസമയം അറസ്റ്റിലായ ഷാലിക്കിന്റെ എസ്എഫ്‌ഐ ബന്ധം നിഷേധിച്ച് എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി. എം ആർഷോ രംഗത്ത് എത്തി. ഷാലിക്കിന് എസ്എഫ്‌ഐ ബന്ധം ഇല്ലെന്നും കെഎസ്‌യു പ്രവർത്തകൻ ആണെന്നുമാണ് ആർഷോ പറയുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു ആർഷോ ഇക്കാര്യം പങ്കുവച്ചത്. ഷാലിക്ക് കെഎസ്‌യു അംഗത്വം വിതരണം ചെയ്യുന്നതിന്റെ ചിത്രവും ആർഷോ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
Discussion about this post