ന്യൂയോർക്ക്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ അബു ഖദീജയെ (അബ്ദുല്ല മക്കി മുസ്ലിഹ് അൽ-റുഫായി ) വധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് വ്യക്തമാക്കിയത്. അബു ഖജീജയുടെ ദയനീയ ജീവിതം അവസാനിപ്പിച്ചിരിക്കുന്നുവെന്ന് ആയിരുന്നു ട്രംപിന്റെ പരാമർശം.
സോഷ്യൽ മീഡിയയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്രംപ് രംഗത്തെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടുംകുറ്റവാളി ഇന്ന് കൊല്ലപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ധീരരായ യുദ്ധപോരാളികൾ അയാളെ നിരന്തരം വേട്ടയാടിയിരുന്നു. അവസാനം ദയനീയമായ അയാളുടെ ജീവിതവും ഒപ്പം ഇസ്ലാമിക് സ്റ്റേറ്റിന്റെ മറ്റൊരു അംഗത്തിന്റെ ജീവനും ഇസ്രായേൽ സർക്കാരിന്റെയും ഖുർദിഷ് പ്രദേശിക സർക്കാരിന്റെയും സഹകരണത്തോടെ ഞങ്ങൾ എടുത്തിട്ടുണ്ട്. ‘ ശക്തിയിലൂടെ സമാധാനം’- എന്നായിരുന്നു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു അമേരിക്ക വിലക്കേർപ്പെടുത്തിയ അബു ഖദീജയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇറാഖ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇറാഖ്- അമേരിക്ക സൈനിക സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ ആയിരുന്നു അബു ഖദീജയെ വധിച്ചത്. ഭീകരൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഈ വിവരം സോഷ്യൽ മീഡിയയിലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഇറാഖിലെയും ലോകത്തെയും ഏറ്റവും അപകടകാരിയായി കണക്കാക്കിയിരുന്ന ഭീകരൻ ആണ് അബു ഖദീജയെന്ന് ഇറാഖ് പ്രധാനമന്ത്രി
മുഹമ്മദ് ഷിയ അൽ സുഡാനി പറഞ്ഞു. ഇറാഖിനെ, ഇറാഖിലെ ജനങ്ങളെ, സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളെയും സുരക്ഷസ്ഥാപനത്തിൽ നേടിയ നിർണായക വിജയത്തിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗവർണർ പദവിയിൽ ഇരിക്കുന്ന ഭീകരനാണ് അബു ഖദീജ. വിദേശരാജ്യങ്ങളിൽ നിരവധി ഭീകരാക്രമണങ്ങൾ ഇയാളുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. 2023 ൽ ആയിരുന്നു അബു ഖദീജയ്ക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയത്.
Discussion about this post